കേജ്‌രിവാളിനെ ആക്രമിച്ചു

Wednesday 19 October 2011 1:10 am IST

ന്യൂദല്‍ഹി: അണ്ണാ ഹസാരെ സംഘത്തിലെ പ്രമുഖനും വിവരാവകാശ പ്രവര്‍ത്തകനുമായ അരവിന്ദ്‌ കേജ്‌രിവാളിനെതിരെ ആക്രമണം. ലക്നൗവില്‍ ഒരു യോഗത്തില്‍ പ്രസംഗിക്കാന്‍ വേദിയിലേക്ക്‌ നീങ്ങുന്നതിനിടെ കേജ്‌രിവാളിനെതിരെ ഒരാള്‍ ഷൂ വലിച്ചെറിയുകയായിരുന്നു. കേജ്‌രിവാളിനെ പിന്നില്‍നിന്ന്‌ അടിക്കാനും അക്രമി ശ്രമിച്ചു.സംഭവം നടന്നയുടന്‍ സംഘാടകര്‍ അക്രമിയെ കീഴ്പ്പെടുത്തി സമ്മേളനത്തില്‍നിന്ന്‌ പുറത്തേക്ക്‌ വലിച്ചഴച്ചു കൊണ്ടുവന്നു. ഇയാളെ അപ്പോള്‍തന്നെ പോലീസിന്‌ കൈമാറി. ജലാവ്‌ ജില്ലയില്‍നിന്നുള്ള ജിതേന്ദ്ര പഥക്‌ എന്നയാളാണ്‌ അക്രമിയെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. അണ്ണാ ഹസാരെ സംഘത്തിലെ അഡ്വ. പ്രശാന്ത്‌ ഭൂഷണ്‍ കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ സ്വന്തം ഓഫീസില്‍വെച്ച്‌ ആക്രമിക്കപ്പെട്ടിരുന്നു. ഇതിന്‌ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന്‌ കേജ്‌രിവാള്‍ ആരോപിച്ചിരുന്നു. കേജ്‌രിവാളിനുനേരെയുണ്ടായ ആക്രമണത്തെ ഹസാരെ സംഘം അപലപിച്ചു. സംഭവത്തെക്കുറിച്ച്‌ ശരിയായ അന്വേഷണം നടത്തണമെന്ന്‌ ഹസാരെ സംഘത്തിലെ മുന്‍ ഐപിഎസ്‌ ഉദ്യോഗസ്ഥ കിരണ്‍ ബേദി ആവശ്യപ്പെട്ടു. പൗരസ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമെതിരായ ആക്രമണമാണിതെന്ന്‌ ബേദി അഭിപ്രായപ്പെട്ടു. സംഭവത്തെ ബിജെപി വക്താവ്‌ ഷാനവാസ്‌ ഹുസൈന്‍ അപലപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.