ശബരിമലയില്‍ ദര്‍ശന സമയം വര്‍ദ്ധിപ്പിക്കും

Wednesday 19 October 2011 1:32 am IST

ശബരിമല : വൃശ്ചികം ഒന്നുമുതല്‍ തീര്‍ത്ഥാടനക്കാലത്ത്‌ ശബരിമല ക്ഷേത്രത്തിലെ ദര്‍ശന സമയം വര്‍ദ്ധിപ്പിക്കുമെന്ന്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ അഡ്വ.എം.രാജഗോപാലന്‍നായര്‍ പറഞ്ഞു. സന്നിധാനത്ത്‌ മേല്‍ശാന്തി നറുക്കെടുപ്പിന്‌ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുലര്‍ച്ചെ 3 ന്‌ ശബരിമല നട തുറക്കും. ഉച്ചയ്ക്ക്‌ 1 ന്‌ നട അടയ്ക്കും. തുടര്‍ന്ന്‌ 2.30ന്‌ വീണ്ടും തുറക്കുന്ന നട രാത്രി 11.45 ഓടെ അടയ്ക്കുകയുള്ളൂ. അതായത്‌ ദിവസം പത്തൊന്‍പതേകാല്‍ മണിക്കൂര്‍ നടതുറന്ന്‌ ഭഗവദ്‌ ദര്‍ശനത്തിന്‌ ഭക്തര്‍ക്ക്‌ അവസരമുണ്ടാകും. നിലവില്‍ തീര്‍ത്ഥാടനത്തിരക്കുണ്ടാകുമ്പോള്‍ നടതുറന്നിരിക്കുന്ന സമയത്തേക്കാള്‍ മൂന്നരമണിക്കൂര്‍ കൂടുതല്‍ ദര്‍ശന സൗകര്യം ഭക്തര്‍ക്ക്‌ ലഭിക്കും. ശബരിമലയിലെ ദര്‍ശന സമയം വര്‍ദ്ധിപ്പിക്കുന്നതിന്‌ തന്ത്രിയുടെ അനുമതി ബോര്‍ഡിന്‌ ലഭിച്ചിട്ടുണ്ടെന്നും പ്രസിഡന്റ്‌ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പില്‍ഗ്രിം റിലീഫ്‌ ഫണ്ട്‌ ആരംഭിച്ചിട്ടുണ്ടെന്നും സന്നിധാനത്ത്‌ അന്നദാനമടക്കമുള്ള സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സംഘടനകള്‍ ഇതിലേക്ക്‌ സംഭാവന നല്‍കണമെന്നും ബോര്‍ഡ്‌ നിര്‍ദ്ദേശിക്കുന്നു. അയ്യപ്പഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡ്‌ ഏര്‍പ്പെടുത്തിയിട്ടുള്ള അപകട ഇന്‍ഷ്വറന്‍സ്‌ പരിരക്ഷയുടെ പരിധി വണ്ടിപ്പെരിയാര്‍ മേഖലയിലൂടെ വ്യാപിപ്പിക്കും. നിലവില്‍ എരുമേലി മുതല്‍ സന്നിധാനം വരെയാണ്‌ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷയുള്ളത്‌. സന്നിധാനത്ത്‌ വഴിപാട്‌ പ്രസാദങ്ങളായ അപ്പം, അരവണയുടെ നിര്‍മ്മാണം 27ന്‌ ആരംഭിക്കും. തീര്‍ത്ഥാടനക്കാലം ആരംഭിക്കുന്നതിന്‌ മുമ്പ്‌ കാല്‍കോടി കണ്ടെയ്നര്‍ അരവണ സംഭരിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. സന്നിധാനത്തും പമ്പയിലും അയ്യപ്പന്മാര്‍ക്ക്‌ വിശ്രമിക്കാന്‍ തുറസ്സായ സ്ഥലം സജ്ജീകരിക്കും.സന്നിധാനത്തും പരിസരത്തുമായി ആറേക്കര്‍ സ്ഥലം തുറസ്സാക്കിയെടുക്കും. ഇതിനായി നിലവിലുള്ള ചില ഡോണര്‍ ഹൗസുകളും കോട്ടേജുകളും വിരി ഷെഡ്ഡുകളും പൊളിച്ചുമാറ്റും. വലിയ നടപ്പന്തലിന്‌ സമീപത്തുള്ള കൊപ്രാകളവും വെടിവഴിപാട്‌ നടത്തുന്ന സ്ഥലവും ഒഴിപ്പിച്ചെടുത്ത്‌ അയ്യപ്പന്മാര്‍ക്ക്‌ വിശ്രമിക്കാന്‍ സൗകര്യമൊരുക്കും. സന്നിധാനത്തിന്‍്‌ ചുറ്റുമുള്ള കളിപ്പാട്ടങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിവ വില്‍പ്പന നടത്തുന്ന കടകളുടെ ലേലം അവസാനിപ്പിച്ചു. സന്നിധാനത്ത്‌ പൂജാ സാധനങ്ങള്‍ ലഭിക്കുന്ന ഒരു കടമാത്രമേ പ്രവര്‍ത്തിപ്പിക്കൂ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കുന്നവര്‍ക്ക്‌ മാത്രമേ ഇനി ശബരിമലയില്‍ അന്നദാനത്തിന്‌ അനുവാദം നല്‍കൂ.ദേവസ്വം ബോര്‍ഡ്‌ നിശ്ചയിച്ചിരിക്കുന്ന അപേക്ഷാഫോമില്‍ അപേക്ഷ നല്‍കുന്നവര്‍ക്ക്‌ യോഗ്യതയും ആവശ്യകതയും നോക്കി ബോര്‍ഡ്‌ നിശ്ചയിക്കുന്ന സ്ഥലത്ത്‌ അന്നദാനത്തിന്‌ അനുവാദം നല്‍കും. ഗുണനിലവാരവും ശുചീകരണ സൗകര്യവും ബോര്‍ഡ്‌ ഉറപ്പുവരുത്തും. അന്നദാനം നടത്തുന്നവര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ അഗ്നിശമന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. അന്നദാനം നടത്തുന്ന സ്ഥലവും പരിസരവും സ്വന്തം ചെലവില്‍ ശുചീകരിക്കാന്‍ അന്നദാനം നടത്തുന്നവര്‍ ബാധ്യസ്ഥരാണ്‌. മുന്‍കാലങ്ങളില്‍ നിയന്ത്രണങ്ങളില്ലാതെ ഇഷ്ടമുള്ള സ്ഥലത്ത്‌ ചെറുതുംവലുതുമായ സംഘങ്ങള്‍ അന്നദാനങ്ങള്‍ നടത്തിയിരുന്നു. ഇതുപലപ്പോഴും ഗുരുതരമായ മാലിന്യ പ്രശ്നങ്ങള്‍ ഉളവാക്കുന്നുണ്ട്‌. ഇത്‌ പരിഹരിക്കാനാണ്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ്‌ മെമ്പര്‍മാരായ കെ.സിസിലി, കെ.വി.പത്മനാഭന്‍, കമ്മീഷണര്‍ എന്‍.വാസു, എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ ജോളി ഉല്ലാസ്‌ എന്നിവരുമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.