ദേശീയ സദ്ഭരണ ദിനാചരണം നാളെ

Tuesday 23 December 2014 10:25 pm IST

ന്യൂദല്‍ഹി: മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ 90-ാം ജന്മദിനമായ നാളെ കേന്ദ്രസര്‍ക്കാര്‍ ദേശീയ സദ്ഭരണ ദിനമായി ആഘോഷിക്കും. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, മറ്റുജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. എല്ലാ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളും സദ്ഭരണ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരും എംപിമാരും പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനും ശുചീകരണ പരിപാടികള്‍ നടത്താനും പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ എംപിമാരും സ്വന്തം മണ്ഡലത്തില്‍ രണ്ടുമണിക്കൂര്‍ നീളുന്ന സ്വച്ഛ് ഭാരത് പരിപാടി നടത്തും. പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകളും ഇ-ഗവേണന്‍സ് ക്യാമ്പുകളും ഡിജിറ്റല്‍ സാക്ഷരതാ പരിപാടികളും നടത്തണമെന്നും പിഎംഒ വിവിധ മന്ത്രാലയങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. വാജ്‌പേയി നടപ്പാക്കിയ പ്രധാനമന്ത്രി ഗ്രാം സഡക് യോജനയുടെ പതിനഞ്ചാം വാര്‍ഷികാഘോഷങ്ങള്‍  ഡിസംബര്‍ 25ന് ഗ്രാമീണ വികസന മന്ത്രാലയം സംഘടിപ്പിച്ചിട്ടുണ്ട്. അക്കാലത്തു നിര്‍മ്മിച്ച് ഇപ്പോഴും നിലനില്‍ക്കുന്ന മികച്ച ഗ്രാമീണ റോഡുകളുടെ ഫോട്ടോ സഹിതമുള്ള ബുക്കുകള്‍ മന്ത്രാലയം പുറത്തിറക്കി. സംഘടിത-അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്കുവേണ്ടിയുള്ള നിരവധി പുതിയ പദ്ധതികള്‍ നാളെ തൊഴില്‍മന്ത്രാലയം പ്രഖ്യാപിക്കുമെന്ന് കേന്ദ്രതൊഴില്‍വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. തൊഴില്‍ലഭ്യത,സാമൂഹ്യസുരക്ഷാ പദ്ധതികള്‍ എന്നിവ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ശുചീകരണം, ആതിഥ്യം, സുരക്ഷിതത്വം എന്നീ മൂന്ന് ഘടകങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ വിനോദ സഞ്ചാര മേഖലയില്‍ നാളെ പ്രഖ്യാപിക്കുമെന്ന് ടൂറിസം-സാസംക്കാരിക വകുപ്പ് മന്ത്രി ഡോ.മഹേഷ് ശര്‍മ്മ അറിയിച്ചു. യുവജനക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നെഹ്രു യുവ കേന്ദ്രയുടെ 2,70,000 യുവജന ക്ലബുകള്‍വഴി സദ്ഭരണ ദിവസത്തിന്റെ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അര്‍ദ്ധ മാരത്തോണുകള്‍, നേത്രക്യാമ്പുകള്‍, രക്തദാന ക്യാമ്പുകള്‍ എന്നിവ ഡിസംബര്‍ 25ന് രാജ്യമെമ്പാടും നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സ്വന്തം മണ്ഡലമായ വാരണാസി സന്ദര്‍ശിക്കും. ഗംഗാ ശുചീകരണ പദ്ധതിയുടെ പുരോഗതിയും കാശി നഗരത്തിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി നിരീക്ഷിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.