അരവണ നിയന്ത്രണത്തില്‍ നേരിയ ഇളവിന് സാധ്യത

Wednesday 24 December 2014 1:00 am IST

ശബരിമല: അരവണനിയന്ത്രണത്തില്‍ നേരിയ ഇളവിന് സാധ്യത. ഉത്പാദനം പരമാവധി വര്‍ദ്ധിപ്പിച്ച് നിലവിലെ സ്ഥിതി തരണംചെയ്യാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. അതേസമയം അരവണയിലെ ജലാംശം സംബന്ധിച്ച പരിശോധന നടത്തിയ മൈസൂര്‍ ആസ്ഥാനമായ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, പ്രസാദത്തില്‍ പത്ത് ശതമാനത്തിലധികം ജലാംശമുണ്ടെങ്കിലും അത് കേടാകില്ലെന്ന് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി സൂചനയുണ്ട്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഈറിപ്പോര്‍ട്ടുമായി ഉടന്‍ അധികൃതര്‍ കോടതിയെ സമീപിച്ചേക്കും. ശബരിമലയിലെ പ്രധാന വരുമാനസ്രോതസിലൊന്നാണ് അരവണ പ്രസാദം. വിതരണത്തില്‍ പ്രതിസന്ധി ഉണ്ടായാല്‍ കോടികളുടെ നഷ്ടമാണ് അത് ബോര്‍ഡിന് വരുത്തിവെയ്ക്കുക അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന തീര്‍ഥാടകരാണ് അരവണപ്രസാദം ഏറ്റവും കൂടുതല്‍ വാങ്ങുന്നത്. വരുമാനത്തില്‍ കോടികള്‍ ലാഭമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും വിവിധ ഇനങ്ങളില്‍ കോടികളുടെ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും വരുമാനം കൂടിയ ഒന്നായ അരവണ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ കഴിഞ്ഞ ഒരാഴ്ചയില്‍ 13 ലക്ഷം കണ്ടെയ്‌നര്‍ അരവണയാണ് വില്‍പ്പനയില്‍ കുറവ് വന്നത്. അരവണ ടിന്‍ ഒന്നിന് അറുപത് രൂപയില്‍ മുപ്പത്തിയഞ്ച് രൂപയോളം ബോര്‍ഡിന് ലാഭമാണ്. അരവണയ്ക്കായി ശര്‍ക്കര, കല്‍ക്കണ്ടം തുടങ്ങിയ സാധനങ്ങള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട്  ഉത്തരവുകള്‍ ഇറക്കിയതില്‍ കാലതാമസം വന്നു. ഇത് അരവണ ഉത്പാദനത്തിലും വിതരണത്തിലും തടസ്സമുണ്ടാക്കിയിട്ടുണ്ട്. മണ്ഡലകാലം അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അരവണവിതരണം കൂടുതല്‍ കാര്യക്ഷമമാക്കിയില്ലെങ്കില്‍ അത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കും. ഇപ്പോള്‍തന്നെ ഭക്തര്‍ ശരണം വിളിച്ച് പ്രതിഷേധിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. പ്രസാദം ലഭിക്കാതെ ഭക്തര്‍ സന്നിധാനത്ത് കൂടുതല്‍സമയം ഇപ്പോള്‍ ചെലവഴിക്കുകയാണ്. ഇത് തിരക്ക് വര്‍ദ്ധിപ്പിച്ചു. എന്നാല്‍ അരവണയുടെ നിയന്ത്രണം നിലനില്‍ക്കെതന്നെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള നടപടിയാണ് കൈകൊള്ളുന്നതെന്ന് ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്‍ പറഞ്ഞു. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരവണയിലെ ജലാംശം പത്ത് ശതമാനമായി നിലനിര്‍ത്തിയാല്‍ മതിയെന്ന ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നിലപാട് കോടതി ശരിവെച്ചത് നിയന്ത്രണത്തിന് കാരണമായിട്ടുണ്ട്. അരണവണ കൂടുതല്‍ കാലം കേടുകൂടാതിരിക്കാനാണ് ജലാംശത്തിന്റെ അളവ് നിജപ്പെടുത്തിയത്. ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നിദ്ദേശപ്രകാരമാണ് നിലവില്‍ അരവണ നിര്‍മ്മാണം നടത്തിവരുന്നത്. അരവണയുടെ നിയന്ത്രണം മൂന്ന് ടിന്നായി കുറച്ചത് കാര്യമായ പ്രശ്‌നം ഉണ്ടാക്കിയതായി കരുതുന്നതായി അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടകര്‍ക്കായി സൗകര്യമൊരുക്കുവാന്‍ കഴിയുന്നത്ര എല്ലാ നടപടികളും സ്വീകരിച്ച് വരുന്നതായി ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.