സാമുദായികനേതാവിന് റീത്ത് വെച്ച് മടങ്ങുകയായിരുന്ന കര്‍ഷകമോര്‍ച്ച നേതാവിനെ സിപിഎം സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചു

Wednesday 24 December 2014 1:45 am IST

തളിപ്പറമ്പ്: സാമുദായിക നേതാക്കളോ മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരോ മരണപ്പെട്ടാല്‍ അവര്‍ക്ക് റീത്ത് വെക്കുന്നവരെ ശാരീരികമായി കൈകാര്യം ചെയ്യണമെന്ന പാര്‍ട്ടി ശാസന അണികള്‍ നടപ്പിലാക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സിപിഎം സംസ്ഥാന നേതാവ് എം.വി.ഗോവിന്ദന്‍ മാസ്റ്ററാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ സാമുദായിക നേതാക്കളും മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരും റീത്ത് വെക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നത്. തളിപ്പറമ്പ് കൂവോടാണ് സിപിഎമ്മിന്റെ താലിബാന്‍ മുഖം മറനീക്കി പുറത്തുവന്നത്. കര്‍ഷകമോര്‍ച്ച തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡണ്ട് കടമ്പേരിയിലെ പോള ലക്ഷ്മണനെ(60)യാണ് ഗോവിന്ദന്‍ മാസ്റ്ററുടെ ആജ്ഞ ശിരസാ വഹിച്ച സഖാക്കള്‍ ക്രൂരമായി അക്രമച്ചത്. ഇന്നലെ രാവിലെ മരണപ്പെട്ട കടമ്പേരി ഇളനീര്‍ പടിയിലെ മൂത്ത കാരണവര്‍ കൂവോട്ടെ തായപ്പാത്ത് ഭാസ്‌കരന്റെ വീട്ടിലെത്തി മൃതദേഹത്തില്‍ റീത്ത് വെച്ച് മടങ്ങവേ സിപിഎം ലോക്കല്‍ സെക്രട്ടറി ടി.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരുസംഘം ലക്ഷ്മണനെ അക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ലക്ഷ്മണന്‍ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാര്‍ട്ടിയില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന ശക്തമായ കൊഴിഞ്ഞുപോക്കിന് തടയിടാനും പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ യാതൊരു കാരണവശാലും മറ്റൊരു ശക്തി വളര്‍ന്നുവരുന്നത് തടയാനുമായി സിപിഎം നേതൃത്വം നടപ്പിലാക്കുന്ന താലിബാനിസത്തിന്റെ മറ്റൊരു മുഖമാണ് ഇതോടെ പുറത്തു വന്നത്. സിപിഎം കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന മരണവീടുകളില്‍ ചില സാമുദായിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും റീത്ത് വെക്കുന്നത് പരസ്യമായി എം.വി.ഗോവിന്ദന്‍ എതിര്‍ത്തിരുന്നു. സംഭവത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഗംഗാധരന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.