അസമിലെ ഭീകരാക്രമണം: മരിച്ചവരുടെ എണ്ണം 64 ആയി വനവാസികള്‍ തിരിച്ചടിച്ചു രണ്ടു ബോഡോകളെ കൊന്നു

Wednesday 24 December 2014 5:46 pm IST

ഗുവാഹത്തി: അസമില്‍ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും അസമിലെ ഭൂട്ടാന്‍, അരുണാചല്‍പ്രദേശ് അതിര്‍ത്തിയിലെ വനവാസികളാണ്.അതിനിടെ കൂട്ടക്കൊലയെത്തുടര്‍ന്ന് വനവാസികള്‍ ശക്തമായി തിരിച്ചടിച്ചു. തിരിച്ചടിയില്‍ രണ്ടു ബോഡോവംശജര്‍ കൊല്ലപ്പെട്ടു. യന്ത്രത്തോക്കുകളുമായി ചൊവ്വാഴ്ച രാത്രിയാണ് സോണിത്പൂര്‍, കൊക്രജാര്‍ ജില്ലകളിലെ നാല് വ്യത്യസ്ത ഇടങ്ങളില്‍ ഭീകരര്‍ ആക്രമണം നടത്തിയത്. 37പേര്‍ സോണിത്പൂരിലും 27പേര്‍ കൊക്രജാറിലുമാണ് കൊല്ലപ്പെട്ടത്. അതേസമയം 75 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും 250പേരെ കാണാതാവുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ 18 കുട്ടികളും 23 സ്ത്രീകളും ഉള്‍പ്പെടുന്നു. കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതോടെ മരണനിരക്ക് ഉയര്‍ന്നേക്കും. ഭീകരര്‍ക്കെതിരെ സുരക്ഷാസേന നടപടി ശക്തമാക്കിയതിനു പ്രതികാരമായാണ് ആക്രമണമെന്ന് അസം പോലീസ് ചീഫ് കര്‍ഗന്‍ ശര്‍മ്മ അറിയിച്ചു. കൊക്രജാര്‍ ജില്ലയിലെ പത്ഗാവില്‍ തിങ്കളാഴ്ച ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റിരുന്നു. ഭൂട്ടാന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ചിരാങ് ജില്ലയില്‍ അസം പോലീസും സേനയും ഞായറാഴ്ച നടത്തിയ സംയുക്ത ആക്രമണത്തില്‍ രണ്ടു ബോഡോ ഭീകരരെ വധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും ആക്രമണത്തെ അപലപിച്ചു. ഭീകരരുടേത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരരെ നേരിടാന്‍ അസം സര്‍ക്കാരിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് രാജ്‌നാഥ് സിങ്ങും വ്യക്തമാക്കി. അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് മന്ത്രിസഭയിലെ ആറ് മന്ത്രിമാരോട് സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ക്ക് നേരെയുള്ള ഭീകരരുടെ ആക്രമണം ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ആള്‍ ടീ ട്രൈബ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ബന്ദിന് ആഹ്വാനം നല്‍കിയിരുന്നു. ഭീകരാക്രമണത്തെ ഇവര്‍ അപലപിച്ചു. കൂട്ടക്കൊലയെത്തുടര്‍ന്ന് വനവാസികള്‍ തിരിച്ചടിച്ചു. ക്രൊക്കജാറില്‍ ഒരു ബോഡോ ഗ്രാമം കത്തിച്ച വനവാസികള്‍ ചിരംഗില്‍ രണ്ടു ബോഡോവംശജരെ വെട്ടിക്കൊന്നു. ഇന്നലെ രാവിലെ വനവാസികള്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. അക്രമികള്‍ക്കു നേരെ നടന്ന പോലീസ് വെടിവയ്പ്പില്‍ അഞ്ചു വനവാസികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.സോണിത്പ്പൂരിലും വനവാസികള്‍ ബോഡോ വംശജരുടെ വീടുകള്‍ കത്തിച്ചു. അമ്പും വില്ലുമായി പ്രതിഷേധക്കാര്‍ നാഷണല്‍ ഹൈവേ 15 ഉപരോധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.