കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ഇല്ല: ഉമ്മന്‍ചാണ്ടി

Wednesday 24 December 2014 1:29 pm IST

തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ഇല്ലെന്നും അതിനാല്‍ തന്നെ സര്‍ക്കാര്‍ ഇടപെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗത്തിനുശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഉമ്മന്‍ചാണ്ടി ഈ കാര്യം വ്യക്തമാക്കിയത്. കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ പ്രസ്താവന എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. അധികാരമുള്ളപ്പോള്‍ ആരും ഒപ്പമുണ്ടാവില്ലെന്നായിരുന്നു സുധീരന്റെ പ്രസ്താവന. എല്ലാ കാര്യങ്ങളിലും പ്രായോഗിക സമീപനം സ്വീകരിച്ച നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായോഗികതയുടെ കാര്യത്തില്‍ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ കേരളത്തില്‍ അന്നും ഇന്നും ആരും ഇല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കരുണാകരന്‍ ഒരിക്കലും ഒറ്റപ്പെടാതെ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം ജീവിച്ച നേതാവായിരുന്നു, താന്‍ ആദ്യമായി എം.എല്‍.എ ആയതുമുതല്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരുമായും താന്‍ ഏറ്റുമുട്ടലിനില്ല. പ്രതിപക്ഷത്തോട് പോലും താന്‍ ഏറ്റുമുട്ടാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കരുണാകരനെ അവസാനകാലത്ത് എല്ലാവരും ഒറ്റപ്പെടുത്തിയെന്ന സുധീരന്റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു ഉമ്മന്‍ചാണ്ടി. മദ്യനയത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി എന്ന വാദം ശരിയല്ല. ഞായറാഴ്ച ഡ്രൈ ഡേ ആക്കാന്‍ തീരുമാനിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണ്. അത് തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍ താന്‍ തന്നെ അത് പിന്‍വലിച്ചു. ആഴ്ചയില്‍ ഒരു ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കട്ടെ എന്നു കരുതിയാണ് ഞായറാഴ്ച ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചത്. എന്നാല്‍ അത് ടൂറിസത്തെയും മറ്റും ബാധിക്കുമെന്ന് മനസിലായപ്പോള്‍ പിന്‍വലിക്കേണ്ട സാഹചര്യം വന്നു. അതാണ് പ്രായോഗികത. മദ്യനിരോധനം യു.ഡി.എഫ് സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യമാണ്. അത് നടപ്പാക്കുക തന്നെ ചെയ്യും. മദ്യനയത്തെ ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ ആന്റണിയുടെ കാലത്ത് ചാരായ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ എവിടെ ആയിരുന്നു. ചാരായം നിരോധിച്ച് വീര്യം കൂടിയ മദ്യം ഒഴുക്കുന്നു എന്ന് ആരെങ്കിലും പ്രതിഷേധിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഇനി മാറ്റമുണ്ടാവില്ല. മദ്യലോബിക്ക് കീഴടങ്ങുന്ന  സര്‍ക്കാരല്ല ഇവിടെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.