കന്യാകുമാരിയുടെ സന്ദേശം

Wednesday 24 December 2014 5:57 pm IST

തപസ്വിനിയായ കന്യാകുമാരിയുടെ അന്യാദൃശമായ മഹത്വത്തെ സാക്ഷാല്‍ക്കരിച്ച തപസ്വിയായിരുന്നു വിവേകാനനന്ദസ്വാമികള്‍. അമ്മയുടെ മഹത്വത്തെ വിശ്വത്തോളം വാഴ്ത്തിയ ആ മകന്‍ അങ്ങനെ അമ്മയുടെ മണ്ണിനെയും വീണ്ടും വിണ്ണാക്കി മാറ്റി. കന്യാകുമാരിയും ഉള്‍പ്പെടുന്ന തീര്‍ഥഭൂമിയായ ഭാരതവര്‍ഷത്തിലൂടെ ഏകാന്തപഥികനായി സഞ്ചരിച്ച ആ തപോനിധിയാണ്. ലോകമംഗളത്തിനായി ഭാരതമാതാവിന് ഒരു മഹത്തായ ദൗത്യമുണ്ടെന്ന്, ചിക്കാഗോവിലെ വിശ്വമതമഹാസമ്മേളന വേദിയില്‍വെച്ച് പ്രഖ്യാപിച്ചത്. ദേവീ ദര്‍ശനത്തിനും ഉദയാസ്തമയദര്‍ശനത്തിനുമായി കന്യാകുമാരിയിലെത്തുന്നു, കോടിക്കണക്കിന് ജനങ്ങള്‍. കാലപ്രവാഹത്തില്‍പ്പെട്ട് ഒഴുകിക്കൊണ്ടിരിക്കുന്ന ജീവാത്മാക്കള്‍. എന്നെങ്കിലുമൊരിക്കല്‍ അവര്‍ക്ക് കരപറ്റണ്ടേ? അശരണനായി ഒഴുകുന്നവനുള്ള ആത്മീയകരയാണ് കന്യാകുമാരി. അവിടെ, ശ്രീപാദപാറയില്‍, തലയുയര്‍ത്തി നില്‍ക്കുന്നു, പൗരുഷത്തിന്റെ പ്രതീകമായ വിവേകാനന്ദസ്വാമികള്‍. ദേവി കന്യാകുമാരിയുടെ അനുഗ്രഹത്താല്‍ അതുല്യ പ്രതിഭാശാലിയായിത്തീര്‍ന്നു വിവേകാനന്ദസ്വാമികള്‍. വിവേകാനന്ദസ്മരണകള്‍ കുടികൊള്ളുന്ന കന്യാകുമാരിയില്‍ കാലുകുത്തുമ്പോഴുണ്ടാകുന്ന വികാര-വിചാരങ്ങള്‍ നമ്മുടെ മഹത്തായ പൈതൃകത്തിന്റെ സാംസ്‌കാരിക സ്വത്താണ്. വിവേകാനന്ദ പ്രതിമ ദര്‍ശിക്കാനുള്ള യാത്രയ്ക്കിടയില്‍ കടലില്‍നിന്നും വരുന്ന തിരകള്‍ ബോട്ടില്‍ ആഞ്ഞടിക്കുമ്പോള്‍ ഭയപ്പെടാത്തവര്‍ ചുരുക്കം. എന്നാല്‍ വിവേകാനന്ദപ്രതിമയെ അത്ഭുതാദരവോടെ, നോക്കിനില്‍ക്കുമ്പോള്‍ കടലില്‍ നിന്നുവരുന്ന തിരകള്‍ നാം നില്‍ക്കുന്ന പാറക്കെട്ടില്‍ ആഞ്ഞടിക്കുന്നത് അറിഞ്ഞുവെന്നു വരില്ല. അപ്പോള്‍ നമ്മുടെ കണ്ണില്‍ തീപ്പൊരികള്‍ പാറില്ല. ജലതരംഗദീപാദി സവിശേഷതകളെപ്പോലും മറികടക്കുന്ന ധ്വനിലയത്തില്‍ അലിഞ്ഞതാകുന്ന അനുഭവവിശേഷം. അവിടത്തെ ധ്യാനമണ്ഡപത്തില്‍ മനസ്സ് ഒരു പ്രേരണയും കൂടാതെ മൗനമാകുന്നു. ആസുരശക്തികളെ നിഗ്രഹിക്കാനും ദൈവികതയെ അനുഗ്രഹിക്കുവാനുമായി അവതരിച്ച നിത്യതപസ്വിനിയായി ദേവി കന്യാകുമാരി. ആ ദേവിയുടെ പ്രതിഷ്ഠയുള്ള, നീലക്കല്ലാല്‍ നിര്‍മിതമായ ക്ഷേത്രം. ക്ഷേത്രത്തിലെ ശ്രീകോവില്‍ പരശുരാമ നിര്‍മിതമാണത്രേ. നിത്യതപസ്വിനിയായ കന്യാകുമാരിയുടെ നിത്യനൂതന സന്ദേശം ശ്രീരാമകൃഷ്ണ- വിവേകാനന്ദന്‍മാരിലൂടെ ഈ ആധുനികയുഗത്തിലും പ്രതിധ്വനിക്കുന്നു. കാലം ഏറെക്കഴിഞ്ഞിട്ടും കന്യകയായി കഴിയുന്ന ദേവി കന്യാകുമാരി. സമാധിയായി ഏറെക്കഴിഞ്ഞിട്ടും യുവത്വത്തിന്റെ പ്രതീകമായി വിരാജിക്കുന്നു വിവേകാനന്ദസ്വാമികള്‍. ആദ്യത്തേത് ഐതിഹ്യവും രണ്ടാമത്തേത് ചരിത്രവും. ഐതിഹ്യവും ചരിത്രവും സമന്വയിക്കുന്ന നമ്മുടെ സംസ്‌കാരത്തിന്റെ ധ്യാനലീനമായ കര്‍മത്തിന്റെ കാഹളമാണ് കന്യാകുമാരി. ഇവിടെ ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം സമഞ്ജസമായി സമന്വയിക്കുന്നു. കന്യാകുമാരി മുനമ്പിന്റെ അഗ്രഭാഗത്തുനിന്നുകൊണ്ട് വാഗ്ഭടാനന്ദഗുരുദേവന്‍ ഒരിക്കല്‍ പറഞ്ഞു'' ഭാരതമാതാവിന്റെ ദക്ഷിണപാദമേ എന്നു സംബോധന ചെയ്തുകൊണ്ട് സ്വാമി വിവേകാനന്ദന്‍ ഇവിടെവച്ച് മോഹാലസ്യപ്പെട്ടു എന്നു കേട്ടിട്ടുണ്ട്. അങ്ങനെ സംഭവിച്ചുവെങ്കില്‍ അതില്‍ അത്ഭുതമില്ല. ഒരു ഭാരതീയന് ഇവിടെ നില്‍ക്കുമ്പോള്‍ ആര്‍ഷമായ അവന്റെ മാതൃഭൂമിയെക്കുറിച്ചുള്ള അഭിമാനബോധം തിളച്ചുതൂവുക തന്നെ ചെയ്യും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.