ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം ദേവിയുടെ സ്ഥൂലരൂപവര്‍ണ്ണന

Wednesday 24 December 2014 6:06 pm IST

ആയിരം ഉദയസൂര്യന്മാര്‍ ഒരുമിച്ചാലെന്നപോലെ ഉജ്ജ്വലവും ശാന്തവുമായ പ്രകാശം ദേവീശരീരത്തില്‍ നിന്നു പ്രസരിക്കുന്നു. ആ പ്രകാശം പാടലവര്‍ണ്ണമാണ്. ദിവ്യമായ മേല്‍വിരിപ്പുകൊണ്ടലങ്കരിച്ച സ്വര്‍ണ്ണനിര്‍മ്മിതമായ സിംഹാസനത്തിലാണ് ദേവി ഇരിക്കുന്നത്. സിന്ദൂരത്തിന്റെ അരുണവര്‍ണ്ണമുള്ള ദേവീവിഗ്രഹം ഐശ്വര്യമുള്ളതാണ്. ദിവ്യരത്‌നങ്ങളുടെ പ്രഭാപൂരംകൊണ്ടു ദീപ്തവും സ്വര്‍ണ്ണനിര്‍മ്മിതവുമായ കിരീടം ദേവി അണിഞ്ഞിരിക്കുന്നു. ആ കിരീടത്തിന് മൂന്നു ശിഖരങ്ങളുണ്ട്. മദ്ധ്യത്തിലുള്ള ശിഖരത്തില്‍ ചന്ദ്രക്കല പ്രകാശിക്കുന്നു. ദേവിയുടെ നിബിഡമായ കബരീഭാരം പലതരത്തിലുള്ള പൂക്കള്‍ കോര്‍ത്ത മാലയണിഞ്ഞു വിളങ്ങുന്നു. ചന്ദ്രക്കലപോലെ തിളങ്ങുന്ന തിരുനെറ്റിയില്‍ കസ്തൂരികൊണ്ടുള്ള തിലകം അണിഞ്ഞിരിക്കുന്നു. മൂകാംബികയുടെ മനോഹരമായ പുരികക്കൊടികളുടെ ചലത്തിനൊത്ത് ഭുവനാവലികള്‍ ഉണ്ടാകുകയും നശിക്കുകയും ചെയ്യുന്നു. പുരികങ്ങള്‍ താഴെയായി ചന്ദ്രന്റെയും സൂര്യന്റെയും അഗ്നിയുടെയും പ്രകാശമുള്ള മൂന്നു കണ്ണുകള്‍ ലോകത്തെ അനുഗ്രഹിക്കാനായി സ്ഥിതിചെയ്യുന്നു. കര്‍ണ്ണാഭരണങ്ങളായിതീര്‍ന്ന സൂര്യചന്ദ്രന്മാരുടെ തേജസ്സ് ദേവിയുടെ കവിളുകളില്‍ പ്രതിബിംബിക്കുന്നു. താമരയിതള്‍പോലെ നീണ്ടിടംപെട്ട ദേവിയുടെ കണ്ണുകള്‍ കാരുണ്യത്തിന്റെ നനവുള്ളവയാണ്. വിടര്‍ന്ന എള്ളിന്‍പൂവിന്റെ ഭംഗിയെ കീഴ്‌പ്പെടുത്തുമാറ് അഴകുള്ളതാണ് അമ്മയുടെ നാസിക. ദേവിയുടെ മന്ദസ്മിതം ലോകത്തിനു ഉജ്ജീവനം തരുന്ന അമൃതസ്വന്ദമായി ഭക്തരെ അനുഗ്രഹിക്കുന്നു. ജ്ഞാനത്തിന്റെ പ്രകാശം പ്രസരിപ്പിക്കുന്നവയും അല്പം തടിച്ചവയും തൊണ്ടിപ്പഴത്തിന്റെ ഭംഗിയുള്ളവയുമായ ദേവിയുടെ ചുണ്ടുകള്‍ക്കുള്ളില്‍ മുല്ലപ്പൂമൊട്ടിന്റെ അഴകോടെ ദന്തപംക്തി വിരാജിക്കുന്നു. സൗന്ദര്യസാരസര്‍വസ്വമായ ദേവിയുടെ താടി ലോകത്തെ ആകര്‍ഷിക്കുന്നു. മൂന്നുരേഖകളുള്ളതും ശംഖുപോലെ സുന്ദരവുമായ കഴുത്തിനുമുകളില്‍ വിടര്‍ന്ന താമരപ്പൂവുപോലെ അമ്മയുടെ ശ്രീമുഖം ശോഭിക്കുന്നു. ചെമന്ന നിറമുള്ള കുറിക്കൂട്ടും ചെമന്ന പൂക്കള്‍കൊണ്ടുള്ള ഹാരങ്ങളും രക്തവര്‍ണ്ണമായ വസ്ത്രങ്ങളും ദേവി ധരിച്ചിരിക്കുന്നു. ശരത്കാലത്തെ പൂര്‍ണ്ണചന്ദ്രനെപ്പോലെ തെളിഞ്ഞുവിളങ്ങുന്ന അമ്മയുടെ തിരുമുഖം ഭക്തര്‍ക്ക് എല്ലാ സുഖവും സൗഭാഗ്യവും പ്രദാനം ചെയ്യുകയും അവരുടെ ജനനം, മരണം, ജര, ഭയം, ശോകം, വ്യാധി തുടങ്ങിയ ക്ലേശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. കാച്ചിപ്പഴുപ്പിച്ച സ്വര്‍ണ്ണത്തിന്റെ നിറവും പ്രകാശവുമുള്ളതാണു ദേവിയുടെ ശരീരം. ദേവിയുടെ കൈകളില്‍ രത്‌നഖചിതമായ കങ്കണം, കേയൂരം തുടങ്ങി ആഭരണങ്ങള്‍ അണിഞ്ഞിരിക്കുന്നു. നാലുകൈകളിലായി ഭുവനേശ്വരിയായ മൂകാംബിക ശംഖം, ചക്രം, വരദമുദ്ര, അഭയമുദ്ര എന്നിവ ധരിക്കുന്നു. സുന്ദരമായ രത്‌നം പതിച്ച സുവര്‍ണഹാരങ്ങളും കാട്ടുപൂക്കള്‍ കോര്‍ത്തുണ്ടാക്കിയ വനമാലകളും കൊണ്ടലങ്കരിച്ച ദേവീശരീരം ശൃംഗാരോചിതമായ വേഷമണിഞ്ഞിരിക്കുന്നു. ദേവിയുടെ മുഖം സുന്ദരമായ പുഞ്ചിരികൊണ്ടു ശോഭിക്കുന്നു. ഗണേശനെയും സ്‌കന്ദനെയും പാലൂട്ടിയവയാണു ദേവിയുടെ കുചകുംഭങ്ങള്‍. ചന്ദനം, അകില്‍, കര്‍പ്പൂരം, കുങ്കുമം തുടങ്ങിയവ ചേര്‍ന്ന കുറികൂട്ടുകൊണ്ട് അവ അലങ്കരിച്ചിരിക്കുന്നു. ഒരു വലിയ ഇന്ദ്രനീലരത്‌നം നടുനായകമായുള്ള മാല ദേവി അണിഞ്ഞിരിക്കുന്നു. അതോടൊപ്പം രത്‌നവും മുത്തും പവിഴവും കൊണ്ടുള്ള മാലകളും ദേവിയെ അലങ്കരിക്കുന്നു. ബാലാര്‍ക്കപാടലമായ പട്ടുവസ്ത്രം ദേവി അണിഞ്ഞിരിക്കുന്നു. ഭുവനേശ്വരിയായ മൂകാംബിക രത്‌നവും മുത്തും പതിച്ച അരപ്പട്ട അണിഞ്ഞിരിക്കുന്നു. കിലുങ്ങുന്ന രത്‌നത്തരികള്‍ ഉള്ളിലുള്ള കാല്‍ച്ചിലമ്പ് തൃപ്പാദങ്ങളില്‍ തിളങ്ങുന്നു. ചെമ്പഞ്ഞിച്ചാറിനെ ആശ്രയിക്കാതെതന്നെ മൂകാംബികയുടെ തൃപ്പാദങ്ങള്‍ക്കു സ്വാഭാവികമായ രക്തവര്‍ണ്ണമുണ്ട്. ബ്രഹ്മാണ്ഡമണ്ഡലങ്ങളെ ഗ്രസിക്കുന്ന അംബികയുടെ അരക്കെട്ടും ഉദരവും കൃശമാണ്. ധരയും ധരാധരാധാരയും ധരാധരകുടുംബിനിയുമായ ജഗദംബ ഭക്തരര്‍പ്പിക്കുന്ന ചെമ്പഞ്ഞിച്ചാറും ആ രക്തവര്‍ണ്ണമായ വസ്ത്രങ്ങളും അണിഞ്ഞു ശോഭിക്കുന്നു. ക്ഷേത്രത്തില്‍ ചെന്ന് മാംസചക്ഷുസ്സുകൊണ്ട് ഈ രൂപം കണ്ടു വന്ദിക്കാം. വീട്ടിലിരുന്ന് ധ്യാനിച്ചുറപ്പിക്കാം. മാനസപൂജാക്രമത്തില്‍ വിവിധോപചാരങ്ങളോടെ ആരാധിക്കുകയുമാകാം. അതിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ വരും. .... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.