അടല്‍ജി; മാനവികതയുടെ ആള്‍രൂപം

Wednesday 24 December 2014 8:43 pm IST

1953 മെയ് 8. ദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഒരു പാസഞ്ചര്‍ ട്രെയിനിന്റെ അണ്‍റിസര്‍വേര്‍ഡ് കമ്പാര്‍ട്ടുമെന്റിലേക്ക് ധോത്തിയും കുര്‍ത്തയും അണിഞ്ഞ 28 കാരനായ ഒരു യുവാവ് കരിമ്പടത്തില്‍ പൊതിഞ്ഞ തന്റെ ബാഗേജ് തള്ളി കയറ്റാന്‍ ശ്രമിക്കുന്നു.  ജനസംഘത്തിന്റെ സ്ഥാപകന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ യാത്രയയപ്പ് ആയിരുന്നു രംഗം. ജമ്മുകശ്മീരിനെ ഇന്ത്യന്‍ യൂണിയനിലേക്ക് പൂര്‍ണ്ണമായി ചേര്‍ക്കണമെന്ന ആവശ്യവുമായി,  പ്രവേശനാനുമതി നിഷേധിച്ച സര്‍ക്കാര്‍  ഉത്തരവ് ലംഘിച്ചാണ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ജമ്മുകശ്മീരിലേക്ക് യാത്രതിരിച്ചത്. ആ യാത്രയില്‍ ഡോ. മുഖര്‍ജിയെ അനുഗമിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ സെക്രട്ടറിയും മുന്‍ പത്രപ്രവര്‍ത്തകനുമായ ആ യുവാവാണ് അടല്‍ ബിഹാരി വാജ്‌പേയി. 1953 മെയ് 10 ന് ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വച്ച് അറസ്റ്റിലായ ഡോ. മുഖര്‍ജിയെ ശ്രീനഗര്‍ ജയിലിലടച്ചു. പ്രവേശനാനുമതി നിഷേധിച്ചിട്ടും പ്രവേശിച്ചതിനായിരുന്നു അറസ്റ്റ്. ഡോ. മുഖര്‍ജി  വാജ്‌പേയിയെ പാര്‍ട്ടി അണികള്‍ക്കുള്ള സന്ദേശവുമായി ദല്‍ഹിക്ക് തിരിച്ചയച്ചു. ഒരു രാജ്യത്തിന് രണ്ട് ഭരണഘടനയും, രണ്ട് പ്രധാനമന്ത്രിമാരും, രണ്ട് പതാകയും ഉണ്ടാകാന്‍ പാടില്ല എന്നതായിരുന്നു ആ സന്ദേശം. 1953 ജൂണ്‍ 23 ന് കസ്റ്റഡിയില്‍ ഇരിക്കെ ദുരൂഹ സാഹചര്യത്തില്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി മരണമടഞ്ഞു.  വാജ്‌പേയി തന്റെ വാക് വൈഭവത്തിലൂടെ രാജ്യമൊട്ടുക്ക് തന്റെ രാഷ്ട്രീയ മാര്‍ഗദര്‍ശിയുടെ സന്ദേശം എത്തിക്കാന്‍ അക്ഷീണം യത്‌നിച്ചു. 1957 ല്‍  രണ്ടാം പൊതുതെരഞ്ഞെടുപ്പില്‍ യുപിയിലെ ബല്‍റാംപൂരില്‍ നിന്ന് ജയിച്ചാണ് അടല്‍ജി ലോക്‌സഭയില്‍ എത്തിയത്. വാജ്‌പേയിയുടെ കന്നി പ്രസംഗം അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെ പരിചയസമ്പന്നരായ നിരവധി അംഗങ്ങളുടെ പ്രശംസയ്ക്ക് പാത്രമായി. ഒരിക്കല്‍ ഒരു വിദേശ പ്രതിനിധിക്ക് വാജ്‌പേയിയെ പരിചയപ്പെടുത്തവെ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞു. 'ഈ യുവാവ് ഒരു നാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും'. 1964 ഏപ്രില്‍ 8 ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഷെയ്ക് അബ്ദുള്ളയെ ദല്‍ഹിയിലെ വീട്ടുതടങ്കലില്‍ നിന്ന് മോചിതനാക്കി പാക്അധിനിവേശ കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്കിയതിന് രാജ്യസഭയില്‍ അടല്‍ജി നെഹ്‌റുവിനെ നിശിതമായി വിമര്‍ശിച്ചു.  അതേ വാജ്‌പേയി തന്നെ 1964 മെയ് 27 ന് നെഹ്‌റു ദിവംഗതനായപ്പോള്‍ രാജ്യസഭയില്‍ വികാരവായ്‌പോടെ  ആദരാജ്ഞലി അര്‍പ്പിച്ചു. രാഷ്ട്രീയ എതിരാളികളോട് പുലര്‍ത്തിയിരുന്ന അങ്ങേയറ്റത്തെ ആദരവ് വാജ്‌പേയിയുടെ ബഹുമുഖ പ്രതിഭയുടെ തനതായ സവിശേഷതയായിരുന്നു. 47 വര്‍ഷം വാജ്‌പേയി പാര്‍ലമെന്റ് അംഗമായിരുന്നു. 9 തവണ ലോക്‌സഭയിലേക്കും രണ്ട് തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കവിയായിരുന്ന അടല്‍ജിക്ക് ഏത് സാഹചര്യത്തിലും സ്വയം പ്രകാശനത്തിനുള്ള മാര്‍ഗമായിരുന്നു കവിത. ഈ കഴിവ് അടല്‍ജി സ്വായത്തമാക്കിയത് അച്ഛന്‍ കൃഷ്ണബിഹാരി വാജ്‌പേയിയില്‍ നിന്നാണ്. മുന്‍ നാട്ടുരാജ്യമായ ഗ്വാളിയറില്‍ ഒരു ഇടത്തരം കുടുംബത്തില്‍ സ്‌കൂള്‍ അധ്യാപകന്റെ മകനായി ജനിച്ച അടല്‍ജി കുട്ടിക്കാലം മുതലേ കവി സമ്മേളനങ്ങളിലും മറ്റും അച്ഛനെ അനുഗമിക്കുകയും, കവിതാരചനയിലും ആലാപനത്തിലും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്റെ 51 കവിതകള്‍ ('മേരി ഇക്യാവന്‍ കവിതായേം') ഏറെ പ്രശസ്തമാണ്. അടല്‍ജിയുടെ ചില കഌസിക് കവിതകള്‍ ഉള്‍പ്പെടുത്തി വിഖ്യാത ചലച്ചിത്രകാരന്‍ യാഷ് ചോപ്ര സംവിധാനം ചെയ്ത ആല്‍ബമായ 'അന്തര്‍നാദില്‍' സംഗീതം പകര്‍ന്നത് ഗസല്‍ വിദ്വാന്‍ ജഗ്ജിത് സിംഗും വേഷമിട്ടത് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനുമായിരുന്നു. 1977 ലെ ജനതാപാര്‍ട്ടി ഗവണ്‍മെന്റില്‍ വിദേശകാര്യ മന്ത്രി.  അദ്ദേഹത്തിന്റെ പ്രശസ്തമായ 'നിങ്ങള്‍ക്ക് സുഹൃത്തുക്കളെ മാറ്റാനാകും എന്നാല്‍ അയല്‍ക്കാരെ മാറ്റാനാവില്ലെന്ന' ഉദ്ധരണി പിന്നീട് ഇന്ത്യന്‍ വിദേശകാര്യ മേഖലയിലെ വിധി വാചകമായി മാറി. ജമ്മു-കശ്മീര്‍ ഉള്‍പ്പെടെ പാകിസ്ഥാനുമായി നിലവിലുള്ള എല്ലാ വിഷയങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലൂടെ, ഒരു മൂന്നാംകക്ഷിയുടെ ഇടപെടലില്ലാതെ സമാധാന പരമായി പരിഹരിക്കണമെന്നതായിരുന്നു പ്രധാനമന്ത്രി വാജ്‌പേയിയുടെ നയം. 1996 ല്‍ 13 ദിവസത്തേക്ക് ആദ്യമായി പ്രധാനമന്ത്രിയായപ്പോഴും 1998 ല്‍ 13 മാസവും പിന്നീട് 1999 ല്‍ കാലാവധി പൂര്‍ത്തിയാക്കിയ അഞ്ച് വര്‍ഷവും അദ്ദേഹം ഈ നയത്തില്‍ ഉറച്ച് നിന്നു. 1998 മെയ് 13 ല്‍ ഓപ്പറേഷന്‍ ശക്തി എന്ന പേരില്‍ പൊഖ്‌റാനില്‍ വിജയകരമായി നടത്തിയ ആണവ പരീക്ഷണം അടല്‍ജിയുടെ തന്ത്രപരമായ മികവിന്റെ ഉത്തമ ഉദാഹരണമാണ്. ഭാരതത്തെ അദ്ദേഹം ലോകത്തെ ആണവശേഷിയുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. അതേസമയം ഭാവി ആണവ പരീക്ഷണങ്ങള്‍ക്ക് മോറട്ടോറിയവും പ്രഖ്യാപിച്ചു. 1999 ഫെബ്രുവരി 19 ന് ലാഹോറിലേക്ക് നടത്തിയ ബസ് യാത്രയില്‍ പാക്കിസ്ഥാനുള്ള സമാധാനത്തിന്റെ സന്ദേശവുമായിട്ടാണ് അദ്ദേഹം പോയത്.  വാജ്‌പേയിയുടെ വികാരനിര്‍ഭരമായ പ്രസംഗം കേട്ട പാക്ക് പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ വാക്കുകള്‍ ഇവയായിരുന്നു. 'ശ്രീ വാജ്‌പേയി, താങ്കള്‍ക്ക് ഇപ്പോള്‍ പാക്കിസ്ഥാനില്‍ നിന്ന് വേണമെങ്കിലും തെരഞ്ഞെടുപ്പില്‍ വിജയിക്കാം'. 1999 ഫെബ്രുവരി 21 ന് പ്രധാനമന്ത്രി നവാസ് ഷെരിഫുമായി വാജ്‌പേയി ലാഹോര്‍ ഉടമ്പടിയില്‍ ഒപ്പിട്ടു. ബന്ധങ്ങള്‍ പരിപോഷിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ പ്രതീകമായിട്ടാണ് ഡല്‍ഹി-ലാഹോര്‍ ബസ് സര്‍വ്വീസ്  ഉദ്ഘാടനം ചെയ്തത്. 1999 മേയ്, ജൂലൈ മാസങ്ങളില്‍ പാക്കിസ്ഥാന്‍ സൈനിക മേധാവിയായിരുന്ന പര്‍വേശ് മുഷറഫ് നേതൃത്വം നല്‍കിയ കാര്‍ഗില്‍ നുഴഞ്ഞ് കയറ്റവേളയില്‍ പോലും ഈ സര്‍വ്വീസ് നിര്‍ത്തിവയ്ക്കാന്‍ അടല്‍ജി അനുവദിച്ചില്ല. എന്നാല്‍ 2001 ഡിസംബര്‍ 13 ന് പാക്കിസ്ഥാന്റെ ഐ.എസ്.ഐ. യുടെ സഹായത്തോടെ ഭീകരര്‍ ഭാരത പാര്‍ലമെന്റിന് നേര്‍ക്ക് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം വര്‍ദ്ധിച്ച വേളയില്‍ ഈ ബസ് സര്‍വ്വീസ് നിര്‍ത്തി വെച്ചു. പിന്നീട് 2003 ജൂലൈ 16 ന് പാക്കിസ്ഥാന്‍ നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് ഈ സര്‍വ്വീസ് പുനരാരംഭിച്ചത്. കാര്‍ഗില്‍ സംഘര്‍ഷം, കണ്ഡഹാര്‍ വിമാനാപഹരണം, ഭാരത പാര്‍ലമെന്റിന്റെ നേര്‍ക്ക് നടന്ന ഭീകരാക്രമണം, ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നേരിട്ട തിരിച്ചടി, പാക്കിസ്ഥാന്‍ സൈന്യത്തിന്റേയും ഐഎസ്‌ഐ യുടേയും ഗുരുതരമായ പ്രകോപനങ്ങള്‍ എന്നിവയ്ക്കിടയിലും സമാധാന പ്രക്രിയ പാളം തെറ്റാന്‍ വാജ്‌പേയിഅനുവദിച്ചിരുന്നില്ല. വാജ്‌പേയി എന്ന  ഇതിഹാസത്തെ ഏറ്റവുമധികം ആദരിക്കുകയും അദ്ദേഹത്തെ തന്റെ മാതൃകയായി കാണുകയും ചെയ്യുന്ന നരേന്ദ്ര മോദി ആ വ്യക്തിത്വത്തെ പ്രകീര്‍ത്തിക്കാന്‍ ഒരവസരവും പാഴാക്കാറില്ല. 2014 മെയ് 20 ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതാവായി ഏകകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ട വേളയില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടത്തിയ ചരിത്രപരമായ പ്രസംഗത്തില്‍ വാജ്‌പേയിയെ സ്മരിക്കാന്‍ നരേന്ദ്രമോദി മറന്നില്ല. 'ആരോഗ്യം അനുവദിച്ചിരുന്നെങ്കില്‍ അടല്‍ജി ഇപ്പോള്‍ ഇവിടെ ഉണ്ടാകുമായിരുന്നു എങ്കില്‍ അത് സ്വര്‍ണ്ണത്തിന് സുഗന്ധം പോലെയാകുമായിരുന്നു'.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.