ഔദ്യോഗിക പക്ഷത്തെ വെല്ലുവിളിച്ച് 'നിഴല്‍' കമ്മറ്റികളുമായി വിഎസ് പക്ഷം

Wednesday 24 December 2014 8:53 pm IST

ആലപ്പുഴ: സിപിഎമ്മിലെ വിഭാഗീയത മൂര്‍ദ്ധന്യത്തിലെത്തിയ സാഹചര്യത്തില്‍ പലയിടങ്ങളിലും വിമതപക്ഷം 'നിഴല്‍' കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഔദ്യോഗികപക്ഷം എതിര്‍ വിഭാഗത്തെ പൂര്‍ണമായും വെട്ടിനിരത്തി കമ്മറ്റികള്‍ പിടിച്ചെടുത്ത സ്ഥലങ്ങളിലാണ് പാര്‍ട്ടി കമ്മറ്റികള്‍ക്ക് സമാന്തരമായി നിഴല്‍ കമ്മറ്റികള്‍ രൂപീകരിക്കുന്നത്. ജില്ലയില്‍ വിഎസ്-ഐസക് പക്ഷം ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം. ഔദ്യോഗിക പക്ഷത്തിനു മുന്നില്‍ പൂര്‍ണമായി കീഴടങ്ങേണ്ടെന്നാണ് വിഎസ്-ഐസക് പക്ഷത്തിന്റെ തീരുമാനം. വി.എസ്. അച്യുതാനന്ദന്‍ കളംവിട്ടതും തോമസ് ഐസക് ഔദ്യോഗിക പക്ഷത്തേക്ക് കൂറുമാറിയെങ്കിലും പ്രാദേശിക നേതാക്കളും അണികളും കീഴടങ്ങാന്‍ തയാറല്ല. ഇതു പാര്‍ട്ടി നേതൃത്വത്തെയും അണികളെയും ബോദ്ധ്യപ്പെടുത്തുന്നതിനാണ് കഴിഞ്ഞദിവസം ആലപ്പുഴ ജില്ലാ കമ്മറ്റി യോഗത്തില്‍ ഔദ്യോഗികപക്ഷത്തിന്റെ ഭീഷണിയെ അതേ നാണയത്തില്‍ വിഎസ് പക്ഷം തിരിച്ചടിക്കാന്‍ തയാറായത്. അണികളിലും അനുഭാവികളിലും രക്തസാക്ഷി പരിവേഷം നേടിയെടുത്ത് സമാന്തര പ്രവര്‍ത്തനം ശക്തമായി നടത്താനാണ് വിഎസ് പക്ഷത്തിന്റെ നീക്കം. ജില്ലാ സെക്രട്ടറി പാര്‍ട്ടി കീഴ്‌വഴക്കങ്ങള്‍ പോലും ലംഘിച്ച് ജില്ലാ കമ്മറ്റി യോഗത്തില്‍ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് നേതൃത്വത്തെ ഞെട്ടിച്ചതും ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തല്‍.  ജില്ലയില്‍ പാര്‍ട്ടിയിലെ വിഭാഗീയതയ്ക്കും വെട്ടിനിരത്തലിനും നേതൃത്വം നല്‍കുന്നത് പിണറായി വിജയന്റെ പിന്തുണയോടെ ജി. സുധാകരനാണെന്ന പ്രചരണമാണ് വിഎസ് പക്ഷം നടത്തുന്നത്. മുന്‍കാലങ്ങളിലും നിഴല്‍ കമ്മറ്റികള്‍ രൂപീകരിച്ചാണ് വിഎസ് ഐസക് പക്ഷം പിടിച്ചുനിന്നിട്ടുള്ളത്. വായനശാല കമ്മറ്റികള്‍, സാംസ്‌കാരിക സംഘടനകള്‍, ക്ലബുകള്‍ എന്നിവ രൂപീകരിച്ച് അതിന്റെ ലേബലിലാണ് പ്രവര്‍ത്തനം. നേരത്തെ വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയപ്പോള്‍ വായനശാലകളുടെയും ക്ലബുകളുടെയും പരിപാടികളില്‍ പങ്കെടുപ്പിച്ചാണ് വിഎസ് പക്ഷം തിരിച്ചടിച്ചത്. സിപിഎമ്മുകാര്‍ തന്നെ കത്തിച്ച പി. കൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്ന കഞ്ഞിക്കുഴി കണ്ണര്‍കാട് ലോക്കല്‍ കമ്മറ്റിയിലും അച്യുതാനന്ദന്റെ പാര്‍ട്ടി വിലക്ക് മറികടന്നത് 'ജ്വാല' എന്ന വായനശാലയുടെ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിച്ചായിരുന്നു. ഇപ്പോള്‍ കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ പ്രതികളാക്കപ്പെട്ടവരായിരുന്നു ഇതിനു നേതൃത്വം നല്‍കിയതെന്നതും ശ്രദ്ധേയമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.