ഉമ്മന്‍ചാണ്ടിക്കെതിരെ കത്തോലിക്കാ സഭ

Wednesday 24 December 2014 10:04 pm IST

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കത്തോലിക്കാ സഭ നിലപാട് കടുപ്പിക്കുന്നു. മദ്യനയത്തില്‍ വെള്ളം ചേര്‍ത്തതില്‍ പ്രതിഷേധിച്ച് കെസിബിസി മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പരസ്യമായി രംഗത്തു വന്നത് ഇതിന്റെ സൂചനയാണ്. ഉമ്മന്‍ ചാണ്ടി അപകടകാരിയായ മുഖ്യമന്ത്രിയാണെന്നാണ് കെസിബിസി വിമര്‍ശിച്ചത്. സര്‍ക്കാരിന്റെ പ്രതിഛായ മോശമായ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് പകരം എ.കെ ആന്ററണിയെ മുഖ്യമന്ത്രിയാക്കുന്നത് നന്നായിരിക്കുമെന്നാണ് സഭയുടെ നിലപാട്. മാണിക്കെതിരെ ഉമ്മന്‍ ചാണ്ടി നടത്തിയ നീക്കങ്ങളും സഭയെ പ്രകോപിപ്പിച്ചു. മദ്യനയത്തെ ബിഷപ്പ് ഡോ കാരിക്കാശ്ശേരി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ യുഡിഎഫ് തറപറ്റുമെന്നും സര്‍ക്കാരിനെതിരെ സമരവുമായി വരുമെന്നും ബിഷപ്പ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് വോട്ടില്ല എന്നെഴുതിയ പത്തു ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ വീട്ടമ്മമാര്‍ അയക്കും. ജനുവരിയില്‍ സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരം തുടങ്ങും. എറണാകുളത്താണ് സംസ്ഥാന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍. മദ്യനയം മാത്രമല്ല എതിര്‍പ്പിനു പിന്നില്‍. ലോക്‌സഭാ തെരഞ്ഞടുപ്പ് കാലത്തു തന്നെ സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് സോണിയക്ക് കത്തെഴുതിയിരുന്നു. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും ബിഷപ്പിനെ സന്ദര്‍ശിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചു.തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനും വഴിവിട്ട് ഭൂമി പതിച്ചു നല്‍കിയതും ഈ അനുരഞ്ജന നീക്കത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇതുകൊണ്ട് സഭ തൃപ്തിപ്പെട്ടിട്ടില്ല. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫും കോണ്‍ഗ്രസും വീണ്ടും അധികാരത്തില്‍ വരുന്നതിന് തടസ്സമായി സഭ കാണുന്നത് ഉമ്മന്‍ ചാണ്ടിയുടെ മോശം പ്രതിഛായയാണ്. ഉമ്മന്‍ ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങളും സഭ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. എ.കെ ആന്റണിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ തിരികെ കൊണ്ടു വരിക വഴി ചെന്നിത്തലയുടെ നീക്കങ്ങളെയും മറികടക്കാനാണ് സഭയുടെ ശ്രമം. വരും ദിവസങ്ങളില്‍ ഈ ലക്ഷ്യത്തോടെ സഭ സജീവമായി രംഗത്തിറങ്ങും.മുസ്ലീം ലീഗിന്റേയും കേരള കോണ്‍ഗ്രസിന്റേയും പിന്തുണയോടെയായിരിക്കും ഈ നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.