ശിവഗിരി തീര്‍ത്ഥാടന പദയാത്രയ്ക്ക് ആലപ്പുഴ ജില്ലയില്‍ ഇന്ന് വരവേല്‍പ്പ്

Wednesday 24 December 2014 10:06 pm IST

ആലപ്പുഴ: 82-ാമതു ശിവഗിരി തീര്‍ത്ഥാടനത്തോടു അനുബന്ധിച്ച് ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ എറണാകുളം മൂത്തകുന്നം ശ്രീനാരായണ മംഗലം ക്ഷേത്രത്തില്‍ ആരംഭിച്ച തീര്‍ത്ഥാടന പദയാത്രയ്ക്ക് ഗുരുധര്‍മ്മ പ്രചരണസഭയുടെ നേതൃത്വത്തില്‍ മണ്ഡലം യൂണിറ്റ് ഭാരവാഹികളും കിടങ്ങറ മേഖലയിലെ എസ്എന്‍ഡിപി ശാഖാ യോഗം പ്രവര്‍ത്തകരും ഗുരുഭക്തരും ചേര്‍ന്നു ഇന്ന് വരവേല്‍പു നല്‍കും. ഇന്ന് ചങ്ങനാശേരി പെരുന്ന വഴി രാവിലെ 10.30ന് ജില്ലാ പ്രവേശന കവാടമായ കിടങ്ങറയില്‍ പഞ്ചവാദ്യം, പൂത്താലം, മുത്തുക്കുടകള്‍, പീതവര്‍ണക്കുടകളേന്തിയ വനിതകള്‍ യൂണിഫോം ധാരികളായ ശ്രീനാരായണ ബാലവേദി കുട്ടികള്‍ തുടങ്ങിയവര്‍ സ്വീകരണത്തില്‍ അണിനിരക്കും. ഗുരുധര്‍മ്മ പ്രചരണസഭ ജില്ലാ രക്ഷാധികാരി മുഹമ്മ വിശ്വഗാജിമഠം സെക്രട്ടറി സ്വാമി അസ്പര്‍ശാനന്ദ, സ്വാമി ശ്രീനാരായണാനന്ദ, ഗുരുധര്‍മ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് ചന്ദ്രന്‍ പുളിങ്കുന്ന്, സെക്രട്ടറി പ്രസാദ് തഴക്കര, ട്രഷറര്‍ എം. സോമന്‍ കുന്നങ്കരി, ജോയിന്റ് സെക്രട്ടറി എം.സി. സലിം തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തുടര്‍ന്നു നടക്കുന്ന സമ്മേളനം ഗുരുധര്‍മ്മ പ്രചരണസഭ സമിതി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനു ശേഷം പുറപ്പെടുന്ന പദയാത്ര രാമങ്കരി എസ്എന്‍ഡിപിയില്‍ ഉച്ചഭക്ഷണത്തിനു ശേഷം മിത്രക്കരി ആനപ്രമ്പാല്‍ വഴി എടത്വ ടൗണില്‍ എത്തിച്ചേരും. എടത്വ മേഖല സ്വീകരണ കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈകിട്ട് അഞ്ചിന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വരവേല്‍പു നല്‍കും. കുട്ടനാട് എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി എം.ടി. പുരുഷോത്തമന്‍ യോഗം ഉദ്ഘാടനം ചെയ്യും. ഗുരുധര്‍മ്മ പ്രചരണസഭ ജില്ലാ സെക്രട്ടറി പ്രസാദ് തഴക്കര അദ്ധ്യക്ഷത വഹിക്കും. സ്വാമി അസ്പര്‍ശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.26ന് രാവിലെ പുറപ്പെടുന്ന പദയാത്ര നിരണം, മാന്നാര്‍, ചെന്നിത്തല വഴി തഴക്കര ഗുരുക്ഷേത്രത്തില്‍ രാത്രി വിശ്രമിക്കും. 27ന് രാവിലെ പദയാത്ര പ്രയാണമാരംഭിച്ച് ഇറവങ്കര, മാങ്കാംകുഴി, ചുനക്കര, ചാരുംമൂട് വഴി താമരക്കുളത്ത് കൊല്ലം ജില്ലാ കമ്മറ്റി സ്വീകരിക്കും. 29ന് വൈകിട്ട് പദയാത്ര മഹാസമാധി സന്നിധിയില്‍ എത്തും. ജില്ലയിലെ ഗുരുധര്‍മ്മ പ്രചരണസഭ ഒമ്പതു മണ്ഡലം കമ്മറ്റികളുടെ സ്വീകരണം വിവിധ മേഖലകളില്‍ നല്‍കും. കുട്ടനാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍ മണ്ഡലം കമ്മറ്റികളുടെ സ്വീകരണം കിടങ്ങറയിലും ചെങ്ങന്നൂര്‍ മണ്ഡലം കമ്മറ്റി മാന്നൂര്‍ കിം കരുണാകരന്‍ ഗുരുമന്ദിര ജങ്ഷനിലും മാവേലിക്കര ഹരിപ്പാട് മണ്ഡലം കമ്മറ്റികള്‍ പുതിയകാവിലും സ്വീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.