തങ്കഅങ്കി ഘോഷയാത്ര നാളെ സന്നിധാനത്ത് എത്തും

Wednesday 24 December 2014 10:27 pm IST

ശബരിമല: ശബരീശ സന്നിധിയില്‍ മണ്ഡലപൂജ 27ന് ഉച്ചയ്ക്ക് 12ന് നടക്കും. കളഭാഭിഷേകത്തിനുശേഷമാണ് പൂജ. തങ്ക അങ്കി ചാര്‍ത്തി തന്ത്രി കണ്ഠര് രാജീവരുടെയും മേല്‍ശാന്തി ഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരിയുടെയും കാര്‍മികത്വത്തിലാണ് മണ്ഡലപൂജ. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ ശബരിമലയില്‍ നടയ്ക്കുവച്ചതാണ് 450 പവന്‍ തൂക്കമുള്ള തങ്കഅങ്കി. ആറന്മുള ശ്രീ പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര നാളെ വൈകിട്ട് പമ്പയിലെത്തും. ക്ഷേത്രങ്ങളിലും വിവിധ സ്ഥലങ്ങളിലും ഭക്തര്‍ നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് രഥ ഘോഷയാത്ര പമ്പയിലെത്തുന്നത്. ഇന്നലെ കോന്നി മുരിങ്ങമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ വിശ്രമിച്ച രഥഘോഷയാത്ര ഇന്ന് രാവിലെ അവിടെ നിന്നും പുറപ്പെട്ട് രാത്രി റാന്നി പെരുനാട് ക്ഷേത്രത്തില്‍ വിശ്രമിക്കും. ഇവിടെ നിന്നും 26 ന് പുലര്‍ച്ചെ പുറപ്പെട്ട് വൈകുന്നേരത്തോടെ പമ്പയിലെത്തും. പമ്പയിലെത്തുന്ന തങ്ക അങ്കി ദേവസ്വം ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് 5.30ഓടെ ശരംകുത്തിയിലെത്തിക്കും. ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനാ ഭാരവാഹികളും സ്വീകരിച്ച് എഴുന്നള്ളിക്കുന്ന തങ്ക അങ്കിയെ പതിനെട്ടാംപടിക്കു മുകളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍, മെംബര്‍മാരായ സുഭാഷ് വാസു, പി.കെ. കുമാരന്‍, ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍, ചീഫ് എന്‍ജിനിയര്‍ ജോളി ഉല്ലാസ്, പോലീസ് സ്‌പെഷല്‍ ഓഫീസര്‍ എന്‍. രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിലെത്തിക്കും. തുടര്‍ന്നു തന്ത്രിയും മേല്‍ശാന്തിയും ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. മണ്ഡലപൂജാസമയത്തും തങ്കഅങ്കി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തും. അന്ന് രാത്രി പത്തിന് ഹരിവരാസനംചൊല്ലി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30നു വൈകുന്നേരം 5.30ന് തിരുനട വീണ്ടും തുറക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.