രഘുബര്‍ ദാസ് നാളെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

Saturday 27 December 2014 12:43 pm IST

ന്യൂദല്‍ഹി: ഝാര്‍ഖണ്ഡ് സംസ്ഥാന മുഖ്യമന്ത്രിയായി രഘുവര്‍ദാസ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയില്‍ നടന്ന ബിജെപി എംഎല്‍എമാരുടെ യോഗം രഘുവര്‍ദാസിനെ നിയമസഭാ കക്ഷി നേതാവായി ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. ബിജെപി ദേശീയ വൈസ് പ്രസിഡന്റായ അദ്ദേഹം തുടര്‍ച്ചയായ അഞ്ചുതവണ കിഴക്കന്‍ ജംഷഡ്പൂരില്‍ നിന്നുള്ള എംഎല്‍എയാണ്. ഗിരിവര്‍ഗ്ഗക്കാരനല്ലാത്ത സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രികൂടിയാണ് 59കാരനായ രഘുവര്‍ദാസ്. സാധാരണക്കാരനായ ഒരു തൊഴിലാളിക്ക് മുഖ്യമന്ത്രിയായി ഉയരാന്‍ സാധിക്കുന്ന ഏക പാര്‍ട്ടി ബിജെപി മാത്രമാണെന്ന് രഘുവര്‍ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബീഹാര്‍ വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിച്ച മുന്‍പ്രധാനമന്ത്രി എ.ബി വാജ്‌പേയിക്ക് കേവല ഭൂരിപക്ഷം നേടിയ വിജയം നല്‍കുകയാണ്. വാജ്‌പേയിയുടെ ആഗ്രഹമായ ഝാര്‍ഖണ്ഡിന്റെ വികസനവും സദ്ഭരണവും സാധ്യമാക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസരം നല്‍കിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും രഘുവര്‍ദാസ് പറഞ്ഞു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ സംസ്ഥാന മുഖ്യമന്ത്രി അര്‍ജ്ജുന്‍ മുണ്ട എന്നിവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ബിജെപി നേതാക്കളായ ജെ.പി നദ്ദ, വിനയ് സഹസ്രബുദ്ധെ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ നടന്ന 37 ബിജെപി എംഎല്‍എമാരുടെ യോഗമാണ് രഘുവര്‍ദാസിനെ തെരഞ്ഞെടുത്തത്. തുടര്‍ന്ന് ബിജെപി പ്രതിനിധിസംഘം രാജ്ഭവനുമായി ബന്ധപ്പെട്ട് ഗവര്‍ണ്ണര്‍ സയിദ് അഹമ്മദുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചു. ഗവര്‍ണ്ണറെ നേരില്‍ക്കണ്ട ബിജെപി നേതാക്കള്‍ കക്ഷിനേതാവിന്റെ പേരും പിന്തുണക്കത്തും നല്‍കി. ബിജെപിയുടെ 37 പേര്‍ക്ക് പുറമേ സഖ്യകക്ഷിയായ ഝാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി യൂണിയന്റെ അഞ്ചംഗങ്ങളുടെ പിന്തുണയും രഘുവര്‍ദാസിനുണ്ട്. തുടര്‍ന്ന് ഗവര്‍ണ്ണര്‍ രഘുവര്‍ദാസിനെ സര്‍ക്കാരുണ്ടാക്കാന്‍ ഔദ്യോഗികമായി ക്ഷണിച്ചു. പത്ത് കാബിനറ്റ് മന്ത്രിമാരും  നാളെ സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. ജനസംഖ്യയുടെ മൂന്നിലൊന്നു ശതമാനം വനവാസി സമൂഹത്തില്‍ നിന്നുള്ള എംഎല്‍എയെ ഉപമുഖ്യമന്ത്രിയാക്കിയേക്കുമെന്ന് സൂചനകളുണ്ട്. അങ്ങനെയെങ്കില്‍ നീലകണ്ഠ മുണ്ടയോ ശിവ് ശങ്കര്‍ ഉറവോ ഉപമുഖ്യമന്ത്രിയായേക്കും. അര്‍ജ്ജുന്‍ മുണ്ട പാര്‍ട്ടിയുടെ ദേശീയ ഉപാദ്ധ്യക്ഷ സ്ഥാനത്തെത്തുമെന്നും സൂചനകളുണ്ട്. ഝാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ 14 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാര്‍ട്ടിക്ക് തനിച്ച് അധികാരം ലഭിക്കുന്നത്. 81 അംഗ നിയമസഭയില്‍ ബിജെപിക്ക് 42 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.