പുന്നപ്ര വടക്ക് പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

Friday 26 December 2014 9:18 pm IST

പുന്നപ്ര: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. മൂന്നുമാസമായി ജലവിതരണം അവതാളത്തിലാണ്. തൂക്കുകുളം പമ്പ് ഹൗസിലെ മോട്ടോര്‍ തകരാറിലായി പമ്പിങ് നിലച്ചതിനാല്‍ കളര്‍കോടും പരിസരങ്ങളിലും നാലുദിവസം ജലവിതരണം പൂര്‍ണമായി നിലച്ചു. ദേശീയ പാതയ്ക്ക് കിഴക്ക് കാര്‍ഷിക മേഖലയുള്‍പ്പെടുന്ന നാല്, അഞ്ച്, ഏഴ്, എട്ട്, ഒമ്പതു വാര്‍ഡുകളിലാണ് മാസങ്ങളായി ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. കാര്‍ഷികമേഖലയില്‍ ജലാശയങ്ങളിലെ വെള്ളം മലിനമാണ്. പൈപ്പുവെള്ളമാണ് ജനങ്ങള്‍ക്കാശ്രയം. വാട്ടര്‍വര്‍ക്‌സ് പമ്പ് ഹൗസില്‍ നിന്നാണിവിടങ്ങളില്‍ വെള്ളമെത്തുന്നത്. മാസങ്ങളായിട്ടും തകരാര്‍ പരിഹരിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. തൂക്കുകുളം പമ്പ് ഹൗസിലെ മോട്ടോറുകളിലൊരെണ്ണം നാലുദിവസം മുമ്പ് തകരാറിലായതിനാലാണ് ഇവിടെനിന്ന് വടക്കോട്ട് കളര്‍കോട്ടും പരിസരപ്രദേശങ്ങളിലും വെള്ളം കിട്ടാതായത്. ഏതാനും മണിക്കൂറുകള്‍ കൊണ്ട് പരിഹരിക്കാമായിരുന്ന തകരാര്‍ അധികൃതര്‍ പരിഹരിച്ചില്ല. കുറുവപ്പാടം, പൂന്തുരം, ഇളയിടത്തുരുത്ത്, കണ്ണാംകുരുടി, പാടശേഖരങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് വെള്ളം കിട്ടിയിട്ട് ഒരുമാസത്തിലേറെയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.