വാളകം: യഥാര്‍ത്ഥ പ്രതികളെ മാതമേ അറസ്റ്റ് ചെയ്യൂ

Wednesday 19 October 2011 12:42 pm IST

തിരുവനന്തപുരം : വാളകം സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ മാത്രമേ അറസ്റ്റ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നുള്ളൂ എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വാളകം സംഭവവുമായി ബന്ധപ്പെട്ട്‌ പി.കെ. ഗുരുദാസന്‍ അവതരിപ്പിച്ച സബ്മിഷന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ആര്‍. ബാലകൃഷ്ണപിള്ളയെ എന്തിനാണ്‌ സര്‍ക്കാരിന്‌ ഇത്ര ഭയമെന്ന്‌ പ്രതിപക്ഷനേതാവ്‌ ചോദിച്ചു. സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്ന്‌ വീണ്ടും ഇറങ്ങിപ്പോയി. സംഭവം നടന്ന് 20 ദിവസം പിന്നിട്ടിട്ടും പ്രതികളില്‍ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണ പുരോഗതി അറിയാന്‍ താത്പര്യമുണ്ടെന്നും സബ്‌മിഷന്‍ ഉന്നയിച്ച ഗുരുദാസന്‍ പറഞ്ഞു. എന്നാല്‍ വാളകം സംഭവവുമായി ബന്ധപ്പെട്ട അന്വഷണം നേരായ രീതിയില്‍ തന്നെയാണ് നടക്കുന്നതെന്നു മുഖ്യമന്ത്രി മറുപടി പറഞ്ഞു. യഥാര്‍ഥ പ്രതിയെ മാത്രമെ അറസ്റ്റ് ചെയ്യാന്‍ കഴിയൂ. അക്രമത്തിനു വിധേയനായ അധ്യാപകന്റെ മൊഴിയില്‍ വൈരുധ്യമുണ്ട്. എന്നാല്‍ ഇപ്പോള്‍ ശാസ്ത്രീയമായ രീതിയിലാണ് അന്വേഷണം നടക്കുന്നത്. പ്രതിപക്ഷം ഒരാളെ ചൂണ്ടിക്കാട്ടി പ്രതിയെന്നു പറഞ്ഞാല്‍ അറസ്റ്റ് ചെയ്യാനാവില്ല. സര്‍ക്കാരല്ല പോലീസാണ് അന്വേഷണം നടത്തുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാല്‍ ഈ മറുപടിയില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു. ഇന്ന് രണ്ട് തവണയാണ് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തിയത്. ശമ്പളവും പെന്‍ഷനും പുതുതലമുറ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്നതു സംബന്ധിച്ചു ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ആദ്യ ഇറങ്ങിപ്പോക്ക്.