മണ്ഡലപൂജ ഇന്ന് :ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

Sunday 28 December 2014 9:53 am IST

ഘോഷയാത്രയായി എത്തിയ തങ്കഅങ്കി തന്ത്രി കണ്ഠര് രാജീവരരും മേല്‍ശാന്തി
ഇ. എന്‍. കൃഷ്ണദാസ് നമ്പൂതിരിയും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു

ശബരിമല: മണ്ഡലപൂജ ദര്‍ശിച്ച് സായൂജ്യം നേടുന്നതിന് ശബരിമലയിലേക്ക് ഭക്തജനപ്രവാഹം.  ശബരിമല മണ്ഡല തീര്‍ത്ഥാനടത്തിന് ഇന്ന് പരിസമാപ്തിയാകും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ്തങ്കഅങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കുന്നത്.

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ ശബരിമലയില്‍ നടയ്ക്ക് വച്ചതാണ് 450 പവന്‍ തൂക്കമുള്ള തങ്കഅങ്കി. ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച രഥഘോഷയാത്ര വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വെള്ളിയാഴ്ച്ച വൈകിട്ട് പമ്പയിലെത്തി. വൈകിട്ട് 5.30 ഓടെ ശരംകുത്തിയിലെത്തിയ തങ്കഅങ്കിയെ ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഉദേ്യാഗസ്ഥരും സന്നദ്ധ സംഘടനാ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്ന് പതിനെട്ടാംപടിക്ക് മുമ്പില്‍ എം.പി.ഗോവിന്ദന്‍നായരുടെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീ കോവിലിലെത്തിച്ച തങ്കഅങ്കി തന്ത്രിക്കും മേല്‍ശാന്തിക്കും കൈമാറി. തുടര്‍ന്ന് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടന്നു.
തങ്കഅങ്കി ഘോഷയാത്ര ശബരിമലയിലെത്തുന്നതുവരെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ശേഷം തീര്‍ത്ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് പ്രവേശിക്കുവാന്‍ അനുവദിച്ചിരുന്നില്ല. ഉച്ചപൂജയ്ക്ക് ശേഷം പതിനെട്ടാംപടി ചവിട്ടുവാനും ഭക്തരെ അനുവദിച്ചിരുന്നില്ല. തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് സമയം രണ്ട് മണിക്കൂര്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.