ചുള്ളി പ്രദേശത്ത് വീണ്ടും കാട്ടാന ശല്ല്യം

Friday 26 December 2014 10:46 pm IST

അങ്കമാലി: അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ ചുള്ളി പ്രദേശത്ത് വീണ്ടും കാട്ടാന ആക്രമണം.  കഴിഞ്ഞ ദിവസം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ ചുള്ളി പ്രദേശത്ത് പാറയില്‍ കിലുക്കന്‍ വീട്ടില്‍ മത്തായിയുടെ കൃഷി സ്ഥലത്ത് റബ്ബര്‍ തോട്ടത്തില്‍ കൃഷി ആവശ്യത്തിനായി കുഴിച്ച കുഴിയില്‍ വീണ ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി തിരികെ വനത്തിലേയ്ക്ക് വിട്ടു. കൃഷിയിടത്തില്‍ കൃഷി നശിപ്പിക്കുവാന്‍ എത്തിയ ആനയെ നാട്ടുകാര്‍ വിരട്ടി ഓടിച്ചപ്പോഴാണ് റബ്ബര്‍ തോട്ടത്തിലെ കുഴിയില്‍ വീണത്. ഈ പ്രദേശത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് മൃഗങ്ങളെ കാട്ടിലേയ്ക്ക് ഓടിച്ച് വിടുന്നതിനായി ജനങ്ങള്‍ സംഘടിച്ചിരുന്നു. കൊമ്പനാനയും പിടിയാനയുമല്ലാത്ത മോഴ വര്‍ഗ്ഗത്തില്‍പ്പെട്ട ആനയ്ക്ക് ഏകദേശം 12 വയസ്സ് തോന്നിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ കാലടി പ്ലാന്റേഷനില്‍ കാട്ടാനകള്‍ കൂട്ടമായെത്തി ഈ പ്രദേശത്തെ ജനങ്ങളുടെ കൃഷിയിടങ്ങള്‍ നശിപ്പിച്ചിരുന്നു. കൂടാതെ ഈ പ്രദേശങ്ങളോട് കൂടി കിടക്കുന്ന മൂക്കന്നൂര്‍ പഞ്ചായത്തിലെ ഒലിവേലിച്ചിറ എരുപ്പ് പ്രദേശങ്ങളിലും രണ്ടാഴ്ച്ചകള്‍ക്കുമുന്‍പ് കാട്ടാന ശല്യം രൂക്ഷമായിരുന്നു. അതിരപ്പിള്ളി, വാഴച്ചാല്‍ തുടങ്ങിയ വനാന്തരങ്ങളില്‍ നിന്നാണ് കാട്ടാനകള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളെത്തി കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത്. ചില സമയങ്ങളില്‍ പുലി ഉള്‍പ്പടെയുള്ള മൃഗങ്ങളും ഈ പ്രദേശങ്ങളില്‍ എത്തി കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതോടൊപ്പം തന്നെ മനഷ്യരെയും ആക്രമിക്കാറുണ്ട്. അതുകൊണ്ട് ഈ പ്രദേശത്തുള്ളവര്‍ രാത്രി ഏഴ് മണികഴിഞ്ഞാല്‍ പുറത്തിറങ്ങാറില്ല. ഓരോ പ്രാവശ്യവും കാട്ടാനയുടെയും മറ്റും ശല്യം ഉണ്ടാകുമ്പോള്‍ വൈദ്യുതി വേലി ഉള്‍പ്പെടെയുള്ളവ സ്ഥാപിക്കുമെന്ന് എംഎല്‍എ അടക്കമുള്ളവരുടെ വര്‍ഷങ്ങളായുള്ള വാഗ്ദാനങ്ങള്‍ ഒന്നുംതന്നെ ഇതുവരെയും നടപ്പിലായിട്ടില്ല. വന്യ മൃഗങ്ങളുടെ ശല്ല്യംമൂലം ഈ പ്രദേശത്തെ സ്ത്രീകളും കുട്ടികളും വൃദ്ധരും അടങ്ങുന്ന ജനങ്ങള്‍ വളരെ ഭീതിയോടെയാണ് ജീവിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.