സര്‍ക്കാരിന്റെ സ്വാശ്രയ ഉത്തരവിന്‌ സ്റ്റേ

Tuesday 28 June 2011 10:38 pm IST

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം പിജി സീറ്റുകള്‍ ഏറ്റെടുത്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്‌ ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വാശ്രയ മെഡിക്കല്‍ പിജി പ്രവേശനത്തില്‍ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ്‌ മാനേജ്മെന്റ്‌ ഫെഡറേഷന്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ഹൈക്കോടതി ഉത്തരവ്‌. ഒരു ദിവസത്തേക്കാണ്‌ സ്റ്റേ. ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്ക്‌ കീഴിലുള്ള നാല്‌ കോളേജുകളും പരിയാരം മെഡിക്കല്‍ കോളേജുമാണ്‌ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്‌. മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനം തടയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നിലവില്‍ നടത്തിയ പ്രവേശനങ്ങളില്‍ ഒരു ദിവസത്തേക്ക്‌ തല്‍സ്ഥിതി തുടരണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പിജി പ്രവേശനത്തിന്‌ സമയം നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വിധി സുപ്രീംകോടതി തീരുമാനത്തിന്‌ ശേഷം ഉണ്ടാകുമെന്ന്‌ കോടതി വ്യക്തമാക്കി. ഇതോടെ സ്വാശ്രയ പിജി പ്രവേശനത്തില്‍ ഇന്നത്തെ സുപ്രീംകോടതി തീരുമാനം നിര്‍ണായകമാവും. ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും മെറിറ്റില്‍ പ്രവേശിപ്പിക്കേണ്ട വിദ്യാര്‍ത്ഥികളുടെ വിവരം സര്‍ക്കാര്‍ നല്‍കിയില്ലെന്ന്‌ സ്വാശ്രയ മാനേജ്മെന്റുകള്‍ പരാതിപ്പെട്ടു. പിജി പ്രവേശനത്തിന്‌ സമയം നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതായി അഡ്വക്കേറ്റ്‌ ജനറല്‍ അറിയിച്ചതിനെത്തുടര്‍ന്നാണ്‌ ഇന്നലെ വിധി പറയുന്നത്‌ മാറ്റി ഇന്നുവരെ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്‌. ഫെഡറേഷന്റെ കീഴിലുള്ള നാല്‌ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളില്‍ ഈ വര്‍ഷമാണ്‌ പിജി കോഴ്സിന്‌ അനുമതി ലഭിച്ചത്‌. സര്‍ക്കാരിന്‌ 50 ശതമാനം പിജി സീറ്റ്‌ നല്‍കേണ്ടതുണ്ടോ എന്ന തര്‍ക്കമുന്നയിച്ചാണ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. പ്രവേശനത്തിനുള്ള അവസാന തീയതിയായ മെയ്‌ 31 നുശേഷം സര്‍ക്കാരിന്‌ പ്രവേശനം നടത്താനാകുമോ എന്ന നിയമപ്രശ്നവും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. ജൂണ്‍ 7 നാണ്‌ സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജി സീറ്റുകള്‍ ഏറ്റെടുത്ത്‌ ഉത്തരവിറക്കിയത്‌. സുപ്രീംകോടതിയില്‍നിന്ന്‌ അനുകൂല വിധിയുണ്ടായാല്‍ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിനുതന്നെ കിട്ടാന്‍ സാധ്യതയുള്ളതിനാല്‍ ഇത്‌ പരിപൂര്‍ണ വിജയമായി കാണുന്നില്ലെന്നാണ്‌ ക്രിസ്ത്യന്‍ മാനേജ്മെന്റ്‌ ഹൈക്കോടതി ഉത്തരവിനോട്‌ പ്രതികരിച്ചത്‌. സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച്‌ ജസ്റ്റിസ്‌ മുഹമ്മദ്‌ കമ്മറ്റിയുടെ ഹര്‍ജി പരിഗണിക്കുന്നത്‌ ഹൈക്കോടതി അടുത്ത തിങ്കളാഴ്ചത്തേക്ക്‌ മാറ്റി. മുഹമ്മദ്‌ കമ്മറ്റി നിശ്ചയിച്ച ഫീസ്ഘടന റദ്ദാക്കി വാര്‍ഷിക ഫീസ്‌ മൂന്നരലക്ഷംവരെ ഈടാക്കാമെന്ന സിംഗിള്‍ബെഞ്ച്‌ ഉത്തരവിനെതിരെ കമ്മറ്റി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും കോടതിയെ സമീപിച്ചിട്ടുണ്ട്‌. സര്‍ക്കാര്‍ അപ്പീല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ്‌ പരിഗണിക്കുന്നതിന്‌ കൂടുതല്‍ സമയം വേണമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ മുഹമ്മദ്‌ കമ്മറ്റിയുടെ ഹര്‍ജി മാറ്റിയത്‌. ഇതിനിടെ, സ്വാശ്രയ പ്രവേശനപരീക്ഷ നടത്താനുള്ള സമയം നീട്ടിനല്‍കാന്‍ കഴിയില്ലെന്ന്‌ മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ അറിയിച്ചു. സമയം നീട്ടിനല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ മാനേജ്മെന്റ്‌ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇന്ന്‌ വീണ്ടും പരിഗണിക്കും. സ്വന്തമായി പ്രവേശനപരീക്ഷ നടത്താന്‍ അനുവദിച്ചാല്‍ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന്‌ വിട്ടുനല്‍കാമെന്ന്‌ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ്‌ അസോസിയേഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. പ്രവേശനപരീക്ഷ നീട്ടുന്നത്‌ സംബന്ധിച്ച സര്‍ക്കാരിന്റെ അഭിപ്രായം കോടതി ആരാഞ്ഞു. സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പ്‌ ആയിരുന്നതിനാല്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താന്‍ കഴിഞ്ഞില്ലെന്ന്‌ മാനേജ്മെന്റ്‌ അസോസിയേഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനെ മെഡിക്കല്‍ കൗണ്‍സില്‍ എതിര്‍ത്തു. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പിനിടെയും മെഡിക്കല്‍ പ്രവേശനപരീക്ഷാ നടപടികള്‍ പൂര്‍ത്തിയായെന്ന്‌ മെഡിക്കല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. കുറഞ്ഞ മെറിറ്റുള്ളവരെ പ്രവേശിപ്പിക്കാനാണ്‌ അസോസിയേഷന്‍ പ്രവേശനപരീക്ഷ വൈകിപ്പിച്ചതെന്ന്‌ കൗണ്‍സില്‍ കോടതിയില്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.