ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Saturday 27 December 2014 9:38 pm IST

കോട്ടയം: ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. നടപടികള്‍ സ്വീകരിച്ച ശേഷം ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ജില്ലാ ആശുപത്രി സൂപ്രണ്ടും ജനുവരി 31 നകം വിശദീകരണം ഫയല്‍ ചെയ്യണം. കേസ് ഫെബ്രുവരിയില്‍ കോട്ടയത്ത് പരിഗണിക്കും. എന്‍.സി.പി. നേതാവ് പി.കെ. ആനന്ദക്കുട്ടന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതി പൂര്‍ണമായും ശരിവയ്ക്കുന്നതാണ് അധികൃതര്‍ സമര്‍പ്പിച്ച വിശദീകരണങ്ങളെന്ന് കമ്മീഷന്‍ നടപടിക്രമത്തില്‍ നിരീക്ഷിച്ചു. സി.റ്റി. സ്‌കാന്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഹൈടെന്‍ഷന്‍ പവര്‍ കണക്ഷന്‍ ലഭ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ചോര്‍ന്നൊലിക്കുന്ന വാര്‍ഡുകള്‍ അടിയന്തിരമായി നന്നാക്കണം. പ്രസവ വാര്‍ഡ് ചോര്‍ന്നൊലിക്കാന്‍ കാരണം ആസ്ബറ്റോസ് ഷീറ്റുകള്‍ കാലഹരണപ്പെട്ടതു കാരണമാണ്. വാര്‍ഡുകളുടെ അറ്റകുറ്റ പണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മോര്‍ച്ചറിയിലെ കേടുപാടുകള്‍ പൂര്‍ണമായും പരിഹരിക്കാന്‍ ലാബ്‌ലൈന്‍ കമ്പനിക്ക് എസ്റ്റിമേറ്റ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു. രോഗികള്‍ക്ക് വിവരങ്ങള്‍ ലഭിക്കാന്‍ അനേ്വഷണവിഭാഗം ആരംഭിക്കുമെന്ന് സൂപ്രണ്ട് കമ്മീഷന് ഉറപ്പുനല്‍കി. ഐ.പി കൗണ്ടറില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. കമ്പ്യൂട്ടല്‍വത്ക്കരണം ഉടന്‍ നടപ്പിലാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കുടുംബശ്രീയുടേയോ മറ്റോ സഹകരണത്തോടെ ആശുപത്രിയില്‍ കാന്റീന്‍ ആരംഭിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. ഇതിനാവശ്യമായ നടപടികള്‍ ജില്ലാപഞ്ചായത്ത് സ്വികരിക്കണം. അടിയന്തിരമായി ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണം. സര്‍ജറി, ഇ.എന്‍.റ്റി, റേഡിയോളജി വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കാമ്പസിലുള്ള റോഡുകളുടെ അറ്റകുറ്റ പണികള്‍ 2014-15 സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദ്ദേശിച്ചതായി കമ്മീഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.