കല്ലുവാതുക്കല്‍ പഞ്ചായത്ത് റോഡുകളുടെ ശവപ്പറമ്പ്

Saturday 27 December 2014 10:03 pm IST

ചാത്തന്നൂര്‍: പൊട്ടിപ്പൊളിഞ്ഞ റോഡുകളും മരണക്കുഴികളാകുന്ന ഗട്ടറുകളുമായി കല്ലുവാതുക്കല്‍ പഞ്ചായത്ത് നിവാസികള്‍ നട്ടം തിരിയുന്നു. നരേന്ദ്രമോദിസര്‍ക്കാരിന്റെ സന്‍സദ് ആദര്‍ശഗ്രാമപദ്ധതിയില്‍ കല്ലവാതുക്കല പഞ്ചായത്തിനെയും ഉള്‍പ്പെടുത്താന്‍ ഏതെങ്കിലും ജനപ്രതിനിധി തയ്യാറകണമെന്ന ആവശ്യമാണ് ഇപ്പോള്‍ നാട്ടുകാര്‍ ഉന്നയിക്കുന്നത്. വര്‍ഷങ്ങളായിട്ടും യാതൊരുവിധ അറ്റകുറ്റപ്പണികളും നടക്കാത്ത റോഡുകളാണ് പഞ്ചായത്തിലുടനീളമുള്ളതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ കാലവര്‍ഷം കഴിയട്ടെ, തുലാവര്‍ഷം കഴിയട്ടെ തുടങ്ങിയ ഉറപ്പുകള്‍ ഓരോന്നായി പറഞ്ഞ് മുന്നോട്ടുപോകുകയാണ് എംഎല്‍ഏ അടക്കമുള്ള ജനപ്രതിനിധികള്‍. പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നായ കല്ലുവാതുക്കല്‍-ഓയൂര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു. കല്ലുവാതുക്കല്‍ വില്ലേജ് ഓഫീസ് മുതല്‍ അടുതല പാലംവരെയുള്ള രണ്ടുകിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് തകര്‍ന്നത്. ഈ റോഡ് പൊളിഞ്ഞതോടെ ഇരുചക്രയാത്രക്കാരും കാല്‍നടക്കാരും ഏറെ ബുദ്ധിമുട്ടിലാണ്. കല്ലുവാതുക്കലില്‍നിന്ന് ഓയൂരിലേക്കുള്ള പ്രധാനപാതയാണ് അധികൃതരുടെ അവഗണനമൂലം പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്. അടുതല പമ്പുഹൗസിനു സമീപം റോഡിന്റെ മധ്യഭാഗം പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു. റോഡിന്റെ മധ്യേയാണ് പമ്പുഹൗസില്‍നിന്നുള്ള പ്രധാന പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. ഇടയ്ക്കിടെ പൈപ്പ് പൊട്ടിയൊഴുകിയതിനാല്‍ റോഡ് വിണ്ടുകീറുന്നു. ഇതോടെ യാത്ര ദുസ്സഹമാകുന്നു. ക്വാറികളില്‍നിന്നുള്ള ലോറികള്‍ നിരവധി ഇതുവഴി കടന്നുപോകുന്നുണ്ട്. പാറച്ചീളുകള്‍ അടുക്കി അപകടം കൂടാതെ ലോറികള്‍ പോകുമെങ്കിലും ചെറിയ വാഹനങ്ങള്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കൂടാതെ പൈപ്പ്‌ലൈന്‍ പൊട്ടിയൊഴുകുന്ന ചെളിവെള്ളം സമീപത്തെ കച്ചവടക്കാരെയും വലയ്ക്കുന്നു. പാരിപ്പള്ളി മുക്കട ജവഹര്‍ ജംഗ്ഷന്‍ റോഡും പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു. മടത്തറയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പാരിപ്പള്ളി ടൗണിലെത്താതെ ദേശീയപാതയില്‍ കയറാനുള്ള ബൈപ്പാസ് റോഡാണിത്. യാത്രക്കാര്‍ക്ക് വളരെയധികം ഉപയോഗമുള്ള ഈ റോഡ് തകര്‍ന്നിട്ടും അനങ്ങാപ്പാറ നയം സീകരിക്കുകയാണ് അധികാരികള്‍. പ്രശസ്തമായ ശ്രീരാമപുരം ക്ഷേത്രത്തിലേക്കുള്ള റോഡ് തകര്‍ന്നിട്ടു വര്‍ഷങ്ങളാകുന്നു. ദേശീയപാതയില്‍ ശ്രീരാമപുരത്ത് നിന്നും ക്ഷേത്രത്തിലേക്കുള്ള ഒരു കിലോമീറ്റര്‍ ദൂരമാണ് തകര്‍ന്നുകിടക്കുന്നത്. ക്ഷേത്രം റോഡ് തകര്‍ന്നതില്‍ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍. ഒന്നരവര്‍ഷം മുമ്പ് എംഎല്‍എ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചെലവാക്കിയെന്ന് പരസ്യബോര്‍ഡുകള്‍ നിരത്തി പ്രഖ്യാപിച്ച മീനബലം ഗുരുമന്ദിരം ശാസ്ത്രിമുക്ക് റോഡിലും യാത്ര ദുരിതമയമാണ് എല്ല് നുറുങ്ങാതെ യാത്ര ചെയ്യണമെങ്കില്‍ നല്ലനേരം നോക്കണം. ടാറിംഗ് പൊളിഞ്ഞ് ഗര്‍ത്തങ്ങളായി മാറിയ പാതയില്‍ നടക്കാന്‍പോലും കഴിയില്ല. ഈ റോഡ് നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉദ്യോഗസ്ഥരും കരാറുകാരുമായി എംഎല്‍എയുടെ പാര്‍ട്ടിക്കാര്‍ നടത്തിയ അഴിമതിയാണ് ഈ റോഡ് ഇത്രയും പെട്ടെന്ന് തകരാന്‍ കാരണമെന്നാണ് ആരോപണം. ഇളംകുളം തൊളിക്കുഴി വഴിയുള്ള വിലവൂര്‍കോണം ലിങ്ക് റോഡും തകര്‍ന്നുകഴിഞ്ഞു കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ എംഎല്‍എ അടക്കമുള്ള ഇടതുവലത് ജനപ്രതിനിധികളുടെ റോഡ് വികസനപ്രഖ്യാപനങ്ങള്‍ വഴിപാടായി മാറുകയാണെന്നതിന്റെ തെളിവുകളാണിത്. സമരങ്ങള്‍ പലതും നടന്നെങ്കിലും റോഡ്‌വികസനം ഇപ്പോഴും അന്യമാണ്. കാല്‍നടക്കാരും വിദ്യാര്‍ത്ഥികളുമാണ് യാത്രാദുരിതം കൂടുതല്‍ അനുഭവിക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് നിരവധിതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയെടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.