കടവൂരില്‍ വീടുകള്‍ക്കുനേരെ സിപിഎം അക്രമം

Saturday 27 December 2014 10:05 pm IST

കടവൂര്‍: കടവൂര്‍ കേന്ദ്രീകരിച്ച് ഒരു ഇടവേളക്കുശേഷം വീണ്ടും അക്രമം. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെയാണ് കഴിഞ്ഞദിവസം രാത്രി സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കടവൂര്‍ ഭാസ്‌കരവിലാസത്തില്‍ പ്രശാന്തിന്റെ വീടിനുനേരെയും കടവൂര്‍ കാപ്പുമുക്കിനു സമീപം ശ്രീലക്ഷ്മി വിലാസത്തില്‍ ശിവദാസന്റെ വീടിനുനേരെയുമാണ് അക്രമണം നടത്തിയത്. ശിവദാസന്റെ വീട് ഭാഗികമായി തകര്‍ന്നു. രാത്രി 11 മണിയോടെ ബൈക്കിലെത്തിയവരാണ് അക്രമണം നടത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു. ശിവദാസന്റെ വീട്ടിലെ അഞ്ച് ജനല്‍ചില്ലുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അക്രമിസംഘം മടങ്ങിയതെന്ന് പ്രശാന്ത് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അഞ്ചാലുംമൂട് എസ്‌ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. കഴിഞ്ഞദിവസം രാത്രി നീരാവില്‍ ഭാഗത്തുവച്ച് ഡിവൈഎഫ്‌ഐ വില്ലേജ് കമ്മിറ്റിയംഗത്തെയും ഒരു സംഘം അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. സ്ഥലത്തെ പ്രശ്‌നങ്ങള്‍ ചിലര്‍ മുതലെടുക്കുന്നതാണോ ഇത്തരം അക്രമങ്ങള്‍ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ അഞ്ചാലുംമൂട് പോലീസ് കേസെടുത്തു. കടവൂര്‍ പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കണമെന്ന ദുരുദ്ദേശ്യത്തോടുകൂടി ഇരുട്ടിന്റെ മറവില്‍ സിപിഎമ്മുകാര്‍ നടത്തുന്ന അക്രമങ്ങളില്‍ യുവമോര്‍ച്ച കൊല്ലം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. യഥാര്‍ത്ഥ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാനുള്ള പോലീസ്, സിപിഎം ഗൂഢാലോചനകള്‍ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ.സി.കെ. മിത്രന്‍, ജനറല്‍സെക്രട്ടറി ശ്രീനാഥ്.എ മന്ദിരം, അഖില്‍ പനയം, അനീഷ് കടവൂര്‍, മഹേഷ് ഇഞ്ചവിള എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.