കൃഷ്ണപിള്ള സ്മാരകം: നടപ്പിലാക്കിയത് ഉന്നതരുടെ ഗൂഢാലോചന

Sunday 28 December 2014 10:49 pm IST

ആലപ്പുഴ: സിപിഎമ്മില്‍ നിലനില്‍ക്കുന്ന കടുത്ത വിഭാഗീയതയ്ക്ക് താത്കാലിക ശമനമുണ്ടാക്കാനും അണികളില്‍ വൈകാരികത ആളിക്കത്തിച്ച് പാര്‍ട്ടിക്കൂറ് ഉറപ്പിക്കാനും ഉന്നത നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം നടത്തിയതായിരുന്നു കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച സംഭവമെന്ന സൂചന ബലപ്പെടുന്നു. എന്നാല്‍ സംഭവം നടന്ന ഉടന്‍ തന്നെ പ്രദേശവാസികളായ മുതിര്‍ന്ന നേതാക്കളും ഒരുവിഭാഗം പ്രവര്‍ത്തകരും പാര്‍ട്ടിക്കാര്‍ തന്നെയാണ് ഇതിനു പിന്നിലെന്ന നിലപാടെടുത്തതോടെയാണ് ചില ഉന്നതര്‍ നടത്തിയ നീക്കം ബൂമറാങ്ങായി മാറിയത്. ജില്ലയില്‍ വിഭാഗീയത ഏറ്റവും ശക്തമായി നിലനിന്ന കഞ്ഞിക്കുഴി ഏരിയ കമ്മറ്റിയിലെ വിഭാഗീയതയ്ക്ക് അയവുണ്ടാക്കാനും ചിലരെ ഒതുക്കാനുമുള്ള ഉപാധിയായി കൃഷ്ണപിള്ള സ്മാരകത്തിന് നേരെയുള്ള ആക്രമണം മാറ്റുകയായിരുന്നു ലക്ഷ്യം. വിഎസ്-ഐസക് പക്ഷത്തിന് വന്‍ ഭൂരിപക്ഷം ഉണ്ടായിരുന്ന കമ്മറ്റിയെ വിഭാഗീയത ആരോപിച്ച് പിരിച്ചുവിട്ട് ഔദ്യോഗിക പക്ഷക്കാരനായ ജില്ലാ സെക്രട്ടറിയേറ്റംഗം സജി ചെറിയാനെ ഏരിയ സെക്രട്ടറിയായി ചുമതലയേല്‍പ്പിച്ചിരുന്നു. ഇക്കാലയളവിലാണ് മാരാരിക്കുളം പോലീസ് സ്‌റ്റേഷനിലുള്ളില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും മുഹമ്മ കണ്ണര്‍കാട്ടെ ചെല്ലിക്കണ്ടം വീട്ടിലെ കൃഷ്ണപിള്ള സ്മാരകം കത്തിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്ത സംഭവങ്ങള്‍ അരങ്ങേറിയത്. ഈ രണ്ടു സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് പാര്‍ട്ടി അണികള്‍ ചൂണ്ടിക്കാട്ടുന്നു. സ്‌റ്റേഷനിലെ കോലം കത്തിച്ച കേസില്‍ സ്വന്തം അണികളെ കുരുക്കുകയും സ്മാരകം തകര്‍ത്തത് വഴി എതിര്‍ രാഷ്ട്രീയ കക്ഷികളോടുള്ള വിരോധം ആളിക്കത്തിക്കുകയുമായിരുന്നു ലക്ഷ്യം. സ്മാരകം കത്തിച്ചതിനു ശേഷം പാര്‍ട്ടി മുഖപത്രം തുടര്‍ച്ചയായി ബിജെപിക്കാരും കോണ്‍ഗ്രസുകാരുമാണ് പ്രതികളെന്ന വാര്‍ത്ത ചമയ്ക്കുകയും ചെയ്തു. എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ അറിയാതെ ഇവിടെ സ്മാരകത്തിനു നേരെ ആക്രമണമുണ്ടാകില്ലെന്ന് മുതിര്‍ന്ന പ്രാദേശിക നേതാക്കള്‍ പരസ്യമായി പറഞ്ഞതോടെയാണ് ഈ തന്ത്രം പൊളിഞ്ഞത്. മാരാരിക്കുളം പോലീസ് സ്‌റ്റേഷന്‍ സംഭവത്തിന് ഒത്താശ ചെയ്തവര്‍ തന്നെയാണ് കൃഷ്ണപിള്ള സ്മാരകം തകര്‍ക്കുന്നതിന് പിന്നിലെന്നുമാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സ്‌റ്റേഷന്‍ ആക്രമണത്തിലുണ്ടായിരുന്ന ചിലരെ കേസില്‍ നിന്നു രക്ഷപ്പെടുത്തിയതുപോലെ ഈ കേസില്‍ നിന്നും രക്ഷിക്കാമെന്ന് നേതാവ് ഉറപ്പു നല്‍കിയതോടെയാണ് സ്മാരകം കത്തിക്കാന്‍ അവര്‍ തയാറായതെന്നും പറയപ്പെടുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പാര്‍ട്ടിയിലെ വിഭാഗീയതയെ ചുറ്റിപ്പറ്റി മാത്രമാക്കുകയാണെന്നാണ് വിഎസ്-ഐസക് പക്ഷം ആരോപിക്കുന്നത്. ഇത് യഥാര്‍ത്ഥ ഗൂഢാലോചനക്കാര്‍ രക്ഷപെടാന്‍ ഇടയാക്കുമെന്നും അവര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.