മിനി അത്‌ലറ്റിക് മീറ്റില്‍ പാലക്കാടിന് കിരീടം

Sunday 28 December 2014 10:57 pm IST

സംസ്ഥാന മിനി അത്‌ലറ്റിക് മീറ്റില്‍ 141 പോയിന്റുകളോടെ ഒന്നാം സ്ഥാനം നേടിയ പാലക്കാട് കിരീടം

കൊച്ചി: മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന 38-ാംമത് സംസ്ഥാന മിനി അത്‌ലറ്റിക് മീറ്റില്‍ 141 പോയിന്റുകള്‍ നേടി പാലക്കാട് കിരീടം നിലനിര്‍ത്തി. 100 പോയിന്റോടെ തൃശൂര്‍ രണ്ടാം സ്ഥാനത്തെത്തി. 91 പോയിന്റുകള്‍ നേടിയ ഇടുക്കി ജില്ലക്കാണ് മൂന്നാം സ്ഥാനം. അതേസമയം കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ എറണാകുളത്തിന് ഇത്തവണ 66 പോയിന്റോടെ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

9 വീതം സ്വര്‍ണവും വെള്ളിയും മൂന്ന് വെങ്കലവുമാണ് പാലക്കാടിന്റെ നേട്ടം. തൃശൂര്‍ ഏഴു സ്വര്‍ണവും മൂന്നു വീതം വെള്ളിയും വെങ്കലവും നേടി. ഇടുക്കി നാലും എറണാകുളം രണ്ടും സ്വര്‍ണം നേടി. പത്തനംതിട്ടക്ക് പോയിന്റ് പട്ടികയില്‍ ഇടംപിടിക്കാനായില്ല. പത്തു വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടും (38), ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരും (55) ജേതാക്കളായി.

12 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയും (28), ആണ്‍കുട്ടികളില്‍ തൃശൂരുമാണ് (39) ഒന്നാമതെത്തിയത്. ചാമ്പ്യന്‍ഷിപ്പ് രാവിലെ യൂത്ത് ഒളിമ്പിക്‌സ് താരം കെ. ടി നീന ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍ എ.എഫ്.ഐ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ടോണി ഡാനിയേല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി എം. വേലായുധന്‍ കുട്ടി, ട്രഷറര്‍ വി. സി അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.