ഗുരുദേവ സര്‍വകലാശാല: സര്‍ക്കാര്‍ കടമ നിറവേറ്റണം

Monday 29 December 2014 9:37 pm IST

നാരായണ ഗുരുദേവന്റെ പേരില്‍ രാജ്യത്ത് ഒരു സര്‍വ്വകലാശാല സ്ഥാപിക്കാന്‍ വേണ്ടത്ര സ്വാധീനം ചെലുത്തുവാന്‍ ഒരു മേഖലയ്ക്കും കഴിയാതെ വരുന്നുവെന്നത് ദുഃഖകരമെന്നു പറയേണ്ടിവരുന്നു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഒറ്റപ്പെട്ട ശബ്ദങ്ങള്‍ പലപ്പോഴും ഉയരുന്നുവെന്നതു മറച്ചുവയ്ക്കുന്നില്ല. ഒറ്റപ്പെട്ട ശബ്ദങ്ങളുടെ പരിഗണന പലപ്പോഴും പാഴാകുകയാണ് എന്ന കാര്യവും പലതുകൊണ്ടും നമുക്കു ചൂണ്ടിക്കാട്ടാനാവും. ഇപ്രകാരം പാഴാക്കാവുന്ന ഒന്നല്ല ഗുരുദേവന്റെ പേരില്‍ സര്‍വ്വകലാശാല എന്ന ആവശ്യം.ഭാരതസര്‍ക്കാര്‍  ആ കടമ നിറവേറ്റേണ്ടതാണ്. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളും അവയെ പലതലത്തിലും പ്രതിനിധീകരിക്കുന്ന പ്രതിനിധികളും തങ്ങളുടെ മുഖ്യമായ പരിഗണനാവിഷയങ്ങളില്‍ ഗുരുദേവന്റെ പേരില്‍ യൂണിവേഴ്‌സിറ്റി ഉണ്ടാകണമെന്നതു ഉള്‍പ്പെടുത്തേണ്ടതാണ്. ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ തുടര്‍നടപടി സ്വീകരിക്കേണ്ട ജനപ്രതിനിധികള്‍ മൗനംപാലിച്ചുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നിയമസഭയിലും പാര്‍ലമെന്റിലും ഉന്നയിക്കേണ്ടവ യഥാസമയം ഉന്നയിച്ചു പരിഹാരം കാണാന്‍ വിമുഖത കാട്ടുമ്പോള്‍ അനായാസം സാധിച്ചെടുക്കാവുന്ന പലതും നമുക്കു കൈവിട്ടുപോകുന്നു. ഈ ദുര്‍ഗതി ഗുരുവിന്റെ പേരില്‍ പ്രതീക്ഷിക്കുന്ന സര്‍വ്വകലാശാലയ്ക്കു സംഭവിക്കാതിരിക്കട്ടെ. ഭാരതത്തിന്റെ നവോത്ഥാനനായകരില്‍ പ്രഥമ സ്ഥാനം അര്‍ഹിക്കുന്ന പുണ്യാത്മാവാണ് ശ്രീനാരായണഗുരുദേവന്‍. തപാല്‍ സ്റ്റാമ്പിലൂടെയും നാണയത്തിലൂടെയും ഗുരുദേവനെ ലോകസമക്ഷം അവതരിപ്പിച്ച ഭാരതസര്‍ക്കാര്‍ ഗുരുദേവ കൃതികളെല്ലാം എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തുവാന്‍ തീരുമാനിക്കുകയുണ്ടായല്ലോ. തപാല്‍ സ്റ്റാമ്പിനുവേണ്ടി യശഃശരീരനായ ഏകെജിയും നാണയത്തിനുവേണ്ടി പി. സി. തോമസും, ഗുരുദേവകൃതികള്‍ എല്ലാ ഭാഷകളിലും പ്രസിദ്ധീകരിക്കുവാന്‍ പി. ടി. തോമസ്സും മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുകയും തങ്ങള്‍ അലങ്കരിച്ച പദവികളിലൂടെ വേണ്ട്രത സ്വാധീനം ചെലുത്തുവാനും ശ്രദ്ധിച്ചിരുന്നുവെന്നതാണ് ഇവിടെ വെളിവാകുന്നത്. കേരളത്തില്‍ കാസര്‍ഗോഡു കേന്ദ്രമാക്കി കേന്ദ്ര സര്‍വ്വകലാശാല പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ അവതാരംകൊണ്ടു പുണ്യംനിറഞ്ഞ കേരളത്തിലെ കേന്ദ്ര സര്‍വ്വകലാശാലയ്ക്കു ''ശ്രീനാരായണ ഗുരുകേന്ദ്ര സര്‍വ്വകലാശാല'' എന്നു നാമകരണം ചെയ്യാവുന്നതാണ്. ഏതുകാര്യത്തിനും വേണ്ടി വരുന്നതുപോലെ ശക്തമായ പൊതുവികാരം ഇക്കാര്യത്തിലും ഉണ്ടാകണമെന്നു മാത്രം. കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളത്തില്‍നിന്നുമുള്ള ജനപ്രതിനിധികള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുമെന്നു പ്രതീക്ഷിക്കാം. രാജ്യംഭരിച്ച മുന്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഇക്കാര്യം ശിവഗിരിമഠം സമര്‍പ്പിച്ചുവെങ്കിലും തുടര്‍നടപടി സ്വീകരിക്കുന്നതില്‍ പ്രതീക്ഷിച്ച ഫലം കാണാനായില്ല. ഗുരുദേവദര്‍ശനം ലോകശ്രദ്ധ പതിയണമെന്നും അതിനു താന്‍ ശക്തമായി നിലകൊള്ളുമെന്നും പല എംപിമാരും നിരവധിവേള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വേദിയിലും മറ്റിതരവേദികളിലും ശബ്ദിക്കാറുണ്ട്. ഇത്തരക്കാര്‍ക്കു തങ്ങളുടെ ആത്മാര്‍ത്ഥത ഇക്കാര്യത്തില്‍ തെളിയിക്കാനുള്ള സാഹചര്യം ഇതാണെന്ന് ഓര്‍മ്മിപ്പിക്കട്ടെ. മഹാന്മാരുടെ പേരില്‍ സര്‍വ്വകലാശാലകള്‍ കേന്ദ്രതലത്തില്‍ ബുദ്ധിമുട്ടാണെന്നു ഒരുപക്ഷേ പറഞ്ഞേക്കാം. രാജ്യത്തു ഇന്നുള്ള നാല്‍പതു കേന്ദ്രസര്‍വ്വകലാശാലകളില്‍ പതിനഞ്ചില്‍ പരം എണ്ണവും ദേശീയ വ്യക്തിത്വങ്ങളുടെ നാമത്തിലാണെന്നു കാണാം. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹൃ, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ഡോ. ബി. ആര്‍. അംബേദ്ക്കര്‍, എച്ച്. എന്‍. ബഹുഗുണ, മൗലാനാ ആസാദ്, ഗുരുഗാന്ധിദാസ്, ഡോ. ഹരിസിംഗ് ഗൗര്‍ തുടങ്ങിയ മഹത്തുക്കളുടെപേരില്‍ കേന്ദ്രസര്‍വ്വകലാശാലകള്‍ രാജ്യത്തു പ്രവര്‍ത്തിച്ചു വരുന്നു. ഇത്തരുണത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ നാമത്തില്‍ സര്‍വ്വകലാശാല സ്ഥാപിക്കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുമാവില്ല. ഏറ്റവും ഉചിതമായ നടപടി ഗുരുദേവന്‍ പിറന്ന മലയാളക്കരയില്‍നിലവില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാലയ്ക്കു ശ്രീനാരായണഗുരു കേന്ദ്ര സര്‍വ്വകലാശാല എന്നു നാമകരണം ചെയ്യുകയെന്നതാണ്. ഇപ്പോള്‍ രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ 2014ലെ തെരഞ്ഞെടുപ്പില്‍ പ്രകടനപത്രികയില്‍ (കേരളം) ശ്രീനാരായണഗുരുവിന്റെയും മറ്റു സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും സ്മരണ നിലനിര്‍ത്തുവാന്‍ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുനര്‍നാമകരണം ചെയ്യുമെന്നു പ്രഖ്യാപിക്കുകയും ചെയ്യുകയുണ്ടായി. പ്രധാനമന്ത്രി പദത്തിലെത്തും മുമ്പ് നരേന്ദ്രമോദി ഗുജറാത്തു മുഖ്യമന്ത്രിയായിരിക്കെ ശിവഗിരിയില്‍ എത്തിയപ്പോള്‍ ആശാവഹമായ പല പ്രതീക്ഷകളും ഗുരുദേവ വിശ്വാസികളില്‍ സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പാര്‍ട്ടിയുടെ കേരളഘടകം നേതാക്കള്‍ക്കും ഇതേ താല്‍പര്യം ഉന്നയിക്കാവുന്നതേയുള്ളു. എണ്‍പത്തിരണ്ടാമതു ശിവഗിരി തീര്‍ത്ഥാടന മഹോത്സവത്തിലെ മുഖ്യ ഇനങ്ങളിലൊന്നായ തീര്‍ത്ഥാടന സമ്മേളനത്തില്‍ ഗുരുദേവന്റെ പേരില്‍ സര്‍വ്വകലാശാല എന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തരവകുപ്പുമന്ത്രി രാജ്‌നാഥ് സിംഗാണ് തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുക. ഈ ആവശ്യം ഉന്നയിക്കാന്‍ കഴിയുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വേദി പങ്കിടുന്നുമുണ്ട്. വളരെ സജീവമായ ചര്‍ച്ചകളും തുടര്‍നടപടികളും ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ലല്ലോ. എന്തായാലും ഒരു കാര്യം തീര്‍ച്ച, ഭഗവാന്‍ ശ്രീനാരായണഗുരുദേവന്റെ നാമധേയത്തില്‍ കേന്ദ്രസര്‍വ്വകലാശാലവേണമെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാകും തീര്‍ത്ഥാടന സമ്മേളനം ശ്രവിക്കുന്നവര്‍ തിരികെ പോകുക. (ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവും ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറിമായുണ് ലേഖകന്‍).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.