കൃഷ്ണപിള്ള സ്മാരകം കത്തിക്കല്‍; മാനക്കേടിന്റെ നിഴലില്‍ സിപിഎം ജില്ലാ സമ്മേളനം

Monday 29 December 2014 10:00 pm IST

ആലപ്പുഴ: പാര്‍ട്ടി സ്ഥാപകാചാര്യന്‍ പി. കൃഷ്ണപിള്ളയുടെ സ്മാരകവും പ്രതിമയും സ്വന്തം അണികള്‍ തകര്‍ത്തതിന്റെ മാനക്കേടിന്റെ നിഴലില്‍ സിപിഎം സംസ്ഥാന സമ്മേളനം ഒന്നു മുതല്‍ മൂന്നു വരെ ചാരുംമൂട്ടില്‍ നടക്കും. വിഭാഗീയത അതിരൂക്ഷമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പോലും കടത്തിവെട്ടുന്ന തമ്മിലടിയും പോരുവിളിയും ജില്ലാ കമ്മറ്റിയില്‍ വരെ അരങ്ങേറിയ പശ്ചാത്തലത്തിലാണ് ഇത്തവണ ജില്ലാ സമ്മേളനം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മുതിര്‍ന്ന സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തിലല്ലാതെ ജില്ലാ കമ്മറ്റി യോഗം പോലും ചേരാന്‍ കഴിയാത്ത ഗതിടേകിലാണ് പാര്‍ട്ടി നേതൃത്വം. കൃഷ്ണപിള്ള സ്മാരക കേസില്‍ ജില്ലാ സമ്മേളനം കഴിയുന്നതുവരെ ക്രൈംബ്രാഞ്ചിനെ സ്വാധീനിച്ച് മുതിര്‍ന്ന നേതാക്കളുടെ ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍ സാധിച്ചുവെന്നത് മാത്രമാണു ഏകാശ്വാസം. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളും ഏതുദിവസവും ചോദ്യം ചെയ്യലിനു ഹാജരാകേണ്ടി വരുമെന്നതാണ് മറ്റൊരു ദുരവസ്ഥ. കഴിഞ്ഞ സമ്മേളനത്തില്‍ നിന്നു വിരുദ്ധമായി നയിക്കാന്‍ നേതാവു പോലുമില്ലാതെ പടയ്ക്കു മുമ്പുതന്നെ പരാജയം സമ്മതിച്ച അവസ്ഥയിലാണു വിഎസ്-ഐസക് പക്ഷം. അച്യുതാനന്ദന്‍ മുഖ്യധാരയില്‍ നിന്നൊഴിവാക്കപ്പെടുകയും തോമസ് ഐസക് അണികളെ കൈവിട്ടു സ്വന്തം നിലനില്‍പ്പിനായി ഔദ്യോഗിക പക്ഷത്തോടു കൂറു പ്രഖ്യാപിക്കുകയും ചെയതതോടെ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവിനെ മുന്‍നിര്‍ത്തിയാണു വിഎസ്-ഐസക് പക്ഷം കളത്തിലിറങ്ങുന്നത്. എന്നാല്‍ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ചന്ദ്രബാബുവിനെ മറുപക്ഷം നിരായുധനാക്കി കഴിഞ്ഞു. കഴിഞ്ഞ സമ്മേളനത്തില്‍ ജില്ലാ സമ്മേളന പ്രതിനിധികളുടെ എണ്ണത്തിലും ഏരിയ കമ്മറ്റികളിലെ ആധിപത്യത്തിലും മൃഗീയ ഭൂരിപക്ഷം വിഎസ്-ഐസക് പക്ഷത്തിനായിരുന്നു. എന്നാല്‍ പിണറായി വിജയന്റെ പിന്തുണയോടെ സുധാകര പക്ഷം ജില്ലാ കമ്മറ്റി പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ ചിത്രം ആകെ മാറിക്കഴിഞ്ഞു. പതിനഞ്ച് ഏരിയ കമ്മറ്റികളില്‍ പന്ത്രണ്ടും സുധാകര പക്ഷത്താണ്. 386 ജില്ലാ സമ്മേളന പ്രതിനിധികളില്‍ മുന്നൂറിലേറെയും സുധാകര പക്ഷക്കാരാണ്. ഈ സാഹചര്യത്തില്‍ സമ്മേളന നടപടികള്‍ ഏകപക്ഷീയമാകാനാണു സാദ്ധ്യത. മൂന്നുതവണ തുടര്‍ച്ചയായി സെക്രട്ടറി സ്ഥാനം വഹിക്കാമെന്ന ആനുകൂല്യമുണ്ടെങ്കിലും പാര്‍ട്ടിയില്‍ ഏതാണ്ടു ഒറ്റപ്പെട്ടു കഴിഞ്ഞ ചന്ദ്രബാബു ഇത്തവണ സെക്രട്ടറി സ്ഥാനം ഒഴിയുമെന്നാണു വിവരം. വിഭാഗീയത രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന കമ്മറ്റിയംഗത്തിനു ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കിയാലും അത്ഭുതപ്പെടേണ്ടി വരില്ലെന്നും ഒരുവിഭാഗം പറയുന്നു. സംസ്ഥാന സെക്രട്ടറിയുടെ ഇടപെടലുകളാകും അവസാന നിമിഷം കമ്മറ്റി തെരഞ്ഞെടുക്കലിനെ സ്വാധീനിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.