ബിനുവിന്റെ മരണം; പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Monday 29 December 2014 10:21 pm IST

അഞ്ചാലുംമൂട്: കടവൂര്‍ നീരാവില്‍ ഭാഗത്ത് ചീട്ടുകളിച്ചുകൊണ്ടിരുന്ന യുവാക്കളെ ലാത്തിക്ക് അടിച്ചോട്ടിച്ച സംഭവത്തില്‍ യുവാവ് മരിച്ച നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് യുവാവായ ബിനുവിന്റെ ബന്ധുക്കളും നാട്ടുകാരും ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലേക്ക് ബഹുജനമാര്‍ച്ച് നടത്തി. കടവൂരില്‍ നിന്നാരംഭിച്ച മാര്‍ച്ച് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന് സമീപം നൂറുമീറ്റര്‍ മാറി പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടര്‍ന്നു നടന്ന പ്രതിഷേധയോഗം ആര്‍എസ്പി നേതാവ് പ്രേംദാസ് ഉദ്ഘാടനം ചെയ്തു. ബിനുവിന്റെ മരണം പോലീസ് മര്‍ദ്ദനത്തെതുടര്‍ന്നുതന്നെയാണെന്നും ഇതിനുത്തരവാദിയായ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലെ സിപിഒ ജോയിക്കുമേല്‍ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് പ്രേംദാസ് പറഞ്ഞു.സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പ്രതിപക്ഷനേതാവിനും ആക്ഷന്‍ കൗണ്‍സില്‍ പരാതി നല്‍കി. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം. സിപിഒ ജോയിയെ സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തി ജോയിക്കുമേല്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പി.കെ.ഗുരുദാസന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ നേരിടാന്‍ വന്‍പോലീസ് സന്നാഹം അഞ്ചാലുംമൂട് സ്റ്റേഷനിലുണ്ടായിരുന്നു. സംഭവം കൊലപാതകമല്ലെന്നും പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും അഞ്ചാലുംമൂട് പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.