ദൈവദശകം ലോകഭാഷകളിലേക്ക് പരിഭാഷപ്പെടുത്തണം: ഗവര്‍ണര്‍

Tuesday 30 December 2014 12:49 pm IST

വര്‍ക്കല:എണ്‍പത്തിരണ്ടാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി. രാവിലെ 5.45ന് മഹാസമാധിമന്ദിരത്തില്‍ വിശേഷാല്‍ ഗുരുപൂജ, സമൂഹ പ്രാര്‍ത്ഥന എന്നിവകള്‍ക്ക് ശേഷം രാവിലെ 7.30ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധര്‍മ്മപതാക ഉയര്‍ത്തിയതോടെ തീര്‍ത്ഥാടന പരിപാടികള്‍ക്ക് തുടക്കമായി. കേരളാ ഗവര്‍ണ്ണര്‍ പി.സദാശിവം ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു. മതേതര ദൈവസങ്കല്‍പ്പത്തെ വാഴ്ത്തുന്ന ദൈവദശകം പ്രാര്‍ത്ഥന എല്ലാ ഭാരതീയ ഭാഷകളിലേക്കും ലോക ഭാഷകളിലേക്കും പരിഭാഷപ്പെടുത്തണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗുരുസന്ദേശങ്ങള്‍ക്ക് കാലാതീതമായ പ്രസക്തിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ്‌സ്വാമി പ്രകാശാനന്ദ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു. സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണവും, സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തി. വര്‍ക്കല കഹാര്‍ എംഎല്‍എ, സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ എന്നിവര്‍ സംസാരിച്ചു. 11.30ന് നടന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ ഡോ.കെ.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. തോട്ടം രാജശേഖരന്‍ വിഷയാവതരണം നടത്തി. ജില്ലാ കളക്ടര്‍ ഡോ.ബിജുപ്രഭാകര്‍ ആശംസാപ്രസംഗം നടത്തി. ഉച്ചയ്ക്ക് 12 ന് ശുചിത്വഭാരതം ഗുരുദര്‍ശനത്തിലൂടെ എന്ന സമ്മേളനം കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രേയ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ.എം.കെ. മുനീര്‍ അദ്ധ്യക്ഷത വഹിക്കും. മുന്‍മന്ത്രി തോമസ് ഐസക് മുഖ്യാതിഥിയായിരിക്കും. ഡോ.വാസുകി ഐഎഎസ് വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 2ന് നടക്കുന്ന ശ്രീനാരായണ പ്രസ്ഥാനം ദേശീയ ധാരയില്‍ എന്ന സെമിനാര്‍ കേന്ദ്രമന്ത്രിരാംവിലാസ് പാസ്വാന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി അദ്ധ്യക്ഷത വഹിക്കും. വൈകുന്നേരം 5ന് നടക്കുന്ന ദൈവദശക രചനാ ശതാബ്ദി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.