ഇരിട്ടി(കണ്ണൂര്‍): ലോറിയും ക്വാളിസ് വാനും കൂട്ടിയിടിച്ച് 7 ദിവസം പ്രായമായ കുഞ്ഞും അമ്മൂമ്മയും മരിച്ചു. വണ്ടിയിലുണ്ടായിരുന്ന മറ്റുള്ളവരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉളിക്കല്‍ മുണ്ടാന്നൂര്‍ സ്വദേശികളായ ഇടവക്കുന്നേല്‍ ചിന്നമ്മ (68), സജേഷ് – വിക്ടോറിയ ദമ്പതികളുടെ 7 ദിവസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് ശേഷം 3 മണിയോടെ മട്ടന്നൂര്‍ ഇരിട്ടി റോഡില്‍ ഉളിയില്‍ കൂരന്‍മുക്കില്‍ ആയിരുന്നു അപകടം. വിക്ടോറിയയുടെ പ്രസവ ശേഷം ആശുപത്രിയില്‍ നിന്നും മുണ്ടാന്നൂരിലെ വീട്ടിലേക്കു വരുമ്പോഴായിരുന്നു അപകടം. ഇരിട്ടി ഭാഗത്തു നിന്നും മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ലോറിയുമായുള്ള കൂട്ടിയിടിയില്‍ വാനിന്റെ മുന്‍ഭാഗം മുഴുവനായും തകര്‍ന്നു.
വാനിനുള്ളില്‍ കുടുങ്ങിയവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് വാന്‍ വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. വാനിന്റെ ഡ്രൈവര്‍ ബെന്നി, പാലാത്തിങ്കല് ബേബി, മരിച്ച കുഞ്ഞിന്റെ അമ്മ വിക്ടോറിയ എന്നിവരെ കണ്ണൂര്‍ എകെജി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: