ജില്ലാ സമ്മേളനങ്ങള്‍ നാളെ തുടങ്ങും വിഎസ് അജണ്ട നിശ്ചയിച്ചു

Tuesday 30 December 2014 10:01 pm IST

ആലപ്പുഴ: വിഭാഗീയത പൂര്‍ണമായി ഇല്ലായ്മ ചെയ്‌തെന്ന അവകാശവാദവുമായി ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമിടാനുള്ള സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ നീക്കം വി.എസ്. അച്യുതാനന്ദന്‍ പൊളിച്ചു. പതിവുപോലെ വിഎസിനെയും അദ്ദേഹത്തിന്റെയും നിലപാടുകളെയും കേന്ദ്രീകരിച്ചായിരിക്കും ഇത്തവണയും സമ്മേളനങ്ങള്‍ നടക്കുക. ഔദ്യോഗിക പക്ഷത്തെ പ്രകോപിപ്പിച്ച് പാര്‍ട്ടിയുടെ അജണ്ട നിശ്ചയിക്കുക എന്ന എക്കാലത്തെയും തന്ത്രമാണ് വിഎസ് ഇത്തവണയും ഫലപ്രദമായി നടപ്പാക്കിയത്. പാര്‍ട്ടി സ്ഥാപക നേതാവായ കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച കേസില്‍ മൗനത്തിലായിരുന്ന സംസ്ഥാന നേതൃത്വത്തെ കൊണ്ട് ഈ വിഷയത്തില്‍ പ്രതികരിപ്പിക്കുക എന്ന ലക്ഷ്യം വിഎസ് നേടിക്കഴിഞ്ഞു. കഴിഞ്ഞ ഒക്‌ടോബര്‍ 31ന് പുലര്‍ച്ചെ കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ടതിനു ശേഷം ഒരു തവണ മാത്രമാണു സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയത്. കോണ്‍ഗ്രസ് ഗുണ്ടകളാണു അക്രമത്തിനു പിന്നിലെന്നായിരുന്നു പിണറായി അന്ന് പ്രഖ്യാപിച്ചത്. തകര്‍ന്ന സ്മാരകം സന്ദര്‍ശിക്കാന്‍ പോലും പിണറായി തയാറായില്ല. സ്മാരകം കത്തിച്ചതിനെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രവര്‍ത്തകരും നേതാക്കളും രേഖാ മൂലവും അല്ലാതെയും സംസ്ഥാന നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ബ്രാഞ്ച്, ലോക്കല്‍, ഏരിയ സമ്മേളനങ്ങളിലും ഈ വിഷയം പ്രതിനിധികള്‍ ഉന്നയിച്ചെങ്കിലും മൗനമായിരുന്നു മറുപടി. വേലിത്തര്‍ക്കത്തില്‍ പോലും അന്വേഷണ കമ്മീഷനെ നിയോഗിക്കുന്ന പാര്‍ട്ടിയുടെ ഈ നിലപാടു ദുരൂഹമായി തുടരുന്നു.യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം നടത്താന്‍ പോലും പാര്‍ട്ടി തയാറായില്ല. ഇതിനിടെയാണ് കഴിഞ്ഞമാസം വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി.ചന്ദ്രന്‍ അടക്കമുള്ള അഞ്ചു പാര്‍ട്ടി പ്രവര്‍ത്തകരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ വാര്‍ത്ത പുറത്തുവന്നു മണിക്കൂറുകള്‍ക്കകം ഇവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്താതെ പോലീസ് റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തകരെ കുറ്റക്കാരെന്നു മുദ്രകുത്തി പുറത്താക്കിയത് അംഗീകരിക്കാനാവില്ലെന്നു വിഎസ് പരസ്യമായി പ്രതികരിച്ചു. ലാവലിന്‍ കേസും ടിപി വധക്കേസും ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. 'തന്തയേയും തള്ളയേയും തല്ലുന്നവരല്ല നമ്മുടെ കുട്ടികളെന്ന്' അദ്ദേഹം പ്രതികളെ പിന്തുണച്ച് പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാന സമ്മേളനത്തിനു ശേഷം കൃഷ്ണപിള്ള സ്മാരക വിഷയത്തില്‍ എന്തു നിലപാടു സ്വീകരിക്കണമെന്നതിനെ കുറിച്ച് ആലോചിക്കാമെന്ന തീരുമാനത്തിലായിരുന്നു സംസ്ഥാന നേതൃത്വം. എന്നാല്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്തവരാണ് സ്മാരകം കത്തിക്കലിനു പിന്നിലെന്ന് വിഎസ് പരസ്യമായി പ്രതികരിച്ചതോടെ ഔദ്യോഗിക നേതൃത്വം വെട്ടിലായി. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ ഒറ്റുകൊടുത്ത ടി.കെ. പളനിയടക്കമുള്ളവരാണു സ്മാരകം തകര്‍ത്തനെന്നു കൂടി വിഎസ് പറഞ്ഞതോടെ പൊടുന്നനെ പ്രതികരിക്കേണ്ട ഗതികേടിലായി സംസ്ഥാന നേതൃത്വം. വിഎസ് ഉദ്ദേശിച്ചതും ഇതുതന്നെയായിരുന്നുവെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ എരിയ കമ്മറ്റിയംഗം ടി.കെ. പളനി പ്രതിയാണെന്നു വിഎസ് ആരോപിക്കുമ്പോള്‍, മുന്‍ പോളിറ്റ്ബ്യൂറോ അംഗവും കേന്ദ്രകമ്മറ്റി അംഗവുമായ അച്യുതാനന്ദനാണ് സ്മാരകം അക്രമിച്ചതിനു പിന്നിലെന്നു പളനി തിരിച്ചടിക്കുന്നു. 31ഏരിയ കമ്മറ്റിയംഗം പറയുന്നതാണോ, കേന്ദ്രകമ്മറ്റി അംഗം പറയുന്നതാണോ ശരിയെന്ന് വ്യക്തമാക്കേണ്ട ഗതികേടിലാണു സിപിഎം. പാര്‍ട്ടി തലത്തില്‍ അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തുക, സമ്മേളനങ്ങളില്‍ സ്മാരകം തകര്‍ത്തത് സജീവ ചര്‍ച്ചാവിഷയമാക്കുക എന്നീ ലക്ഷ്യങ്ങളാണ് വിഎസിനുള്ളത്. അതില്‍ അദ്ദേഹം ആദ്യ റൗണ്ട് വിജയം നേടിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.