മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

Tuesday 30 December 2014 11:51 pm IST

ശബരിമല: ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ മകരവിളക്ക് മഹോത്സവത്തിനായി ശബരിമലനട തുറന്നു. ഇന്നലെ വൈകിട്ട് 5.30ന് തന്ത്രി കണ്ഠര് രാജീവരര്, മേല്‍ശാന്തി ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് തിരുനട തുറന്നു. ഗണപതിയേയും നാഗരാജാവിനേയും വണങ്ങി ശ്രീകോവിലിന് പ്രദക്ഷിണംവെച്ചശേഷമാണ് നടതുറന്ന് ദീപം തെളിയിച്ചത്. തുടര്‍ന്ന് പതിനെട്ടാംപടിയിറങ്ങി മഹാആഴിയില്‍ കര്‍പ്പൂരം തെളിയിച്ചതോടെ മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി. ഇന്നലെ സന്നിധാനത്ത് പ്രത്യേക പൂജകളൊന്നും ഉണ്ടായിരുന്നില്ല. മാളികപ്പുറത്ത് മേല്‍ശാന്തി എസ്. കേശവന്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍,അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടി.കെ.അജിത് പ്രസാദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നടതുറന്ന ഇന്നലെ വന്‍ ഭക്തജനത്തിരക്കാണ് ദര്‍ശനത്തിന് അനുഭവപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരടക്കം സന്നിധാനത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. മണ്ഡലപൂജയ്ക്ക് ശേഷം നട അടച്ചിരുന്നതിനാല്‍ പമ്പയില്‍ വിരിവെച്ച് കാത്തിരുന്ന ഭക്തരാണ് നടതുറന്നപ്പോള്‍ ദര്‍ശനത്തിനായി എത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുമടക്കം കാല്‍നടയായി എത്തുന്ന തീര്‍ത്ഥാടകസംഘങ്ങളും സന്നിധാനത്തേക്ക് പ്രവഹിക്കുകയാണ്. ഭക്തജനത്തിരക്ക് പരിഗണിച്ച് നടതുറക്കുന്ന സമയത്തില്‍ മാറ്റം വരുത്തുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.