നദീസംയോജന പദ്ധതികൾ വേഗത്തിലാക്കണം: പ്രധാനമന്ത്രി നരേന്ദ്ര മോദി

Tuesday 30 December 2014 10:31 pm IST

പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജനയുമായി ബന്ധപ്പെട്ട് നടന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

ന്യൂദൽഹി: രാജ്യത്തെ നദീസംയോജന പദ്ധതികൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശം. പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജനയുമായി ബന്ധപ്പെട്ടു നടന്ന ഉന്നതതല യോഗത്തിലാണ് നദീസംയോജന പ്രക്രിയ ഊർജ്ജിതമാക്കാൻ ജലവിഭവ മന്ത്രാലയത്തിന് മോദി നിർദ്ദേശം നൽകിയത്.

ബൃഹത്തായ പദ്ധതികൾ എത്രയും വേഗത്തിൽ ഏറ്റെടുത്ത് നടപ്പാക്കിത്തുടങ്ങണമെന്നു നിർദ്ദേശിച്ച പ്രധാനമന്ത്രി നദികളുടെ സമഗ്രമായ ഭൂപടം തയ്യാറാക്കുന്ന ജോലികൾ പൂർത്തിയാക്കാനും നിർദ്ദേശിച്ചു. സാറ്റലൈറ്റ് ചിത്രങ്ങളും ത്രിമാന ഫോട്ടോകളും ഭൂപട നിർമ്മാണത്തിന് ഉപയോഗിച്ചുകൊണ്ട് പ്രക്രിയയുടെ വേഗത കൂട്ടണം. ഗ്രാമങ്ങളിലെ ജലസേചന മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും സാറ്റലൈറ്റ് ചിത്രങ്ങളും ത്രിമാന ഫോട്ടോകളും സഹായിക്കും, മോദി പറഞ്ഞു.

നഗരങ്ങളിലെ പാഴാക്കുന്ന ജലം ശുദ്ധീകരിച്ച് ഗ്രാമീണ മേഖലയിൽ കൃഷിയാവശ്യത്തിന് നൽകുന്നതിന്റെ സാധ്യത പ്രയോജനപ്പെടുത്തണം. നല്ല രീതിയിൽ കാർഷികവൃത്തി ചെയ്യുന്ന കർഷകരിൽ നിന്നും മികച്ച ജനസേചന മാർഗ്ഗങ്ങൾ കണ്ടെത്തണം.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയെ പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജനയുമായി ബന്ധിപ്പിച്ച് നടപ്പാക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. യോജനയിലെ എല്ലാ പദ്ധതികളേയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തും. ദേശീയ തൊഴിലുറപ്പ് പദ്ധതികൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജലസേചന പദ്ധതികളിൽ മാത്രമാണ് നടപ്പാക്കിയത്. എന്നാൽ പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജനയിലെ എല്ലാ പദ്ധതികളിലേക്കും ഇതു വ്യാപിപ്പിക്കണം. ഇതിന്റെ ഫലപ്രാപ്തി സൂക്ഷ്മമായ നിരീക്ഷണത്തിനു വിധേയമാക്കണമെന്നും മോദി പറഞ്ഞു.

ഭൂമിയേറ്റെടുക്കൽ നിയമ ഭേദഗതി ഓർഡിനൻസ് നിലവിൽ വന്നതിന്റെ പ്രയോജനം കർഷകർക്ക് ലഭ്യമാക്കണം. കർഷക സൗഹൃദ നടപടികൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ മന്ത്രാലയങ്ങളോട് നിർദ്ദേശിച്ചു. ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതി, കൃഷിമന്ത്രി രാധാമോഹൻസിങ്, ഗ്രാമവികസന മന്ത്രാലയ സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.