ദൈവദശക നിറവില്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം

Tuesday 30 December 2014 10:42 pm IST

വര്‍ക്കല: ശ്രീനാരായണ ഗുരുരചിതവും വിശ്വപ്രാര്‍ത്ഥനയുമായ ദൈവദശക രചനാ ശതാബ്ദിയാഘോഷങ്ങളുടെ നിറവില്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് ഉജ്ജ്വലതുടക്കം തീര്‍ത്ഥാടക സമ്മേളനം ഗവര്‍ണ്ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തു. അധഃസ്ഥിതവര്‍ഗ്ഗത്തിന്റെ സാമൂഹ്യ ഉന്നമനത്തിനായി പ്രയത്‌നിച്ച ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍ക്ക് കാലാതീതമായ പ്രസക്തിയാണുള്ളതെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. വിപ്ലവകാരിയായ സന്യാസിയായിരുന്നു ഗുരുദേവന്‍. സര്‍വ്വമതങ്ങളുടെയും സാരാംശം ഉള്‍ക്കൊള്ളുന്ന കൃതിയാണ് ദൈവദശകം. ഇത് ലോകമെമ്പാടും പ്രചരിപ്പിക്കാന്‍ കഴിയണമെന്നും ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടു. 'ശുചിത്വഭാരതം ഗുരുദര്‍ശനത്തിലൂടെ' എന്ന സെമിനാര്‍ കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയും 'ശ്രീനാരായണ പ്രസ്ഥാനം ദേശീയ ധാരയില്‍' എന്ന സെമിനാര്‍ കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനും ഉദ്ഘാടനം ചെയ്തു. ദൈവദശക രചനാശതാബ്ദി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. സമ്മേളനത്തിനിടയില്‍ 'ലോകമനസ്സ് ശിവഗിരിയിലേക്ക്' എന്നപേരില്‍ സാര്‍വ്വദേശീയ അഖണ്ഡദൈവദശക ജപം വേറിട്ടകാഴ്ചയായിരുന്നു. ഇന്നലെ നടന്ന വിവിധ സമ്മേളനങ്ങളില്‍ സ്വാമി പ്രകാശാനന്ദ, സ്വാമി സച്ചിതാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ഋതംഭരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അമേയാനന്ദ, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, മുന്‍ മന്ത്രിമാരായ വയലാര്‍ രവി, ഡോ. തോമസ് ഐസക്ക് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ഇന്ന് രാവിലെ 9.30ന് നടക്കുന്ന തീര്‍ത്ഥാടന സമ്മേളനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.