പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബി.ജി. വര്‍ഗീസ് അന്തരിച്ചു

Tuesday 30 December 2014 10:50 pm IST

ന്യൂദല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബി.ജി. വര്‍ഗീസ് (87) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ദല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. സജീവ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും വിരമിച്ച ശേഷം 1986 മുതല്‍ ദല്‍ഹി ആസ്ഥാനമായ പോളിസി റിസര്‍ച്ച് സെന്ററുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും എഡിറ്റേഴ്‌സ് ഗില്‍ഡിനുവേണ്ടി 2002ലെ ഗുജറാത്ത് സംഭവങ്ങളെപ്പറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. ഹിന്ദുസ്ഥാന്‍ ടൈംസ ്(1969-75), ദ ഇന്ത്യന്‍ എക്‌സ്പ്രസ്(1982-86) എന്നിവയുടെ പത്രാധിപരായി പ്രവര്‍ത്തിച്ച അദ്ദേഹം മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മാധ്യമ ഉപദേശകന്റെ (1966-69) ദൗത്യവും നിര്‍വഹിച്ചു. പത്രപ്രവര്‍ത്തനത്തിനുള്ള മാഗ്‌സസെ അവാര്‍ഡ് 1975ല്‍ ലഭിച്ച വര്‍ഗീസ് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ കടുത്ത വിമര്‍ശകനായി മാറി. ഇതേ കാരണത്താല്‍ ഇന്ദിരയുടെ അപ്രീതിക്കു പാത്രമായ വര്‍ഗീസിനു ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പത്രാധിപസ്ഥാനവും നഷ്ടമായി. മാവേലിക്കര സ്വദേശിയും ഇന്ത്യന്‍ മെഡിക്കല്‍ സര്‍വ്വീസിലെ ജീവനക്കാരനുമായ ജോര്‍ജിന്റെയും അന്നയുടേയും മകനായി 1926 ജൂണ്‍ 21ന് ബര്‍മ്മ(മ്യാന്‍മാര്‍)യിലാണ് ബി.ജി. വര്‍ഗീസ് ജനിച്ചത്. ഡെറാഡൂണിലെ ദ ഡൂണ്‍ സ്‌കൂള്‍, ദല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജ്, കേംബ്രിഡ്ജ്, ട്രിനിറ്റി എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടി. ആത്മകഥയായ 'ഫസ്റ്റ് ഡ്രാഫ്റ്റ്: വിറ്റ്‌നെസ് ടു ദ് മേക്കിങ് ഓഫ് മോഡേണ്‍ ഇന്ത്യയ്ക്ക്' പുറമേ വാട്ടേഴ്‌സ് ഓഫ് ഹോപ്പ്,‘വിന്നിങ് ദി ഫ്യൂച്ചര്‍, ‘ഡിസൈന്‍ ഫോര്‍ ടുമോറോ, ബ്രേക്കിങ് ദി ബിഗ് സ്‌റ്റോറി: ഗ്രേറ്റ് മൊമെന്റ്‌സ് ഇന്‍ ഇന്ത്യന്‍ ജേര്‍ണലിസം’ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് ഉടമ രാംനാഥ് ഗോയങ്കയുടെ ജീവചരിത്രമായ 'വാരിയര്‍ ഓഫ് ദി ഫോര്‍ത്ത് എസ്റ്റേറ്റ'് എഴുതിയതും ബി.ജി വര്‍ഗീസാണ്. ഭാര്യ: ജമീല, മക്കള്‍: വിജയ്, രാഹുല്‍. സംസ്‌കാരം പിന്നീട്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.