ശ്രീനാരായണ ഗുരുവിന്റെ സ്വപ്‌നം നരേന്ദ്രമോദി നടപ്പാക്കുന്നു: മന്ത്രിദത്താത്രേയ

Tuesday 30 December 2014 11:45 pm IST

ശിവഗിരിഗിരിയില്‍ ശുചിത്വ ഭാരതം ഗുരുദര്‍ശനത്തിലൂടെ എന്ന സെമിനാര്‍ കേന്ദ്ര തൊഴില്‍ മന്ത്രി ബംന്ദാരു ദത്താത്രേയ ഉദ്ഘാടനം ചെയ്യുന്നു. സന്യാസിമാര്‍, എംഎല്‍എമാരായ ബി.സത്യന്‍, ഡോ.തോമസ് ഐസക് തുടങ്ങിയവര്‍ സമീപം

വര്‍ക്കല: ശുചിത്വത്തിന്റെ മാഹാത്മ്യം ഏറെ പറഞ്ഞ മഹാഗുരുവായിരുന്നു ശ്രീനാരായണ ഗുരുവെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ. വീടും നാടും നഗരവും മാലിന്യമുക്തമാക്കിയാലേ രാജ്യം ശുദ്ധമാകൂ വെന്ന് ഗുരു പണ്ടേ അരുളിച്ചെയ്തു. യഥാര്‍ത്ഥത്തില്‍ ശ്രീനാരായണഗുരുവിന്റെ സ്വപ്‌നമാണ് ഇന്ന് ശുചിത്വ ഭാരത് പരിപാടിയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്നത്.

ശിവഗിരിയില്‍ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന ശുചിത്വ ഭാരതം ഗുരുദര്‍ശനത്തിലൂടെ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്കാര്‍ക്ക് വിദ്യാഭ്യാസപരമായി ഉയരാനും പഞ്ചശുദ്ധി അനുഷ്ഠിച്ച് ശുദ്ധിവരുത്താനും ശ്രീനാരായണഗുരു ഉദ്‌ബോധിപ്പിച്ചു. ആദ്ധ്യാത്മികതയിലൂടെ അവരെ ഉദ്ധരിച്ചു. ഗ്രാമീണരായ കര്‍ഷകരെ സാങ്കേതിക വൈദഗ്ധ്യം നേടാന്‍ നാം പ്രാപ്തരാക്കണം.

പരമ്പരാഗത കൃഷിയോടൊപ്പം ശാസ്ത്രീയ കൃഷിരീതിയും ആവിഷ്‌ക്കരിക്കണം. സാങ്കേതിക വിദ്യാഭ്യാസം ആധുനിക ഭാരതത്തില്‍ ഏറ്റവും പ്രധാനമാണ്. തൊഴില്‍ മന്ത്രി എന്ന നിലയില്‍ എല്ലാ യുവാക്കള്‍ക്കും തൊഴില്‍ ലഭ്യമാക്കാന്‍ ശ്രമിക്കും. അതിനായി നൈപുണ്യവികസനം അത്യാവശ്യമാണ്. അപ്രന്റീസ് ഭേദഗതി ആക്ട് അനുസരിച്ച് 3000 മുതല്‍ 4000 വരെ ഇപ്പോള്‍ സ്‌റ്റൈപെന്റ് അപ്രന്റീസുകള്‍ക്ക് നല്‍കാന്‍ സാധിച്ചു.

ശ്രീനാരായണഗുരുവിന്റെ സ്വപ്‌നമാണ് ഇപ്പോള്‍ നരേന്ദ്രമോദി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വീടും റോഡും നഗരവും മാലിന്യമുക്തമാകണം എങ്കില്‍ മാത്രമേ രാജ്യം ശുദ്ധമാകൂ എന്നാണ് ഗുരുദേവന്‍ പറഞ്ഞത്. മഞ്ഞവസ്ത്രം ധരിച്ച സ്ത്രീപുരുഷന്മാരായ ഭക്തരുടെ ഒഴുക്ക് പ്രത്യേകിച്ചും സ്ത്രീകളുടെ പങ്കാളിത്തം അഭിനന്ദനാര്‍ഹമാണ്.

കുടുംബത്തിലെ സ്ത്രീകള്‍ വിദ്യാസമ്പന്നരായാല്‍ കുടുംബവും തുടര്‍ന്ന് നാടും രാജ്യവും ശുദ്ധവും വിദ്യാസമ്പന്നരും ആകും. അതായിരിക്കണം നമ്മുടെ പരമമായലക്ഷ്യം. സാധാരണ കുടുംബത്തില്‍ ജനിച്ച പിന്നാക്കക്കാരനായ ശ്രീനാരായണഗുരു ആത്മീയമായി ഇത്രയും ഉയര്‍ന്ന തലത്തിലെത്തിയത് മഹാകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രം ശുചിത്വമാകുന്നതോടൊപ്പം രാഷ്ട്രീയവും ശുചീകരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാമി സദ്രൂപാനന്ദ ദൈവദശകം തമിഴില്‍ ചൊല്ലിക്കൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ സെക്രട്ടറി സ്വാമി അമേയാനന്ദ സ്വാഗതം പറഞ്ഞ യോഗത്തില്‍ മുന്‍മന്ത്രി തോമസ് ഐസക് അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ ജോയിന്റ് ഡയറക്ടര്‍ എം.ദിലീപ് കുമാര്‍, അനന്തപുരി ആശുപത്രി ചെയര്‍മാന്‍ ഡോ. എ.മാര്‍ത്താണ്ഡപിള്ള, സി.കെ.രവി, ഷീല ആര്‍.ചന്ദ്രന്‍, ഡോ.ജി.സുമിത്രന്‍, ചെറുന്നിയൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.