വീരോചിതം ഈ വിടവാങ്ങല്‍

Wednesday 31 December 2014 8:51 pm IST

ഇന്ത്യന്‍ ക്രിക്കറ്റിന് വിലമതിക്കാനാവാത്ത നേട്ടങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണ് കഴിഞ്ഞ ദിവസം ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ മഹേന്ദ്രസിംഗ് ധോണി എന്ന എം.എസ്. ധോണി. 100 ടെസ്റ്റുകള്‍ കളിക്കാനുള്ള അവസരമുണ്ടായിട്ടും സ്വരം നന്നായിരിക്കെ പാട്ടുനിര്‍ത്തുക എന്ന രീതിയാണ് ധോണിയും സ്വീകരിച്ചത്. 90 ടെസ്റ്റുകളില്‍ കളിച്ചശേഷമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകനായ ധോണിയുടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിടവാങ്ങല്‍. വികാരനിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗമോ, സ്വന്തം രാജ്യത്ത്, സ്വന്തം കാണികള്‍ക്ക് മുന്നില്‍ അവസാന ടെസ്റ്റ് കളിച്ചശേഷം വിരമിക്കണമെന്ന നിര്‍ബന്ധബുദ്ധിയോ ഇല്ലാതെ, എന്തിനേറെ, ഒരു വാര്‍ത്താസമ്മേളനംപോലും വിളിച്ചുകൂട്ടാതെയാണ് ധോണി പാഡഴിച്ചത്. തികച്ചും തന്റേതു മാത്രമായ ശൈലിയില്‍. വിടപറയാനുള്ള ധോണിയുടെ തീരുമാനം ഇന്ത്യന്‍ ക്രിക്കറ്റിന് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏറെനാളത്തെ ആലോചനകള്‍ക്കുശേഷമാണ് ധോണിയുടെ തീരുമാനമെങ്കിലും ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും വിചാരിച്ചിരിക്കാത്ത സമയത്തായിരുന്നു ആ പ്രഖ്യാപനം. വികാരമല്ല പ്രായോഗികതയായിരുന്നു ധോണിയെ എന്നും നയിച്ചിരുന്നത്. വികാരങ്ങള്‍ക്ക് അടിമപ്പെടാതെ അപാരമായ ചങ്കൂറ്റം ധോണിയുടെ മാത്രം പ്രത്യേകതയായിരുന്നു. അതുകൊണ്ടുതന്നെയാണ് 'മിസ്റ്റര്‍ കൂള്‍' എന്ന് ധോണി അറിയപ്പെട്ടിരുന്നതും. ടെസ്റ്റില്‍നിന്ന് പൂര്‍ണ്ണമായി വിരമിക്കുന്നതിനുപകരം ക്യാപ്റ്റന്റെ അധികഭാരം അഴിച്ചുവെച്ച് കളിക്കാരനായി ടീമില്‍ തുടരാനും ധോണിക്ക് കഴിയുമായിരുന്നു. എന്നാല്‍ അതിനൊന്നും മിനക്കെടാതെയാണ് ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനുശേഷം ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഒരുപക്ഷെ ക്യാപ്റ്റന്റെ തൊപ്പി അഴിച്ചുവെച്ച് ടീമില്‍ തുടര്‍ന്നാലും ധോണി ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ അവിഭാജ്യഘടകമാകുമായിരുന്നു. കാരണം ധോണിയോളം പോന്ന, അല്ലെങ്കില്‍ അതിനടുത്തെത്താന്‍ കഴിയുന്ന ഒരു വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാനെ കണ്ടെത്താന്‍ ഇന്ത്യക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നതുതന്നെ. ടെസ്റ്റ് ടീം നായകനെന്ന നിലയില്‍ ടീം ഇന്ത്യ ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോഴും പിന്നീട് പരാജയങ്ങളുടെ പടുകുഴിയിലേക്ക് പതിച്ചപ്പോഴും ധോണിയുടെ മാനസികാവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. അത്യുന്നതങ്ങളില്‍ നില്‍ക്കുമ്പോള്‍ അമിതാവേശമോ ആഹ്ലാദമോ പ്രകടിപ്പിക്കാത്ത ധോണി പരാജയങ്ങളുടെ കയ്പുനീര്‍ കുടിച്ചപ്പോഴും പടുകുഴിയിലേക്ക് വീണപ്പോഴും അത്യധികം നിരാശയോ ദുഃഖമോ പ്രകടിപ്പിച്ചില്ല. നീട്ടിവളര്‍ത്തിയ മുടിയും ക്രിക്കറ്റിന്റെ ക്ലാസിക് ശൈലികളെ അപ്പാടെ തകിടംമറിച്ച ബാറ്റിംഗുമായി ആരാധകരുടെ മനസ്സിലേക്ക് ഓടിക്കയറിയ ധോണിയെ ഇരുകൈയും നീട്ടിയാണ് ക്രിക്കറ്റ് ലോകം സ്വീകരിച്ചത്. ഷോട്ടുകളില്‍ സച്ചിന്റെ പൂര്‍ണതയോ ദ്രാവിഡിന്റെ സാങ്കേതികത്തികവോ വിക്കറ്റിന് പിന്നില്‍ ഗില്‍ക്രിസ്റ്റിന്റെ മെയ് വഴക്കമോ ഒന്നും ധോണിക്ക് ഇല്ലാതിരുന്നിട്ടും ടെസ്റ്റ് ക്രിക്കറ്റില്‍ ധോണി തന്റേതായ ഇടം സ്വന്തമാക്കി. 2005 ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ധോണി മൂന്നാം വര്‍ഷം ഇന്ത്യയുടെ ടെസ്റ്റ് ടീം നായകനായി. 2008 ഏപ്രിലില്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു നായകനായി അരങ്ങേറ്റം കുറിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായി ഉയര്‍ത്താനും ധോണിയുടെ മികവിന് കഴിഞ്ഞു. കരിയറില്‍ ആകെ 90 ടെസ്റ്റുകള്‍ കളിച്ചു. അതില്‍ 60 എണ്ണത്തിലും നായകന്‍. 90 ടെസ്റ്റുകളില്‍ നിന്ന് 38.09 ശരാശരിയില്‍ ആറ് സെഞ്ചുറികളും 44 അര്‍ദ്ധസെഞ്ചുറികളുമടക്കം നേടിയത് 4876 റണ്‍സ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തശേഷമാണ് ധോണിയുടെ മികച്ച പ്രകടനങ്ങള്‍. ക്യാപ്റ്റനെന്ന നിലയില്‍ കളിച്ച 60 മത്സരങ്ങളില്‍ നിന്ന് 40.63 ശരാശരിയില്‍ 3454 റണ്‍സാണ് ധോണി നേടിയത്. നേടിയ ആറ് സെഞ്ചുറികളില്‍ അഞ്ചെണ്ണവും സ്വന്തമാക്കിയത് നായകനായശേഷം. വിക്കറ്റിന് പിന്നില്‍ 294 ഇരകളെ ധോണി കൈപ്പിടിയിലാക്കി. ലോക ക്രിക്കറ്റില്‍ കീപ്പര്‍ പാഡണിഞ്ഞ് ഏറ്റവും കൂടുതല്‍ ഇരകളെ വീഴ്ത്തിയവരില്‍ അഞ്ചാമനാണ് ധോണി. നാലായിരം റണ്‍സില്‍ കൂടുതല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ലോകത്തിലെ മൂന്നാമത്തെ താരവുമാണ് ധോണി. ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റും ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചറുമാണ് ധോണിക്ക് മുന്നേ ഈ നേട്ടം കൈവരിച്ചവര്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയക്കെതിരെ ചെന്നൈയില്‍ നേടിയ 224 റണ്‍സായിരുന്നു ധോണിയുടെ ഉയര്‍ന്ന സ്‌കോര്‍. ക്യാപ്റ്റനെന്ന നിലയില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതുതന്നെയാണ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ (27) ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡും 40 വര്‍ഷത്തിനിടെ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തൂത്തുവാരിയ നായകനെന്ന ബഹുമതിയും ധോണിക്ക് മാത്രം അവകാശപ്പെട്ടതാണ്. ഏകദിന, ട്വന്റി 20 നായകനായും തിളങ്ങിയ ധോണിയുടെ വീരനായകന്റെ വേഷത്തിന് മങ്ങലേറ്റത് 2011ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ്. പരമ്പരയിലെ നാല് ടെസ്റ്റുകളിലും ഇന്ത്യ ദയനീയമായി കീഴടങ്ങി. പിന്നീട് ഓസ്‌ട്രേലിയക്കെതിരെയും ന്യൂസിലാന്റിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും തോല്‍വി ഏറ്റുവാങ്ങാനായിരുന്നു ധോണിയുടെ യോഗം. 2011 മുതല്‍ വിദേശ മണ്ണില്‍ കളിച്ച 22 ടെസ്റ്റില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്; 13 എണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തു. ടെസ്റ്റില്‍ കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും പ്രതീക്ഷ നല്‍കിയ തുടക്കമായിരുന്നെങ്കിലും അതിനോട് പൂര്‍ണമായും നീതിപുലര്‍ത്താന്‍ ധോണിയ്ക്കായിട്ടില്ല എന്നതും ഒരു വസ്തുതയാണ്. ഇതിനെല്ലാം പുറമെ സമീപകാലത്ത് ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ടുയര്‍ന്ന ചില വാര്‍ത്തകളും മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടുമെല്ലാം ധോണിയിലെ നായകനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടാകാം. ആരോപണങ്ങളും ആക്ഷേപങ്ങളും ഏറെയുണ്ടെങ്കിലും ധോണി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളാണെന്നകാര്യത്തില്‍ വിമര്‍ശകര്‍ക്കും രണ്ടുപക്ഷമുണ്ടാവില്ല. സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്രയും ലളിതമായി ഒരു ക്യാപ്റ്റന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പാഡഴിച്ചിട്ടുണ്ടോ എന്നും സംശയമാണ്. അപ്രതീക്ഷിതമായി, എതിരാളികളെപ്പോലും അമ്പരപ്പിച്ച് ആ ബാറ്റില്‍ നിന്ന് അനായാസം പുറപ്പെടുന്നൊരു ഹെലികോപ്റ്റര്‍ ഷോട്ടുപോലെയായിരുന്നു ധോണിയുടെ ആ തീരുമാനവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.