കോട്ടയം: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ശതാബ്ദിയാഘോഷത്തിന്റെ സമാപന പരിപാടികള്‍ക്ക് ഇന്ന് പെരുന്നയില്‍ തുടക്കമാകും.
രാവിലെ എട്ടിന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.15ന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും.
എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതവും ഒരു നൂറ്റാണ്ടിന്റെ നിറവിനെപ്പറ്റി വിശദീകരണവും നല്‍കും. സംസ്ഥാനത്തെ 5,500 കരയോഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വിവിധ പ്രമേയങ്ങളും യോഗം അംഗീകരിക്കും.
ഉച്ചയ്ക്ക് 2.15 ന് ചെന്നൈ ഒ.എസ്. ത്യാഗരാജന്റെ സംഗീതസദസ്, വൈകിട്ട് അഞ്ചിന് ഡോ. രാജശ്രീ വാര്യരും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം, 7.30ന് പിന്നണി ഗായകന് ജി. വേണുഗോപാല്‍ നയിക്കുന്ന ഗാനമേള, രാത്രി 10.30ന് കലാമണ്ഡലം ഗോപിയും സംഘവും അവതരിപ്പിക്കുന്ന മേജര്‍സെറ്റ് കഥകളി.
മന്നം ജയന്തിദിനമായ നാളെ രാവിലെ 11ന് ജയന്തി സമ്മേളനവും ശതാബ്ദി ആഘോഷ സമാപനവും നടക്കും. മന്നം ജയന്തി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എന്‍എസ്എസ് ശതാബ്ദിയാഘോഷ സമാപനം ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്യും. ‘എന്‍എസ്എസ് ശതകം’ പുസ്തകം അശ്വതി തിരുനാള്‍ ലക്ഷ്മിഭായി തമ്പുരാട്ടി പ്രകാശിപ്പിക്കും.
ചലച്ചിത്ര നടന് മോഹന്‍ലാല്‍, ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ. പി.എസ്. ശ്രീധരന് പിള്ള എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തും. ഉച്ചയ്ക്ക് 2.30ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും തൃത്തായമ്പക അവതരിപ്പിക്കും. 2014ലെ മന്നം ജയന്തിദിനത്തിലാണ് എന്‍എസ്എസ് ശതാബ്ദിയാഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. നാളെ മന്നത്തിന്റെ 138-ാമത് ജയന്തിദിനത്തില്‍ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: