അന്യസംസ്ഥാന തീര്‍ത്ഥാടകരുടെ ഒഴുക്ക് തുടരുന്നു

Wednesday 31 December 2014 10:30 pm IST

ശബരിമല: മകരവിളക്ക് മഹോത്സവത്തിന് നടതുറന്നതോടെ അന്യ സംസ്ഥാന തീര്‍ത്ഥാടകരുടെ ഒഴുക്ക് സന്നിധാനത്തേക്ക് തുടരുകയാണ്. മണ്ഡലകാലത്തും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് അന്യസംസ്ഥാനങ്ങളില്‍ നിന്നുമായിരുന്നു. ഇതില്‍ അയ്യപ്പദര്‍ശനം നടത്തി മലയിറങ്ങിയവരില്‍ ആന്ധ്രാപ്രദേശില്‍ നിന്നുളളവരാണ് ഏറെയും. ശബരിലയില്‍ ലഭിച്ച വരുമാനത്തിന്റെ പ്രധാനപങ്കും ഇത്തരം തീര്‍ത്ഥാടകരില്‍ നിന്നുമാണ് ലഭിച്ചിരുന്നത്. തീര്‍ത്ഥാടകര്‍ കൂടുതലായും എത്തുന്നത് അന്‍പതും അറുപതും പേരടങ്ങുന്ന സംഘമായാണ്. ഇവിടെയുളള മിക്കവഴിപാടുകളും നടത്തിയശേഷമാണ് ഇവര്‍ മലയിറങ്ങുന്നതും. മകരവിളക്കിന് നടതുറന്നതോടെ ഇവരുടെ വരവ് അഭൂതപൂര്‍വ്വമായി തുടരുകയാണ്. മകരവിളക്ക് അടുക്കുന്നതോടെ മലയാളികള്‍ ഉള്‍പ്പടെയുള്ള തീര്‍ത്ഥാടകര്‍ എത്തുന്നതോടെ ഉണ്ടാകുന്ന തിരക്ക് എത്തരത്തില്‍ നിയന്ത്രിക്കണമെന്ന ആശങ്കയിലാണ് പോലീസ് ഉദ്യോഗസ്ഥരും, ദ്രുതകര്‍മ്മ സേനയും, ദുരന്തനിവാരണ സേനയും. മണ്ഡലകാലത്ത് ചില ദിവസങ്ങളില്‍ അനുഭവപ്പെട്ട തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ പോലീസിനെതിരെ ആക്ഷപവും ഉയര്‍ന്നിരുന്നു. മറ്റ് സേനകളുടെ അവസരോചിതമായ ഇടപെടലുകളാണ് ഒരുപരിധിവരെ അപകടങ്ങള്‍ പോലും കുറയ്ക്കാന്‍ സഹായിച്ചത്. വിളക്കിന് മുന്നോടിയായി തിരക്ക് നിയന്ത്രിക്കാന്‍ പമ്പമുതല്‍ സന്നിധാനം വരെയുളള ചിലയിടങ്ങളില്‍ ബാരിക്കേഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിക്കുന്നുണ്ടെങ്കിലും ഇത് എത്രത്തോളം ഫലപ്രദമാകുമെന്നുള്ളത് കാത്തിരുന്നുകാണേണ്ടതാണ്. ടേണ്‍മാറുന്നതനുസരിച്ച് സന്നിധാനത്തും പമ്പയിലും എത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിചയസമ്പത്തില്ലാത്തതുകെണ്ടാണ് തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നതെന്ന ആക്ഷേപം തീര്‍ത്ഥാടനകാലത്തിന്റെ ആദ്യം തന്നെ ഉയര്‍ന്നുവന്നിട്ടുഉളളതാണ്. മകരവിളക്ക് കാലത്തെങ്കിലും പരിചയസമ്പത്തുളള ഉദ്യോഗസ്ഥരെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂവില്‍പ്പെട്ട് തീര്‍ത്ഥാടകര്‍ വലയും എന്നതില്‍ സംശയമില്ല. ഭക്തര്‍ ദര്‍ശനം കഴിഞ്ഞ് മലയിറങ്ങാന്‍ കൂടുതലായും ഉപയോഗിക്കുന്ന സ്വാമി അയ്യപ്പന്‍ റോഡിലും അപകടഭീതി ഉയര്‍ത്തുന്നുണ്ട്. എളുപ്പവഴി എന്ന നിലയില്‍ ഈറോഡില്‍ നിന്ന് സമീപമുളള കാട്ടിലൂടെ ഓടിഇറങ്ങുന്നതാണ് പ്രധാന കാരണം. ഇവിടങ്ങളില്‍ മരങ്ങളുടെയും മറ്റും വേരുകള്‍ ഉയര്‍ന്നുനില്‍ക്കുന്നത് അപകടങ്ങള്‍ക്ക് വഴിഒരുക്കുകയാണ്. എന്നാല്‍ ഇവരെ നിയന്ത്രിക്കാന്‍ ഈഭാഗങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരില്ലാത്തതും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.പ്രധാനയോഗങ്ങളില്‍ ഈവിഷയം ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും നടപടികള്‍ എല്ലാം തന്നെ കടലാസില്‍ ഒതുങ്ങുകയാണ് പതിവ്. മകരവിളക്കിനോടനുബന്ധിച്ച് ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിനും, അപകടങ്ങള്‍ ഒഴിവാക്കാനും അധികൃതര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ കഴിയുകയുള്ളു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.