ശബരിമല സ്‌പെഷ്യല്‍ ഫണ്ട് : അനുവദിച്ച ലക്ഷങ്ങള്‍ ചിലവഴിക്കാതെ പഞ്ചായത്തുകള്‍

Wednesday 31 December 2014 10:42 pm IST

പൊന്‍കുന്നം : തീര്‍ത്ഥാടന കാലം അവസാനിക്കാറായിട്ടും ശബരിമല സ്‌പെഷ്യല്‍ ഫണ്ടില്‍ അനുവദിച്ച ലക്ഷങ്ങള്‍ ചിലവഴിക്കാതെ പഞ്ചായത്തുകള്‍. തീര്‍ത്ഥാടകര്‍ക്ക് വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും ഇടത്താവളങ്ങളില്‍ അനുബന്ധ സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനുമായാണ് ശബരിമല സ്‌പെഷ്യല്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തുകള്‍ക്ക് പണം അനുവദിച്ചത്. എന്നാല്‍ അനുവദിച്ച തുകയുടെ അഞ്ചിലൊന്ന് പോലും മിക്ക പഞ്ചായത്തുകളും ചിലവഴിച്ചിട്ടില്ല എന്നതാണ് സത്യം. ഇതില്‍ തീര്‍ത്ഥാടന കേന്ദ്രമായ എരുമേലി ഒഴികെ താലൂക്കില്‍ പണം ലഭിച്ച മറ്റ് പഞ്ചായത്തുകള്‍ ഒന്നും തന്നെ തീര്‍ത്ഥാടകര്‍ക്കായി അനുവദിച്ചത് ചിലവഴിക്കുന്നില്ലെന്നാണ് ആരോപണം ഉയരുന്നു കഴിഞ്ഞു. കോരുത്തോട്, മുണ്ടക്കയം,കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം അവശ്യ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി അനുവദിച്ചിരുന്നത്. പരമ്പരാഗത കാനനപാതയുമായി അതിര്‍ത്തി പങ്കിടുന്ന കോരുത്തോട് പഞ്ചായത്തിന്റെ നിസംഗതക്കെതിരെയാണ് പ്രതിഷേധം വ്യാപകമാകുന്നത്. മുന്‍കാലങ്ങളില്‍ സ്ഥാപിച്ചിരുന്ന വഴി വിളക്കുകള്‍ പോലും ഇത്തവണ ഇല്ലാത്തതോടെ കൂരിരുട്ടില്‍ തപ്പിതടഞ്ഞ് വഴിനടക്കേണ്ട ഗതികേടിലാണ് തീര്‍ത്ഥാടകര്‍. എരുമേലി പഞ്ചായത്തിലെ കാളകെട്ടിയില്‍ നിന്നും കല്ലിടാംകുന്നിലെ ചെങ്കുത്തായ മലകയറാന്‍ ബുദ്ധിമുട്ടുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന ആനക്കല്ല്, കുഴിമാവ്, മേലഴുത പ്രദേശങ്ങളും ഇരുട്ടില്‍ മുങ്ങി നില്‍ക്കുന്നു. മേഖലയിലെ ഇടത്താവളങ്ങളായ രണ്ട് ക്ഷേത്രങ്ങളിലേക്കും, മേലഴുത വഴി കാല്‍നട യാത്രക്ക് പുറപ്പെടുന്നവരുമായി നൂറ്കണക്കിന് ശബരിമല തീര്‍ത്ഥാടകരാണ് ദിവസവും പ്രദേശത്ത് കൂടി കടന്നുപോകുന്നത്. കിഴക്കന്‍ മേഖലയില്‍ നിന്നും മുണ്ടക്കയം കോരുത്തോട് റോഡ് വഴി പമ്പയ്ക്ക് തിരിയുന്ന വാഹനങ്ങള്‍ക്ക് ആവശ്യമായ ദിശാ സൂചക ബോര്‍ഡുകളൊ, വഴിയില്‍ വെളിച്ചം ലഭ്യമാക്കുന്നതിനുള്ള നടപടികളോ പ്രദേശത്തെ പഞ്ചായത്തുകള്‍ സ്വീകരിച്ചിട്ടില്ല. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലും കാര്യങ്ങള്‍ ഇതുതന്നെ. അനുവദിച്ച അഞ്ച് ലക്ഷം രൂപയില്‍ അഞ്ച് പൈസ പോലും ചിലവഴിച്ചിട്ടില്ലെന്ന്് ബി.ജെ.പി ആരോപിക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് അനുവദിച്ച തുക ചിലവഴിക്കാത്തതിനെതിരെ പഞ്ചായത്തിന് മുന്‍പില്‍ ബി.ജെ.പി പ്രക്ഷോഭം നടത്തിയിരുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമകേന്ദ്രം ഒരുക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും നടപടി മാത്രമില്ല. പ്രദേശത്തെ ഇടത്താവളങ്ങള്‍ സംബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് വിവരം നല്‍കുന്നതിനുള്ള സൂചനാ ബോര്‍ഡുകള്‍ പോലും സ്ഥാപിക്കാന്‍ തയ്യാറാകാത്ത പഞ്ചായത്ത് അധികൃതര്‍ സര്‍ക്കാരില്‍ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപ തിരികെ നല്‍കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ ബിജെപിയുടെ ശക്തമായ ഇടപെടല്‍ മൂലമാണ് പൊന്‍കുന്നം എരുമേലി സമാന്തര പാതയില്‍ തെരുവ് വിളക്കുകളും ബോര്‍ഡുകളും സ്ഥാപിക്കുകവഴി ഇവിടെ നാമമാത്രമായ പദ്ധതികള്‍ നടപ്പിലായത്. ചുക്കുവെള്ള വിതരണം, അന്യ സംസ്ഥാന തീര്‍ത്ഥാടകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്റര്‍, വിശ്രമ കേന്ദ്രം തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പിലാക്കാമെന്നിരിക്കെ സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ നിന്നും തീര്‍ത്ഥാടക വഴിയില്‍ വഴിവിളക്കുകള്‍ക്ക് പോലും പ്രകാശിപ്പിക്കാന്‍ തയ്യാറാകാത്ത പഞ്ചായത്തുകളുടെ നടപടിക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് തിരുവഞ്ചൂരും, ജില്ലാ സെക്രട്ടറി ആര്‍. ഹരിലാല്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.