ഡിസിസി ഓഫീസില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

Monday 23 February 2015 11:06 am IST

കൊച്ചി: എറണാകുളം ഡിസിസി ഓഫീസില്‍ വന്‍ തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ഡിസിസി ഓഫീസിന്റെ രണ്ടാം നിലയും, മൂന്നാം നിലയും നാലാം നിലയിലെ ഓഡിറ്റോറിയവുമാണ് തീപിടിത്തത്തില്‍ നശിച്ചത്. ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. രണ്ടാം നിലയിലെ ഇലക്ട്രിക് വയറുകള്‍ കടന്നുപോകുന്ന ഡക്ടിലൂടെ പുക ഉയരുകയും ഉടന്‍ തീ പടര്‍ന്ന് പിടിക്കുകയുമായിരുന്നു. ഉടനെ തന്നെ ഫയര്‍ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഇലട്രിക് വയറുകള്‍ കടത്തിവിടുന്നതിനും, തീ പിടുത്തമുണ്ടാകുമ്പോള്‍ വെള്ളം എത്തിക്കുന്നതിനുമുള്ള രണ്ടു ഡക്ടുകള്‍ വഴിയാണ് തീ രണ്ടാം നിലയില്‍ നിന്ന് മൂന്നാം നിലയിലേക്കും നാലാം നിലയിലേക്കും പടര്‍ന്നു കയറിയത്.തീയുടെ ചൂടുകൊണ്ട് ചുവരുകളില്‍ പതിപ്പിച്ചിരുന്ന ടൈലുകളെല്ലാം പൊട്ടിത്തെറിച്ചു. സീലിങ്ങിനും തീപിടിച്ചിട്ടുണ്ട്. മൂന്നു നിലകളിലേയും ലിഫ്റ്റുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. തീ പിടിച്ചപ്പോള്‍ ലിഫ്റ്റിനകത്ത് പോസ്റ്റ്മാന്‍ തപാലുമായി കയറിയിരുന്നു. പെട്ടെന്ന് ലിഫ്റ്റ് തുറന്നതുകൊണ്ട് അയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഡിസിസി ഓഫീസ് പുതുക്കി പണിതത്. ഓഫീസിന് തീപിടിച്ച വിവരം അറിഞ്ഞ് കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും മന്ത്രി കെ. ബാബുവും മറ്റ് നേതാക്കളും സ്ഥലത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.