തിരുവല്ല: സംസ്ഥാനത്തെ റേഷന്‍കാര്‍ഡ് പുതുക്കല്‍ പൂര്‍ത്തിയാകുന്നതോടെ റേഷന്‍ കാര്‍ഡുകള്‍ കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ പേരിലാവും അനുവദിക്കുക. 18 വയസ് പൂര്‍ത്തിയാകാത്ത വനിതാ അംഗത്തിന്റെ അഭാവത്തില്‍ മുതിര്‍ന്ന പുരുഷ അംഗത്തിന്റെ പേരില്‍ കാര്‍ഡ് അനുവദിക്കും. കോഴഞ്ചേരി, മല്ലപ്പള്ളി, തിരുവല്ല താലൂക്കിലെ കാര്‍ഡുടമകള്‍ക്ക് കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷാ ഫോറവും, മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖയും ഇന്നു മുതല്‍ 17 വരെ അതത് റേഷന്‍കടകളില്‍ സൗജന്യമായി വിതരണം ചെയ്യും.
നിലവിലെ റേഷന്‍കാര്‍ഡ് ബന്ധപ്പെട്ട റേഷന്‍കടകളില്‍ ഹാജരാക്കി അപേക്ഷാ ഫോറവും ലഘുലേഖയും വാങ്ങാം. പൂരിപ്പിച്ച അപേക്ഷ താലൂക്ക് തലത്തില്‍ കാര്‍ഡുടമകള്‍ക്ക് സൗകര്യപ്രദമായ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ സമര്‍പ്പിക്കണം.
പുതുക്കലിന്റെ ഭാഗമായി കാര്‍ഡില്‍ പുതുതായി പേര് ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യാവുന്നതാണ്. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഹാജരാക്കണം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്കായി ക്യാമ്പില്‍ കൊണ്ടുവരേണ്ടതുമാണ്. ഫോട്ടോ എടുക്കുന്നതിനായി ക്യമ്പില്‍ എത്തുന്നവര്‍ നിലവിലെ റേഷന്‍കാര്‍ഡ്, പൂരിപ്പിച്ച അപേക്ഷാ ഫോറം, ഫോട്ടോ പതിച്ച തിരിച്ചറിയല്‍രേഖ എന്നിവ കൊണ്ടുവരണം.
2015 ജനുവരി ഒന്നിന് രണ്ട് വയസ് പൂര്‍ത്തിയായതും 12 വയസ് കഴിയാത്തതുമായ കുട്ടികളുടെ പേരുകള്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിന് ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കണം. മരണപ്പെട്ടവരുടെ പേരുകള്‍ നീക്കം ചെയ്യുന്നതിന് മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം വയ്ക്കണം.
റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിന് റേഷന്കടയുമായോ കുടുംബശ്രീ പ്രവര്‍ത്തകരുമായോ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ 1800-425-1550/1967 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: