ജനറല്‍ ആശുപത്രിയില്‍ ഡയറ്ററി അടുക്കള സജ്ജമായി

Wednesday 19 October 2011 11:09 pm IST

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ അത്യാധുനിക ഡയറ്ററി അടുക്കള ഉദ്ഘാടനത്തിനു സജ്ജമായി. രോഗികള്‍ക്കു മൂന്നു നേരത്തെ ഭക്ഷണവും വൈകുന്നേരത്തെ ചായയും കിടക്കക്കരികിലെത്തിക്കുംവിധം വന്‍ സംവിധാനമാണിവിടെ സജ്ജമാക്കുന്നതെന്നു ജില്ലാ കളക്ടര്‍ ഷെയ്ക്്‌ പരീത്‌ പറഞ്ഞു. പ്രതിദിനം 500 രോഗികള്‍ക്കു ഭക്ഷണം നല്‍കാന്‍ 20,000 രൂപ ചെലവുവരും. ഈ തുക സ്പോണ്‍സര്‍മാരെ കണ്ടെത്തി സമാഹരിക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. എം.ഐ. ജൂനൈദ്‌ റഹ്മാന്‍ പറഞ്ഞു. ഉദ്ഘാടന ദിനത്തിലെ ഭക്ഷണത്തിന്റെ ചെലവ്‌ ആശുപത്രി ജീവനക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുക്കള പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ പുറമെ നിന്നുളള ഒരു ഭക്ഷണവും ആശുപത്രിയില്‍ അനുവദിക്കുന്നതല്ല. ഇതോടെ ഇന്ത്യയില്‍ തന്നെ ഈ നിലവാരത്തിലെത്തുന്ന ഏക സര്‍ക്കാര്‍ ആശുപത്രിയാകും എറണാകുളം ജനറല്‍ ആശുപത്രി. ഭക്ഷ്യമാലിന്യം പലയിടത്തായി ഉപേക്ഷിക്കുന്നരീതി ഇതോടെ ഇല്ലാതാകും. മാലിന്യം ഒറ്റസ്ഥലത്ത്‌ ശേഖരിച്ച്‌ സംസ്കരിക്കാനും ഇതുവഴി കഴിയും. ഇതിനായി പ്രത്യേക ബയോഗ്യാസ്‌ പ്ലാന്റ്‌ നിര്‍മിക്കാനും ലക്ഷ്യമുണ്ടെന്ന്‌ ഡോ. ജൂനൈദ്‌ പറഞ്ഞു.
ആശുപത്രി അടുക്കളയുടെ പ്രവര്‍ത്തനത്തില്‍ പ്രായോജകരായി പൊതുജനങ്ങളെയും സഹകരിപ്പിക്കാന്‍ ആലോചനയുണ്ട്‌. വിശേഷദിവസങ്ങള്‍, ഓര്‍മദിവസം തുടങ്ങിയവയ്ക്കു അന്നദാനം നടത്തുന്നവര്‍ക്കു ഇതിനു അവസരം നല്‍കും. അതിനൊപ്പം സ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പാക്കും.
2005-ല്‍ ആരംഭിച്ച വിശപ്പില്ലാത്ത കേരളം പദ്ധതിയുടെ മാതൃകയിലാവും പ്രായോജകരെ കണ്ടെത്തുക. അന്ന്‌ എല്ലാ ജില്ലകളിലും പ്രധാന സര്‍ക്കാര്‍ ആശുപത്രിയില്‍ കൂട്ടിരിപ്പുകാര്‍ക്കു ഭക്ഷണം നല്‍കുന്ന പദ്ധതിക്കു തുടക്കമിട്ടെങ്കിലും ഇതുവരെയും മുടങ്ങാതെ ഭക്ഷണവിതരണം നടക്കുന്നത്‌ എറണാകുളം ജനറല്‍ ആശുപത്രിയില്‍ മാത്രമാണ്‌.
ജില്ലാ ആശുപത്രിയിലെ സീനിയര്‍ ഡയേറ്റെഷ്യന്‍ ശോശാമ്മ തോമസിന്റെ നേതൃത്വത്തിലുളള അഞ്ചംഗ ഡയേറ്റെഷ്യന്മാരാണ്‌ രോഗികളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ഭക്ഷണക്രമം നിശ്ചയിക്കുകയെന്ന്‌ പദ്ധതിയുടെ സാങ്കേതിക ഉപദേശക മുംതാസ്‌ പറഞ്ഞു. രോഗി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടാല്‍ 24 മണിക്കൂറിനകം ഡയേറ്റെഷ്യന്മാര്‍ സന്ദര്‍ശിച്ച്‌ ഭക്ഷണം ഏതെന്നു നിശ്ചയിച്ചിരിക്കും. ഇതനുസരിച്ചായിരിക്കും തുടര്‍ന്നുളള ദിവസങ്ങളില്‍ ഭക്ഷണം. 80 ശതമാനം രോഗികള്‍ക്കും സാധാരണ ഭക്ഷണമാണ്‌ വേണ്ടതെങ്കിലും 20 ശതമാനം പേര്‍ക്കു അവരുടെ രോഗത്തിനനുസൃതമായി ഭക്ഷണത്തിലും മാറ്റം വരും.
മണിക്കൂറില്‍ 1000 ചപ്പാത്തിവരെയുണ്ടാക്കാവുന്ന ചപ്പാത്തി മേക്കറാണ്‌ ഊട്ടുപുരയുടെ ആകര്‍ഷണം. 50 കിലോ അരി ഒരേ സമയം വേവിക്കാവുന്ന റൈസ്‌ ബോയിലര്‍, 200 ഇഡലി തയ്യാറാക്കാവുന്ന ഇഡലി സ്റ്റീമര്‍ എന്നിവയും ഊട്ടുപുരയിലുണ്ട്‌. അടുക്കളയിലെ ചൂട്‌ പുറന്തളളി ശുദ്ധവായു പ്രവാഹത്തിനുളള സംവിധാനമുളളതിനാല്‍ സാധാരണ അടുക്കളയിലേതുപോലെ ചൂടുണ്ടാവുകയുമില്ല.
രാവിലെ 6.30 മുതല്‍ 7.30 വരെയാണ്‌ പ്രഭാത ഭക്ഷണം. ചപ്പാത്തി, ഇഡലി, പുട്ട്‌, ഉപ്പുമാവ്‌ എന്നിവയും ഓരോ ദിവസം മാറിമാറി നല്‍കും. 12 മുതല്‍ ഒരു മണിവരെയുളള ഉച്ചഭക്ഷണത്തില്‍ ചോറ്‌, സാമ്പാര്‍, മെഴുക്കുപുരട്ടി, തോരന്‍, മോരുംവെളളം എന്നിവയുണ്ടാകും. രാത്രി ചപ്പാത്തിയും പച്ചക്കറിയുമാണ്‌ ഭക്ഷണം. ഒരു ചപ്പാത്തി 40 ഗ്രാം തൂക്കം വരുന്നതായിരിക്കും. അടുക്കളയിലേക്ക്‌ നാല്‌ കുക്ക്‌, 10 സര്‍വീസുകാര്‍, നാല്‌ ഹെല്‍പ്പര്‍മാര്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ആശുപത്രിയില്‍ ഭക്ഷണം നല്‍കുന്ന റോസറി ഡിവൈന്‍, സായി ട്രസ്റ്റ്‌ എന്നിവയുടെ സഹകരണം ഊട്ടുപുരയുടെ പ്രവര്‍ത്തനത്തിലുണ്ടാകും. എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാ രോഗികള്‍ക്കും ഭക്ഷണം നല്‍കുന്നുവെന്നതാണ്‌ ഈ ഊട്ടുപുരയുടെ പ്രത്യേകത.
പി. രാജീവ്‌ എം.പി.യുടെ പ്രാദേശിക വികസന നിധിയില്‍ നിന്നനുവദിച്ച 15 ലക്ഷം രൂപയും കൊച്ചി റിഫൈനറി നല്‍കിയ 10 ലക്ഷ ം രൂപയും ഉപയോഗിച്ചാണ്‌ അത്യാധുനിക ഊട്ടുപുര നിര്‍മിച്ചത്‌. അഞ്ചു ലക്ഷം രൂപ ആശുപത്രി വികസന സമിതിയില്‍നിന്നും അനുവദിച്ചിരുന്നു. 783 ബെഡ്ഡുളള ആശുപത്രിയില്‍ നിത്യവും ശരാശരി 500 പേര്‍ക്കു ഭക്ഷണം നല്‍കേണ്ടി വരുമെന്നാണ്‌ പ്രാഥമിക വിലയിരുത്തലെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്‌ പരീത്‌ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.