പാലം നിര്‍മ്മാണം; താത്ക്കാലിക ഗതാഗത സംവിധാനം ദുരിതമാകുന്നു

Thursday 1 January 2015 3:32 pm IST

ചെങ്ങന്നൂര്‍: പുത്തന്‍വീട്ടില്‍പടി പഴവനപാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന താത്ക്കാലിക ഗതാഗത സംവിധാനം യാത്രക്കാര്‍ക്കും, വാഹന ഡ്രൈവര്‍മാര്‍ക്കും ദുരിതമാകുന്നു. എംസി റോഡില്‍ പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ തിരുവല്ല ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കല്ലിശ്ശേരിയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മിത്രപ്പുഴ പാലത്തിലൂടെ ശബരിമല വില്ലേജ് റോഡില്‍ എത്തിച്ചേരണം. ഇവിടെ നിന്നും ചെങ്ങന്നൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അങ്ങാടിക്കല്‍ ഭഗവതി ക്ഷേത്രത്തിനുസമീപമുള്ള കോലാമുക്കം-അങ്ങാടിക്കല്‍ റോഡിലൂടെയും മറ്റുള്ളവ പുത്തന്‍കാവ് വഴിയുമാണ് കടത്തിവിടുന്നത്. കല്ലിശ്ശേരി-കുറ്റിക്കാട്ട് പടി, കോലാമുക്കം-അങ്ങാടിക്കല്‍ റോഡുകളാണ് തകര്‍ന്ന് കിടക്കുന്നത്. താത്ക്കാലിക ഗതാഗത സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ റോഡിന്റെ അറ്റകുറ്റപണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറായില്ല. ടാറുകള്‍ ഇളകി കുണ്ടും കുഴിയുമായിരിക്കുകയാണ് റോഡുകള്‍. വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഇതുവഴി കടത്തിവിടാന്‍ ആരംഭിച്ചതോടെ റോഡ് കൂടുതല്‍ തകര്‍ന്നിട്ടുണ്ട്. കോലാമുക്കത്തുളള ജല അതോറിറ്റിയിയുടെ പമ്പ് ഹൗസില്‍ നിന്നും മലയില്‍ ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈന്‍ കടന്നുപോകുന്നത് ഈറോഡിലൂടെയാണ്. റോഡിന്റെ ശോചനീയവസ്ഥയും വലിയ വാഹനങ്ങള്‍ ഉള്‍പ്പടെ കടന്നുപോകുകയും ചെയ്യുന്നതോടെ ഈപൈപ്പ് തകര്‍ച്ച ഭീഷണിയിലാണ്. റോഡുകളില്‍ വൈദ്യുതി കമ്പികള്‍ താഴ്ന്നുകിടക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ തട്ടി കമ്പികള്‍ പൊട്ടുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ മൂന്നു സ്ഥലങ്ങളില്‍ ഇത്തരത്തില്‍ വൈദ്യുത ലൈന്‍ കമ്പികള്‍ പൊട്ടി ഗതാഗത തടസ്സം ഉണ്ടായി. ഇത് അപകടഭീഷണിയും ഉയര്‍ത്തുന്നു. വീതികുറഞ്ഞ റോഡിലെ പോസ്റ്റുകളിലെ വഴിവിളക്ക് റോഡിലേക്ക് തള്ളിനില്‍ക്കുന്നതു അപകടത്തിനു കാരണമാകുന്നു. റാഡിന്റെ വീതികുറവ് മൂലം ഇതുവഴി കടന്നുപോയ ബസ്സ് സമീപമുളള കടമുറികളുടെ ഓടുകള്‍ തകര്‍ത്തിരുന്നു. ശാസ്താംകുളങ്ങര നരസിംഹസ്വാമി ക്ഷത്രത്തിന് സമീപം മരച്ചില്ലകളും മറ്റും റോഡിന് കുറുകെയാണ് വളര്‍ന്നുനില്‍ക്കുന്നത്. ബസ്സ് ഉള്‍പ്പടെയുളള വലിയ വാഹനങ്ങളുടെ മുകള്‍ വശം ഈമരച്ചില്ലകളില്‍ തട്ടുന്നു. താത്ക്കാലിക ഗതാഗത സംവിധാനം ഒരുക്കുമ്പോള്‍ മുന്‍കരുതല്‍ നടപടിയെന്നവണ്ണം വാഹനങ്ങള്‍ കടത്തിവിടുന്ന റോഡുകളുടെ അറ്റകുറ്റപണികളോ മറ്റ് സംവിധാനങ്ങളോ ഒരുക്കാത്ത അധികൃതരുടെ നിലപാടില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.