മകരവിളക്ക് മഹോത്സവം; കെഎസ്ആര്‍ടിസി തയ്യാറെടുപ്പുകള്‍ ആരംഭിച്ചു

Thursday 1 January 2015 9:08 pm IST

ശബരിമല:മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള ഭക്തജനപ്രവാഹം മുന്‍നിര്‍ത്തി കെഎസ്ആര്‍ടിസി തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നിലയ്ക്കല്‍ -പമ്പ റൂട്ടിലും ദീര്‍ഘദൂരസര്‍വീസുകള്‍ക്കും കൂടുതല്‍ ബസുകള്‍ അനുവദിക്കും. കൂടുതല്‍ ലോ-ഫ്‌ളോര്‍ ബസുകളും സര്‍വീസ് നടത്തും. നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ഇപ്പോള്‍ 150 ബസുകളാണ് സര്‍വീസ് നടത്തുന്നത്. 100ബസുകള്‍കൂടി അനുവദിക്കാനാണ് തീരുമാനം. നിലയ്ക്കല്‍ പ്രധാന പാര്‍ക്കിംഗ് സ്റ്റേഷനാണ്. അതിനാല്‍ ത്രിവേണിയില്‍ നിന്നും നിലയ്ക്കലേക്ക് ഭക്തരെ എത്തിക്കേണ്ടതുണ്ട്. പമ്പയില്‍ തിരക്ക് ഒഴിവാക്കാനും ഈ സര്‍വീസുകള്‍ പ്രയോജനപ്പെടും. ആവശ്യമെന്നുകണ്ടാല്‍ കൂടുതല്‍ ബസുകള്‍ അടുത്ത ഡിപ്പോകളില്‍നിന്ന് സര്‍വീസിനെത്തിക്കും. ദീര്‍ഘദൂരബസ് സര്‍വീസുകളും വര്‍ദ്ധിപ്പിക്കും. പുതിയതായി 100 ബസുകളാണ് ഇതിന് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 20 ബസുകള്‍വീതം കോട്ടയം, ചെങ്ങന്നൂര്‍ ഡിപ്പോകള്‍ക്ക് നല്‍കി. ഇപ്പോള്‍ 10 ലോ-ഫ്‌ളോര്‍ ബസുകളാണ് സര്‍വീസ് നടത്തുന്നത്. 10ബസുകള്‍കൂടി നല്‍കും. ലോ-ഫ്‌ളോര്‍ ബസ് സര്‍വീസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോള്‍ തിരുവനന്തപുരം,ചെങ്ങന്നൂര്‍,കോട്ടയം, എറണാകുളം കേന്ദ്രങ്ങളില്‍നിന്നാണ് ലോ-ഫ്‌ളോര്‍ ബസ് സര്‍വീസുള്ളത്. അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ബാംഗ്ലൂര്‍, തെങ്കാശി, പഴനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നുമാണ് കെഎസ്ആര്‍ടിസി പമ്പസര്‍വീസ് നടത്തുന്നത്. തെങ്കാശിയില്‍നിന്നും 4 ബസുകളും മറ്റ് സ്ഥലങ്ങളില്‍നിന്നും 2 ബസുകള്‍ വീതവുമാണ് പമ്പയ്ക്കുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.