തൈക്കാട്ടുശേരി-തുറവൂര്‍ പാലം നിര്‍മ്മാണം അവസാനഘട്ടത്തില്‍

Thursday 1 January 2015 9:19 pm IST

നിര്‍മ്മാണം പുരോഗമിക്കുന്ന തൈക്കാട്ടുശേരി- തുറവൂര്‍ പമ്പാപാലം

പൂച്ചാക്കല്‍: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തൈക്കാട്ടുശേരി-തുറവൂര്‍ പാലം നിര്‍മ്മാണം അവസാനഘട്ടത്തില്‍. 151 കോടി രൂപ മുടക്കിയുള്ള തുറവൂര്‍-പമ്പാ പാതയുടെ ആദ്യഭാഗമായാണ് തൈക്കാട്ടുശേരി-തുറവൂര്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. 49.5 കോടി രൂപമുടക്കി നബാര്‍ഡിന്റെ സഹായത്തോടെയാണ് പാലം നിര്‍മ്മാണം പുരോഗിമിക്കുന്നത്. കൈതപ്പുഴക്കായലിന് കുറുകെ 350 മീറ്റര്‍ നീളത്തില്‍ 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്.

പാലത്തിന്റെ ആകെ 27 ബീമുകളില്‍ ഒരു ബീമും ഒന്‍പത് സ്ലാബുകളില്‍ ഒരെയണ്ണവും പാലത്തിന്റെ കൈവരി നിര്‍മ്മാണവുമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. അതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. അപ്രോച്ച് റോഡിന്റെ കല്‍ക്കെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുറവൂര്‍ ഭാഗത്ത് 80 ശതമാനവും പൂര്‍ത്തിയായി. തുറവൂര്‍ ഭാഗത്ത് 500 മീറ്ററും തൈക്കാട്ടുശേരി ഭാഗത്ത് 200 മീറ്ററുമാണ് അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നത്. എറണാകുളം ഇടപ്പള്ളിയിലെ സെഗൂറ ഫൗണ്ടേഷനാണ് പാലത്തിന്റെ നിര്‍മ്മാണച്ചുമതല. അപ്രോച്ച് റോഡിന് സ്ഥലം വിട്ടുകൊടുത്തവര്‍ക്ക് ധനസഹായത്തിന്റെ ആദ്യഘട്ടം വിതരണം ചെയ്തു. അടുത്തവര്‍ഷം ആദ്യം പാലം ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

തുറവൂര്‍- പമ്പാ പാതയുടെ രണ്ടാം ഘട്ടമായ മാക്കേക്കടവ്-നേരെകടവ് പാലം നിര്‍മ്മാണത്തിന്റെ  ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. വേമ്പനാട്ട് കായലില്‍ 850 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്. ഇതിനായി 99.2 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അപ്രോച്ച് റോഡിനും പാലം നിര്‍മ്മാണത്തിനും ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഉത്തരവ് കഴിഞ്ഞ ദിവസമിറങ്ങിയിരുന്നു. റെവന്യ-പൊതുമരാമത്ത് അധികൃതര്‍ സ്ഥലത്തെത്തി അതിരുകല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉടനെ ആരംഭിക്കും. ഈ പാത പൂര്‍ത്തിയാകുന്നതോടെ ദേശീയപാത തുറവൂരില്‍ നിന്ന് അരമണിക്കൂറിനുള്ളില്‍ കോട്ടയം ജില്ലയിലെത്താല്‍ കഴിയും. നിലവില്‍ വാഹനയാത്രക്കാര്‍ കോട്ടയം ജില്ലയില്‍ നിന്ന് ആലപ്പുഴ ജില്ലയിലെത്താനും തിരിച്ച് കോട്ടയം ജില്ലയിലേക്ക് പോകുന്നതിനും ആശ്രയിക്കുന്നത് മാക്കേക്കടവില്‍ നിന്നുള്ള ജങ്കാര്‍ സര്‍വീസാണ് ആശ്രയിക്കുന്നത്. തൈക്കാട്ടുശേരിയില്‍ നിന്ന് തുറവൂരിലെത്താനുമുള്ള ചങ്ങാട സര്‍വീസാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.