ശക്തമായ വിഭാഗീയതക്കിടയില്‍ സിപിഎം ഏരിയ സമ്മേളനം ഇന്ന്

Thursday 1 January 2015 9:58 pm IST

കൊട്ടാരക്കര: ശക്തമായ വിഭാഗീയതക്കിടയില്‍ സിപിഎം കൊട്ടാരക്കര ഏരിയ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. കയ്യാങ്കളിവരെ എത്തിയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ലോക്കല്‍ സമ്മേളനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയാണ് ഇന്ന് ഏരിയ സമ്മേളനം നടക്കുന്നത്. ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സെക്രട്ടറിമാര്‍ ഭൂരിപക്ഷവും വിഎസിനൊപ്പമാണങ്കിലും സമ്മേളന പ്രതിനിധികളില്‍ കൂടുതലും പിണറായി പക്ഷത്തിനൊപ്പമാണ്. മത്സരം ഒഴിവാക്കാനാണ് ജില്ലാ നേതൃത്വം കിണഞ്ഞ് ശ്രമിക്കുന്നത്. മത്സരിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തേക്ക് എന്ന ശക്തമായ നിലപാട് എടുത്താണ് ലോക്കല്‍ സമ്മേളനങ്ങള്‍ പോലും പൂര്‍ത്തികരിക്കാനായത്. ഇത് മറികടന്നും തങ്ങള്‍ക്ക് ഹിതകരമായത് നടന്നില്ലങ്കില്‍ മത്സരിക്കാന്‍ തന്നെയാണ് ഇരുപക്ഷവും കരുക്കള്‍ നീക്കുന്നത്. നെടുവത്തൂര്‍ ഏരിയ കമ്മറ്റിയും ജില്ലാനേതൃത്വത്തിന്റെ സഹായത്തൊടെ അച്ചടക്കത്തിന്റ വാള്‍ കാട്ടി വിഎസില്‍ നിന്ന് മറുവിഭാഗം പിടിച്ചെടുത്തിരുന്നു. പതിനൊന്ന് ലോക്കല്‍ കമ്മറ്റികളില്‍ നിന്നായി 151 പ്രതിനിധികളും 21 ഏരിയ കമ്മറ്റി അംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മേലില, ചക്കുവരക്കല്‍, തൃക്കണ്ണമംഗല്‍, കുളക്കട, കോട്ടാത്തല, മൈലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളില്‍ ഭൂരിപക്ഷം ഔദ്യോഗിക പക്ഷത്തിനൊപ്പമാണ്. വാളകം, ഉമ്മന്നൂര്‍,വെട്ടിക്കവല, മാവടി എന്നിവിടങ്ങളില്‍ വിഎസ് പക്ഷത്തിനാണ് മേല്‍ക്കൈ. 21 അംഗ ഏരിയ കമ്മറ്റിയില്‍ 12 പേര്‍ ഔദ്യോഗിക പക്ഷത്തും 9 പേര്‍ മറുപക്ഷത്തുമാണങ്കിലും 12ല്‍ നിഷ്പക്ഷരായി നിലകൊള്ളുന്ന ഐഷാപോറ്റി എംഎല്‍എ അടക്കമുള്ളവരുടെ കൂറ് എങ്ങോട്ടാണന്ന് വ്യക്തമായിട്ടില്ല. വിഎസിന്റ വിശ്വസ്തയായി അറിയപെട്ടിരുന്നെങ്കിലും കഴിഞ്ഞതവണ ഏരിയ കമ്മറ്റി പിണറായിപക്ഷം പിടിച്ചതൊടെ ഇവര്‍ നിലപാട് മാറ്റി നിഷ്പക്ഷയായി നിലകൊള്ളുകയായിരുന്നു. കുളക്കട, വെട്ടിക്കവല, തൃക്കണ്ണമംഗല്‍ എന്നിവിടങ്ങളില്‍ ലോക്കല്‍ സമ്മേളനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കുളക്കടയില്‍ സമ്മേളന ഹാളിലെ മെയിന്‍സ്വിച്ച് ഓഫ് ചെയ്ത് വരെ കയ്യാങ്കളി നടന്നിരുന്നു. ഒടുവില്‍ നേതൃത്വം ഇടപെട്ട് കര്‍ശന താക്കീത് നല്‍കിയാണ് മാറ്റി വച്ച സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയത്. സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്‍ എത്തി വിഭാഗീയതക്ക് ചൂട്ട് പിടിക്കുന്നവരുടെ സ്ഥാനം പുറത്തെക്കാണന്ന് നേതാക്കളെ ഓര്‍മ്മിപ്പിക്കുകയും കൊട്ടാരക്കരയിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ജില്ലാസെക്രട്ടേറിയറ്റ് യോഗം വിളിക്കുകയും ചെയ്തു. വിഎസ് പക്ഷത്തെ പ്രമുഖനായിരുന്ന സി.മുകേഷിനെ സ്ത്രീവിഷയം ഉള്‍പ്പടെയുള്ള പരാതിയില്‍പെടുത്തിയ ശേഷമാണ് ഏരിയകമ്മറ്റി കഴിഞ്ഞ തവണ പിണറായി പക്ഷം പിടിച്ചെടുത്തത്. അന്ന് ഒപ്പം നിന്ന ചിലര്‍ മറുപക്ഷത്തേക്ക് ചാടി നിലവിലെ കമ്മറ്റിക്കെതിരെ രംഗത്തെത്തിയതാണ് ലോക്കല്‍ സമ്മേളനങ്ങള്‍ മത്സര ചൂടിലേക്ക് മാറി സംഘര്‍ഷത്തില്‍ വരെ എത്താന്‍ കാരണം. ഇന്നും നാളെയുമായാണ് സമ്മേളനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.