കെഎസ്ആര്‍ടിസി ഡിപ്പോ ഇരുട്ടില്‍

Thursday 1 January 2015 10:06 pm IST

ചാത്തന്നൂര്‍: കെഎസ്ആര്‍ടിസി ചാത്തന്നൂര്‍ ഡിപ്പോ ഇരുട്ടില്‍. പരിഹാരമില്ലാതെ അധികൃതര്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുകയും ആയിരക്കണക്കിന് യാത്രക്കാര്‍ നിത്യവും എത്തിച്ചേരുകയും മുന്നൂറിലേറെ ജീവനക്കാര്‍ ജോലിചെയ്യുന്നതുമായ ഡിപ്പോയില്‍ വൈദ്യുതി നിലച്ചാല്‍ പകരം സംവിധാനമില്ല. വിളക്കുകള്‍ നാമമാത്രമാണ്. ദിനംപ്രതി നാല്‍പതിലേറെ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഡിപ്പോയില്‍ എംപാനല്‍ ജീവനക്കാരടക്കം 160ലധികം കണ്ടക്ടര്‍മാരുണ്ട്. ഇതില്‍ മുപ്പതിലധികംപേര്‍ വനിതകളാണ്. ഇവരുടെയും ഡ്യൂട്ടി തീരുന്നത് രാത്രി എട്ടിനുശേഷമാണ്. ക്യാഷ് കൗണ്ടറിനോട് ചേര്‍ന്ന് നിന്നുതിരിയാന്‍ ഇടമില്ലാത്ത ഒരു മുറിയില്‍ ഒരു ഡസ്‌കും ബഞ്ചും മിന്നാമിനുങ്ങിന്റെ വെട്ടമുള്ള ഒരു അറുപത് വാട്‌സിന്റെ ലൈറ്റും മാത്രമാണുള്ളത്. ഇവിടെയാണ് വനിതാജീവനക്കാര്‍ അടക്കമുള്ളവര്‍ പണം എണ്ണിതിട്ടപ്പെടുത്തുന്നത്. കറന്റ് പോയാല്‍ മെഴുകുതിരി വെട്ടത്തിലും മൊബൈല്‍ഫോണ്‍ വെട്ടത്തിലുമാണ് പണം എണ്ണുന്നത്. അതുകൊണ്ടുതന്നെ ഒട്ടുമിക്ക ജീവനക്കാരും പ്രത്യേകിച്ച് സ്ത്രീകള്‍ ബാഗില്‍ മെഴുകുതിരിയും തീപ്പെട്ടിയും കരുതിയാണ് ജോലിക്കെത്തുന്നത്. കറന്റില്ലാത്ത ദിവസങ്ങളില്‍ ഇവര്‍ വീട്ടിലേക്കുപോകുന്നത് മണിക്കൂറുകള്‍ വൈകിയാണ്. രാത്രികാലങ്ങളില്‍ ഡിപ്പോയിലെത്തുന്ന യാത്രക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഓഫീസിനോടും ക്യാഷ് കൗണ്ടറിനോടും ചേര്‍ന്ന് തന്നെയാണ് കാത്തിരിപ്പുകേന്ദ്രവും. ഇവിടെയുള്ള മൂന്ന് ട്യൂബ് ലൈറ്റുകളില്‍ കത്തുന്നത് ഒന്നുമാത്രം. ബാക്കിയുള്ള ട്യൂബ് ലൈറ്റുകളുടെ നിസാരമായ അറ്റകുറ്റപ്പണികള്‍പോലും നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ദിവസവും വരുമാനമുള്ള ഇവിടെ ക്യാഷ് കൗണ്ടറില്‍ ഷിഫ്റ്റ് അനുസരിച്ച് ജോലിചെയ്യുന്നത് വനിതകളാണ്. ഇത്തരം അവസ്ഥകളില്‍ കറന്റുകൂടി ഇല്ലാതെവരുന്നത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇവിടെ ലൈറ്റുകള്‍ മാറുന്നതും അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതും ജീവനക്കാരുടെ കീശയില്‍ നിന്നും പണം ചിലവാക്കിയാണെന്നും ആക്ഷേപമുണ്ട്. വാഹനങ്ങളുടെ പ്രധാനപ്പെട്ട അറ്റകുറ്റപ്പണികള്‍ ചെയ്യുന്നത് രാത്രിയിലാണെന്നത് ഈ ദുരിതത്തിന് ആക്കം കൂട്ടുന്നു. ഒരു ഇന്‍വര്‍ട്ടര്‍ സംവിധാനമെന്ന ആശയത്തിന് ഡിപ്പോയോളം പഴക്കമുണ്ട്. പുരുഷ ജീവനക്കാര്‍ക്ക് ശൗചാലയം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതായിട്ട് ഒരു വര്‍ഷത്തിലധികമായി. റോഡിനോട് ചേര്‍ന്നുള്ള ഒരു ചെറിയ ശൗചാലയമാണ് ഇപ്പോഴുള്ളത്. അതിന്റെ ചുറ്റിനും കാട് വളര്‍ന്ന് കിടക്കുന്നു. സര്‍ക്കാര്‍ വനിതാക്ഷേമത്തിനായി അനുവദിച്ച പ്രത്യേക ഫണ്ടുപയോഗിച്ച് വനിതായാത്രക്കാരുടെ വിശ്രമകേന്ദ്രമായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് നിലവില്‍ എടിഒ ഓഫീസും കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറുടെ ഓഫീസും പ്രവര്‍ത്തിക്കുന്നത്. വനിതാ ജീവനക്കാര്‍ക്കും സ്ത്രീയാത്രക്കാര്‍ക്കും വിശ്രമിക്കാനുള്ള കേന്ദ്രമാണ് കയ്യേറിയിരിക്കുന്നത്. ഇവിടെ സ്ത്രീകളുടെ സുരക്ഷിതത്വത്തിനായി വനിതാ സെക്യൂരിറ്റിയെ നിയമിക്കണമെന്ന ആവശ്യവുമായി വനിതാജീവനക്കാരും രംഗത്തുണ്ട്. ഡിപ്പോകളുടെ വികസനം ലക്ഷ്യമാക്കി നിര്‍മ്മിച്ച ഗ്യാരേജിന്റെ അടിസ്ഥാനനിര്‍മ്മാണത്തിന് മുമ്പെ തകര്‍ന്നത്, ഉദ്യോഗസ്ഥന്മാര്‍ നടത്തുന്ന അഴിമതിക്ക് മുഖ്യഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ദിവസവും അഞ്ചുലക്ഷത്തിനും പത്തുലക്ഷത്തിനുമിടയില്‍ വരുമാനമുള്ള ഡിപ്പോയില്‍ രാപ്പകലില്ലാതെ അധ്വാനിച്ചുകൊണ്ട് ഈ തുകയുമായെത്തുന്ന ജീവനക്കാര്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ എത്രയും വേഗം ഒരുക്കണമെന്ന് തൊഴിലാളികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.