നവീകരിച്ച വസന്തോത്സവം പവലിയനില്‍ ജനത്തിരക്കേറുന്നു

Thursday 1 January 2015 10:32 pm IST

കൊച്ചി: ജനത്തിരക്കു പ്രമാണിച്ച് ജനുവരി നാലു വരെ നീട്ടിയ വസന്തോത്സവം പവലിയനില്‍ പുതുമയുടെ വിസ്മയക്കാഴ്ചകളാണ് ഒരിക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് കാഴ്ചപ്പൂരമൊരുക്കിയാണ് വസന്തോത്സവ വേദി വീണ്ടും സജീവമായി. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ക്രിസ്മസ്-ന്യൂ ഇയര്‍ പരിപാടിയായ ''വസന്തോത്സവം-2014''ല്‍ ഇന്നലെയും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. 31ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ പവലിയനില്‍ നടന്ന നവവത്സരാഘോഷവും ഏറെ ശ്രദ്ധേയമായി. അരുണ്‍ അശോകിന്റെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ ഗാനങ്ങളും നൃത്തവും അമ്പരപ്പിക്കുന്ന അഭ്യാസപ്രകടനങ്ങളും പ്രേക്ഷകര്‍ക്ക് നവവത്സരാഘോഷത്തിന്റെ ഉല്ലാസം പകര്‍ന്നു. കൃത്യം പന്ത്രണ്ടിന് കരിമരുന്നു കലാപ്രകടനത്തോടെയാണ് സന്ദര്‍ശകരും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് നവവത്സരത്തെ വരവേറ്റത്. കൂറ്റന്‍ സിംഹത്തിന്റെയും മയിലിന്റെയുമൊക്കെ പുഷ്പാലംകൃത രൂപം കാണാനും ഫോട്ടോയെടുക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് പുത്തന്‍ രീതിയിലാണ് പുഷ്പമേള പവലിയന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. നവവത്സര സന്ദേശങ്ങളടങ്ങുന്ന പുഷ്പക്രമീകരണങ്ങളും നഴ്‌സറി വൈവിധ്യങ്ങളും കാഴ്ചക്കാര്‍ക്ക് കൗതുകമേകും. അലങ്കാരമത്സ്യപ്രദര്‍ശനം, കയര്‍ ഫെസ്റ്റ്, വ്യാപാരവിപണനമേള, കഫേ കുടുംബശ്രീ സംസ്ഥാനതല ഭക്ഷ്യമേള, കലാസന്ധ്യ തുടങ്ങി ഒട്ടനവധി ആകര്‍ഷണങ്ങള്‍ വസന്തോത്സവത്തില്‍ സജീവമാണ്. ഇന്നു വൈകുന്നേരം ഏഴിന് നൃത്തവും സംഗീതവും ഉള്‍പ്പെടുന്ന മെഗാഷോ വേദിയില്‍ നടക്കും. ചവിട്ടുനാടകവും ഇന്‍സ്ട്രമെന്റല്‍ ഫ്യൂഷനുമാണ് മൂന്നിനും നാലിനുമുള്ള കലാപരിപാടികള്‍. ജനുവരി നാലിന് വസന്തോത്സവം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.