ധോണി പിണങ്ങിപ്പോയതോ?

Thursday 1 January 2015 10:52 pm IST

ഇന്ത്യന്‍ ടീമംഗങ്ങള്‍ ഓസീസ് പ്രധാനമന്ത്രി ടോണി അബോട്ടിനൊപ്പം

സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ തീരുമാനത്തില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്ന ബിസിസിഐയുടെ വാദത്തിന്റെ ചിറകറ്റു തുടങ്ങി. പഞ്ചദിന മത്സരങ്ങളെ ഉപേക്ഷിക്കാന്‍ ധോണി പൂര്‍ണ മനസോടെ തീരുമാനിച്ചതല്ലെന്ന് സൂചിപ്പിക്കുന്ന പുതിയ വാര്‍ത്തകളിലൊന്ന് പുറത്തുവന്നു.

ആസ്‌ട്രേലിയന്‍ മണ്ണില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും സ്വന്തം ടീമിനും ഓസീസ് പ്രധാനമന്ത്രി ടോണി അബോട്ട് ഒരുക്കിയ ചായസത്ക്കാരത്തില്‍ ധോണി പങ്കെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. സിഡ്‌നി ടെസ്റ്റിന് മുന്‍പേ ധോണി നാട്ടിലേക്ക് വിമാനം കയറുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ ബിസിസിഐ അതു തള്ളിക്കളഞ്ഞു.

പുതുവത്സര ദിനത്തില്‍ ഉച്ചയ്ക്കുശേഷം തന്റെ ഔദ്യോഗിക വസതിയിലാണ് അബോട്ട് താരങ്ങള്‍ക്ക് ചായവിരുന്നൊരുക്കിയത്. അതിനുശേഷം അബോട്ടിന്റെ രണ്ടാം ഔദ്യോഗിക വസതിയായ കിരിബില്ലി ഹൗസില്‍ ഫോട്ടോ സെഷനുമുണ്ടായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ അബോട്ടിനോടൊപ്പമെടുത്ത ചിത്ര ബിസിസിഐയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റുചെയ്യുകയുമുണ്ടായി. പുതിയ ക്യാപ്ടന്‍ വിരാട് കോഹ്‌ലിയും ആസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും അബോട്ടിനൊപ്പം നില്‍ക്കുന്ന മറ്റൊരു ഫോട്ടോയും പുറത്തുവന്നു.

എന്നാല്‍ ഒരു ഫോട്ടോയിലും ധോണിയുണ്ടായില്ല. ചായ സത്ക്കാരം ധോണി ബഹിഷ്‌കരിച്ചെന്നു സംശയമുയരാന്‍ കാരണമിതാണ്. കോഹ്‌ലിയെ ടെസ്റ്റ് ടീം ക്യാപ്ടനാക്കാനുള്ള ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം തിരിച്ചറിഞ്ഞ് ധോണി വിരമിക്കുകയായിരുന്നു എന്ന വാര്‍ത്തകള്‍ ഏറെക്കുറെ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ അത്ര സുഖമുള്ള സാഹചര്യമല്ല നിലനിന്നതെന്ന നിഗമനങ്ങളെയും അവ സാധൂകരിക്കുന്നു. അതിനിടെ, പരമ്പര അവസാനിക്കുന്നതിനു മുന്‍പു ധോണിയെ തിരിച്ചയയ്ക്കുമെന്നു വാര്‍ത്തകളും വന്നു. ടീമിനൊപ്പം ധോണി സിഡ്‌നിയിലുണ്ട്. അതേസമയം, ധോണി ആസ്‌ട്രേലിയയില്‍ തുടരുമെന്ന് ബിസിസിഐ സെക്രട്ടറി സഞ്ജയ് പാട്ടീല്‍ പറഞ്ഞു. വൃദ്ധിമാന്‍ സാഹ മാത്രമേ നിലവില്‍ വിക്കറ്റ് കീപ്പറുടെ റോളിലുള്ളു. അതിനാല്‍ത്തന്നെ എമര്‍ജന്‍സി റിസര്‍വ് കീപ്പറുടെ റോളില്‍ ധോണി വേണം, പാട്ടീല്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.